വികസനം തടയുന്നതിനാണ് കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് ലീഗ് എംപിമാര്‍ നിലകൊള്ളുന്നത് എന്ന് കുറ്റപ്പെടുത്തലുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ ഇടതുപക്ഷത്തിനെതിരെ എല്ലാ വലതുപക്ഷ ശക്തികളും ഒരുമിക്കുകയാണ്. ഒരു വികസനവും നാട്ടില്‍ നടക്കാന്‍ പാടില്ലെന്ന ചിന്തയാണ് അവര്‍ക്കെന്നും സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം കൂടിയായ പിണറായി വിജയന്‍ കുറ്റപ്പെടുത്തി. കണ്ണൂരില്‍ നടക്കുന്ന 23മത് പാര്‍ട്ടി കോണ്‍ഗ്രസില്‍ പതാക ഉയര്‍ത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയുടെ പ്രത്യയശാസ്ത്ര ശത്രു സിപിഐഎമ്മാണ്. കോണ്‍ഗ്രസും ലീഗും അവര്‍ക്കൊപ്പം നിലകൊള്ളുകയാണ്. കേരളത്തിന്റെ ഏതെങ്കിലും കാര്യത്തിന് കോണ്‍ഗ്രസ് ലീഗ് എംപിമാര്‍ ശബ്ദമുയര്‍ത്തിയോ എന്ന ചോദ്യം ഉന്നയിച്ച പിണറായി വിജയന്‍, അവര്‍ ശബ്ദം ഉയര്‍ത്തുന്നത് കേരളത്തിന്റെ വികസനം തടയാന്‍ വേണ്ടി മാത്രമാണെന്നും കുറ്റപ്പെടുത്തി. പ്രതിപക്ഷത്തെ പിന്തുണയുന്ന ജനങ്ങള്‍ പോലും സര്‍ക്കാരിനെ പിന്തുണയ്ക്കുകയാണ്. വികസനമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ജനവികാരത്തിന് എതിര് നില്‍ക്കുന്നവര്‍ ശോഷിച്ചു ഇല്ലാതാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ രാഷ്ട്രീയ അക്രമങ്ങളില്‍ ബിജെപിയെ കടന്നാക്രമിക്കാനും മുഖ്യമന്ത്രി പ്രസംഗത്തില്‍ തയ്യാറായി. ഒരു കാലത്ത് കോണ്‍ഗ്രസ് നടത്തിയ അക്രമ പരമ്പരകള്‍ ബിജെപി ഏറ്റെടുത്തു നടത്തുകയാണ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.