തിരുവനന്തപുരം: ഇന്ധന വില പ്രതിദിനം കൂടിക്കൊണ്ടിരിക്കുന്നു. അതനുസരിച്ച് ഉപ്പുതൊട്ട് കർപ്പൂരം വരെ മുഴുവൻ സാധനങ്ങൾക്കും വില വർദ്ധിച്ചു. ബസ് ഓട്ടോ ചാർജുകൾ വർദ്ധിപ്പിച്ചു. വൈദ്യുതി ചാർജും ഉടൻ വർദ്ധിപ്പിക്കുന്നു. ചുരുക്കത്തിൽ സാധാരണക്കാരുടെ ജീവിതം ഓരോ ദിവസവും കൂടുതൽ ദുരിതപൂർണമായിക്കൊണ്ടിരിക്കുന്നു.
ഇപ്പാഴിതാ സംസ്ഥാനത്ത് കുടിവെള്ള നിരക്ക് ഇന്ന് മുതൽ വർധിപ്പിക്കുന്നു. അടിസ്ഥാന നിരക്കിൽ അഞ്ച് ശതമാനം വർധനയാണ് വരുത്തുക. ഇതോടെ ഗാർഹിക ഉപഭോക്താവിന് 1000 ലിറ്ററിന് 4 രൂപ 41 പൈസയാകും. 4 രൂപ 20 പൈസയാണ് നിലവിലെ നിരക്ക്. ഇന്ധനം, പാചകവാതകം തുടങ്ങിയ അവശ്യ സാധന വിലക്കയറ്റങ്ങൾക്കൊപ്പമാണ് കുടിവെള്ള നിരക്കു വർധിക്കുന്നത്.
ഗാർഹിക, ഗാർഹികേതര, വ്യാവസായിക കണക്ഷനുകളിലെ എല്ലാ സ്ലാബുകളിലും അഞ്ച് ശതമാനമാണ് ജല അതോറിറ്റി നിരക്ക് വർധിപ്പിക്കുന്നത്.
5000 ലിറ്റർ വരെ വെള്ളത്തിന് മിനിമം നിരക്ക് 22.05 രൂപയാകും. നിലവിലേത് 21 രൂപയാണ്. പ്രതിമാസം പതിനായിരം ലിറ്ററിന് മുകളിൽ ഉപയോഗിക്കുന്നതിന് ഏഴ് സ്ലാബ് അടിസ്ഥാനമാക്കി ബില്ലിൽ അഞ്ച് ശതമാനം വർധനവുണ്ടാകും. ആയിരം ലിറ്ററിന് 5.51 പൈസ മുകൽ 15 രൂപ 44 പൈസ വരെയാണ് വർധിക്കുക.
പ്രതിമാസം 15,000 ലിറ്റർ വരെ ഉപയോഗിക്കുന്ന ബി.പി.എൽ കുടുംബങ്ങൾക്കുള്ള സൗജന്യം തുടരും. ഗാർഹികേതര ഉപഭോക്താക്കൾക്ക് ആയിരം ലിറ്ററിന് 15 രൂപ 75 പൈസയായിരുന്നത് 16 രൂപ 54 രൂപയായി വർധിക്കും. വ്യാവസായിക കണക്ഷനുകൾക്ക് ആയിരം ലിറ്ററിന് 44.10 രൂപയാണ് പുതിയ നിരക്ക്.
സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്ര സർക്കാർ ഉയർത്തുന്നതിനുള്ള ഉപാധി എന്ന നിലയിലാണ് കുടിവെള്ള നിരക്ക് വർധിപ്പിക്കുന്നത്. കഴിഞ്ഞ വർഷം മുതലാണ് ഇത്തരത്തിൽ നിരക്ക് കൂട്ടാൻ തുടങ്ങിയത്.