NEWS

കോഴി കൃഷിയിലൂടെ ആയിരങ്ങൾ വരുമാനം ഉണ്ടാക്കാം

കോന്നിയിലെ കൊച്ചുമോൻ ഒരിക്കൽ ഓട്ടോ റിക്ഷ തൊഴിലാളിയായിരുന്നു.പക്ഷെ കൊറോണക്കാലം കൊച്ചുമോന് സമ്മാനിച്ചത് കൊലക്കയറായിരുന്നു.വണ്ടി കുടിശ്ശിക,വീട്ടുചിലവ്… അങ്ങനെ പലത്. ഒരിക്കൽ കയറുമായി പ്ലാവിൽ കയറി.ആരോ കണ്ടതുകൊണ്ട് രക്ഷപ്പെട്ടു.വിവരം ആരൊക്കെയോ സർക്കാർ സംവിധാനങ്ങളെ അറിയിച്ചു.ആട് മാട് കോഴി… തുടങ്ങിയ സൗജന്യ സർക്കാർ സഹായങ്ങളൊന്നും അയാൾക്ക് ലഭിക്കില്ലായിരുന്നു.കാരണം സർക്കാരിന്റെ കണക്കിൽ അഞ്ച് സെന്റിൽ താമസിക്കുന്ന അയാൾ ഒരു ‘പണക്കാരനായിരുന്നു’ !!  പ്രായമായ അമ്മയ്ക്ക് വേണ്ടി മുറിയോട് ചേർന്ന് പണികഴിപ്പിച്ച”അറ്റാച്ച് ബാത്ത്റൂം’ ആയിരുന്നു വില്ലൻ.!!!
പിന്നീട് അയാൾ ചുളുവിലയ്ക്ക് ഓട്ടോ വിറ്റു.ആ കാശിന്

കട്ടകെട്ടി അടച്ചുറപ്പോടെ തയാറാക്കിയെ രണ്ടു മുറികൾക്കുള്ളിൽ ഇരുന്നൂറോളം കോഴികളെ വാങ്ങി വളർത്തി. അത്യുൽപാദനശേഷിയുള്ള സങ്കരയിനം മുട്ടക്കോഴിയിനമായ ബിവി 380 ആണ് വളർത്തുന്നത്. 100 കോഴിയിൽനിന്ന് ശരാശരി 85 മുട്ടകൾ ഒരു ദിവസം എന്ന രീതിയിൽ ഇന്ന് മുട്ട ലഭിക്കുന്നു. മുട്ടയൊന്നിന് 7.5 രൂപ നിരക്കിലാണ് വിൽപന. ഉൽപാദിപ്പിക്കപ്പെടുന്ന മുട്ടകളിൽ പകുതിയിലേറെയും വീട്ടിൽനിന്നുതന്നെ വിറ്റഴിക്കപ്പെടുന്നുവെന്ന് കൊച്ചുമോൻ പറയുന്നു. ശേഷിക്കുന്നവ കടകളിൽ എത്തിച്ചുനൽകും.അവിടെ അൽപ്പം വില താഴും.എന്നാലും പ്രശ്നമില്ല.

ഒന്നര വർഷത്തോളം നീണ്ടുനിൽക്കുന്ന മുട്ടയുൽപാദനകാലം കഴിയുമ്പോൾ കോഴികളെ ഇറച്ചിക്കായി വിൽക്കും. കോഴിയൊന്നിന് 200- 250 രൂപ നിരക്കിലാണ് വിൽപന.ശരാശരി 3 കിലോ അടുത്ത് തൂക്കം വരുന്ന കോഴികളായതിനാൽ ആവശ്യക്കാരേറെ.അതനുസരിച്ച് പുതിയ കോഴികൾ കൂടുകളിലെത്തും.
കോഴിവളർത്തൽ ആരംഭിച്ചപ്പോൾ 45 ദിവസം പ്രായമുള്ള കുട്ടികളെ 120 രൂപ നിരക്കിലായിരുന്നു കൊച്ചുമോൻ വാങ്ങിയത്.എന്നാൽ, മുട്ടയുൽപാദനം ആരംഭിക്കാൻ വീണ്ടും 45 ദിവസത്തോളം കാത്തിരിക്കേണ്ടിവരുന്നതിനാൽ പിന്നീട് മുട്ടയിടാറായ കോഴികളെയാണ് വാങ്ങിയത്. കോഴിയൊന്നിന് 250 രൂപ ചിലവ് വരുന്നുണ്ട്.മുട്ടയിട്ട് കഴിയുമ്പോൾ പ്രധാനമായും കാറ്ററിംഗ് കാർക്കാണ് ഇത്തരം കോഴികളെ വിൽക്കുന്നത്.കണ്ടിച്ച് വീട്ടിൽ എത്തിച്ചു കൊടുത്താൽ ന്യായമായ വില അവർ തരും.പിന്നെ അതിന്റെ ലെഗ്പീസുകളും ലിവറും അവർക്കാവശ്യമില്ലാത്തതിനാൽ അത് വേറെ വിൽക്കാം.
ഒരു കോഴിക്ക് ദിവസം ശരാശരി 110 ഗ്രാം സാന്ദ്രീകൃത തീറ്റ ആവശ്യമുണ്ട്. 100 കോഴിക്ക് 4 ദിവസത്തേക്ക് ഒരു ചാക്ക് (50 കിലോ) തീറ്റ വേണം. സാന്ദ്രീകൃത തീറ്റ കൂടാതെ തൊടിയിൽനിന്ന് പുല്ല്, ചീര, പപ്പായ, മുരിങ്ങയില തുടങ്ങിയവയെല്ലാം നൽകും. കാത്സ്യം–ധാതുലവണ സപ്ലിന്റെന്റും നൽകുന്നുണ്ട്.രണ്ടു മാസം കൂടുമ്പോൾ വിരയിളക്കുകയും ചെയ്യും.
കോഴിവളർത്തൽ കൂടാതെ കുളങ്ങൾ കുത്തി വാള, അനാബസ്, തിലാപ്പിയ തുടങ്ങിയ മത്സ്യങ്ങളെയും ഇന്ന് കൊച്ചുമോൻ വളർത്തുന്നുണ്ട്. പാവൽ, പയർ, പടവലം, പീച്ചിൽ, കോവൽ, വെണ്ട, സാലഡ് വെള്ളരി തുടങ്ങിയ പച്ചക്കറികളും ഇതോടൊപ്പം കൃഷി ചെയ്യുന്നുണ്ട്.മത്സ്യക്കുളത്തിലെ വെള്ളമാണ് കൃഷിയുടെ പ്രധാന വളം.ഇപ്പോൾ പുതുതായി വാങ്ങിയ ഓട്ടോയിലാണ് കൊച്ചുമോന്റെ ഈ കൊച്ചുകൊച്ചു കച്ചവടങ്ങൾക്കായുള്ള സഞ്ചാരം.ഒപ്പം പുതിയ രണ്ടു മുറികൾ കൂടി തീർത്ത് കോഴിയുടെ എണ്ണം കൂട്ടാനൊരുങ്ങുകയാണ് കൊച്ചുമോൻ.

Back to top button
error: