തൃശൂർ: കോർപ്പറേഷൻ പരിധിയിൽ വിതരണം ചെയ്യുന്ന ശുദ്ധജലം ഉപയോഗശൂന്യമാണെന്നും കലക്കവെള്ളമാണെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷ കൗൺസിലർമാർ സമരത്തിൽ. കോർപ്പറേഷൻ ഓഫീസിൽ സംഘർഷം.
പ്രതിപക്ഷ കൗൺസിലർമാർ മേയറുടെ കാർ തടഞ്ഞു. കാറിനു മുന്നിൽ കയറി നിന്ന കൗൺസിലർമാർക്കു നേരെ കാർ മുന്നോട്ടെടുത്തു. സംഭവത്തില്‍ പുതുര്‍ക്കര ഡിവിഷന്‍ കൗണ്‍സിലര്‍ മേഫി ഡെല്‍സന് കാലിന് പരിക്കേറ്റു. കുടിവെള്ളത്തിന് പകരം കലക്ക വെള്ളം വിതരണം ചെയ്യുന്നതിനെതിരെയായിരുന്നു പ്രതിഷേധം.
നാടകീയ രംഗങ്ങളാണ് തൃശൂർ കോർപ്പറേഷൻ ഓഫീസിൽ ഇന്ന് അരങ്ങേറിയത്. കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിന്റെ പല ഭാഗത്തും
കുടിക്കാൻ കലക്ക വെള്ളം വിതരണം ചെയ്യുന്ന കോർപ്പറേഷൻ നടപടിയിൽ പ്രതിപക്ഷം പ്രതിഷേധത്തിലായിരുന്നു. ഇതിന്റെ ഭാഗമായ പ്രതിപക്ഷ കൗൺസിലർമാർ കലക്ക വെള്ളം മേയറുടെ കോലത്തിന്റെ തലയിൽ കൂടി ഒഴിച്ച് സമരം നടത്തുമെന്നും പ്രഖ്യാപിച്ചിരുന്നു.
നഗരത്തിൽ വിതരണം ചെയ്യുന്ന കലക്കവെള്ളം കുപ്പികളിൽ ശേഖരിച്ചാണ് ഇവർ എത്തിയത്. കൗൺസിലിൽ മേയറുടെ കോലത്തിനു മുകളിലൂടെ കലക്കവെള്ളം ഒഴിച്ച് പ്രതിഷേധം പ്രകടിപ്പിച്ചു. ഇതോടെ കൗൺസിൽ യോഗം പിരിച്ചു വിട്ട് മേയർ ചേംബറിലേക്ക് പോയി.
പ്രതിഷേധവുമായി പ്രതിപക്ഷാംഗങ്ങൾ പിന്നാലെ നീങ്ങി. തുടർന്ന് ചേംബർ വിട്ടിറങ്ങിയ മേയർ കാറിൽ മടങ്ങാൻ ഒരുങ്ങവെ വനിതാ കൗൺസിലർമാർ അടക്കമുള്ളവർ തടഞ്ഞു. ഇതിനിടെ കാര്‍ മുന്നോട്ടെടുക്കുകയായിരുന്നു.