ന്യൂഡല്‍ഹി: കേരളത്തിന്റെ വെട്ടിക്കുറച്ച മണ്ണെണ്ണ വിഹിതം പുനഃസ്ഥാപിക്കണമെന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ണ്ണായക യോഗം ഇന്ന്. പെട്രോളിയം സഹ മന്ത്രി രാമേശ്വര്‍ തെലിയാണ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍ കേന്ദ്ര പെട്രോളിയം സഹ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് യോഗം. മത്സ്യബന്ധന മേഖലയ്ക്ക് അടക്കം കൂടുതല്‍ മണ്ണെണ്ണ ആവശ്യമായി വരുന്ന സാഹചര്യത്തിലാണ് സംസ്ഥാനം ഇക്കാര്യം ഉന്നയിച്ചത്.
കഴിഞ്ഞ മൂന്ന് വര്‍ഷമായി സംസ്ഥാനത്തിന് അനുവദിച്ച പാദ വാര്‍ഷിക മണ്ണെണ്ണ ക്വാട്ട ഘട്ടം ഘട്ടമായി കേന്ദ്രസര്‍ക്കാര്‍ വെട്ടികുറച്ചിരുന്നു. മണ്ണെണ്ണ വില വര്‍ധിപ്പിച്ച നടപടി പുനഃപരിശോധിക്കണം എന്നും സംസ്ഥാനം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കേരളത്തിനുള്ള സബ്സിഡി മണ്ണെണ്ണ വിഹിതം കേന്ദ്രം ഓരോ മാസവും കുറച്ച് കൊണ്ടുവരികയാണെന്ന് മന്ത്രി ജി ആര്‍ അനില്‍ ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. കേന്ദ്രത്തില്‍ നിന്നുള്ള സബ്‌സിഡിയുള്ള മണ്ണെണ്ണ വിഹിതം 40 മുതല്‍ 60 ശതമാനം വരെ കുറഞ്ഞു.
ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുരിതപൂര്‍ണമാക്കിയിരിക്കുകയാണ്. മത്സ്യത്തൊഴിലാളികള്‍ പട്ടിണിയിലേക്ക് പോകുന്ന സ്ഥിതിയാണ് മണ്ണെണ്ണ വിഹിതത്തിലെ കുറവ് മൂലമുണ്ടാകുന്നതെന്ന് മന്ത്രി അനില്‍ ചൂണ്ടിക്കാട്ടി. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ വിമര്‍ശനം അടിസ്ഥാനരഹിതമാണ്. മണ്ണെണ്ണ കേരളത്തില്‍ കൃത്യമായി വിതരണം ചെയ്യുന്നുണ്ട്. കേരളത്തിന്നുള്ള മണ്ണണ്ണ സബ്‌സിഡി വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ കേന്ദ്രത്തില്‍ നിന്ന് അനുകൂലമായ നിലപാടില്ലെങ്കില്‍ അടുത്ത നടപടി ആലോചിക്കാമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന് അനുവദിക്കുന്ന അരി വിഹിതത്തില്‍ കൂടുതല്‍ ജയ അരി ഉള്‍ക്കൊള്ളിക്കാന്‍ ഭക്ഷ്യ പൊതു വിതരണ വകുപ്പ് സഹമന്ത്രിയോട് അദ്ദേഹം ഇന്നലത്തെ ചര്‍ച്ചയില്‍ അഭ്യര്‍ത്ഥിച്ചു. ഭക്ഷ്യ ധാന്യങ്ങളില്‍ 50 ശതമാനം പച്ചരി വേണം, ബാക്കി അന്‍പത് ശതമാനത്തില്‍ ജയ, സുലേഖ അരി നല്‍കണമെന്നുള്ള ആവശ്യം ജി ആര്‍ അനില്‍ കേന്ദ്ര ഭക്ഷ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇത് വേഗത്തില്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.