KeralaNEWS

ഭൂമിയിടപാട്: ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന കര്‍ദിനാളിന്റെ ആവശ്യം നിരാകരിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാടില്‍ കൈമാറിയത് സര്‍ക്കാര്‍ ഭൂമിയാണോയെന്ന് അന്വേഷിക്കാന്‍ നിര്‍ദേശിച്ച ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കാക്കനാട് ഫസ്റ്റ് ക്‌ളാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള കേസുകളുടെ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല. അതെസമയം ഹൈക്കോടതി ഉത്തരവിന് എതിരെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പടെയുള്ള എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു.

ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കൈമാറ്റം ചെയ്തത് സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയാണെന്ന ആരോപണം പരാതിക്കാര്‍ക്ക് പോലും ഇല്ലെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ സിദ്ധാര്‍ഥ് ലൂതറ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. കര്‍ദിനാളിന് എഴുപത് വയസ് കഴിഞ്ഞു. അന്വേഷണം സ്റ്റേ ചെയ്തില്ലെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്തേക്കുമെന്ന് അഭിഭാഷകന്‍ ആശങ്ക പ്രകടിപ്പിച്ചു. എന്നാല്‍ ഹൈക്കോടതി ഉത്തരവ് കഴിഞ്ഞ ഓഗസ്റ്റിലാണ് ഉണ്ടായതെന്നും കര്‍ദിനാള്‍ അപ്പീല്‍ ഫയല്‍ ചെയ്തത് ഫെബ്രുവരിയില്‍ മാത്രമാണെന്നും ജസ്റ്റിസ് ദിനേശ് മഹേശ്വരിയുടെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ച് ചൂണ്ടിക്കാട്ടി. അന്വേഷണം ഉത്തരവിട്ട ഹൈക്കോടതിയുടെ നടപടി ഒരു പക്ഷെ പരിധി വിട്ടതായിരിക്കാം. അക്കാര്യം വാദത്തിന് ഒടുവിലാണ് വ്യക്തമാക്കുക. കര്‍ദിനാള്‍ കാരണമാണ് ഇതെല്ലാം സംഭവിച്ചതെന്ന് ബെഞ്ചിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് ദിനേശ് മഹേശ്വരി നിരീക്ഷിച്ചു. അതിനാല്‍ ഈ ഘട്ടത്തില്‍ അന്വേഷണം സ്റ്റേ ചെയ്യുന്നില്ലെന്നും ബെഞ്ച് വ്യക്തമാക്കി.

Signature-ad

ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള കേസുകളില്‍ വിചാരണ നടപടികളുമായി മുന്നോട്ട് പോകാന്‍ അനുവദിച്ച ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നും അഭിഭാഷകന്‍ സിദ്ധാര്‍ഥ് ലൂതറ ആവശ്യപ്പെട്ടു. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തി പോലീസ് മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇതിന് പുറമെ ഇടപാടുമായി ബന്ധപ്പെട്ട് മരട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയില്‍ സിവില്‍ കേസ് നിലനില്‍ക്കുകയാണ്. ഇക്കാര്യം മറച്ചുവച്ചാണ് പരാതിക്കാരന്‍ കാക്കനാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ആറ് പുതിയ കേസ്സുകള്‍ ഫയല്‍ ചെയ്തതെന്നും ലൂതറ ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ ഘട്ടത്തില്‍ കേസിലെ നടപടികള്‍ സ്റ്റേ ചെയ്യാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

പള്ളികളുടെ ഭൂമിയും ആസ്തിയും വില്‍ക്കുന്നതിന് ബിഷപ്പ്മാര്‍ക്ക് അധികാരമില്ലെന്ന ഹൈക്കോടതി വിധിയിലെ പരാമര്‍ശങ്ങള്‍ക്കെതിരെ സീറോ മലങ്കര സഭയുടെ ബത്തേരി രൂപതയും സീറോ മലബാര്‍ സഭയുടെ താമരശ്ശേരി രൂപതയും നല്‍കിയ ഹര്‍ജികള്‍ക്കൊപ്പം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നല്‍കിയ ഹര്‍ജിയും പരിഗണിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കര്‍ദിനാളിന്റെ ഹര്‍ജിയില്‍ നല്‍കിയ നോട്ടീസില്‍ എതിര്‍ കക്ഷികളോട് രണ്ട് ആഴ്ചയ്ക്ക് ഉള്ളില്‍ മറുപടി നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. പരാതിക്കാരനായ ജോഷി വര്‍ഗീസിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജയന്ത് മുത്തുരാജ്, അഭിഭാഷകന്‍ പി.എസ്.സുധീര്‍ എന്നിവര്‍ ഹാജരായി. കേസില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയ ഷൈന്‍ വര്‍ഗീസിന് വേണ്ടി അഭിഭാഷകന്‍ രാകേന്ത് ബസന്ത് ഹാജരായി.

 

Back to top button
error: