KeralaNEWS

ഇടുക്കി കളക്ടർ മാധ്യമങ്ങളുമായി ഇടയുന്നു, കളക്ടറെ ബഹിഷ്‌ക്കരിച്ച് മാധ്യമങ്ങൾ

  തൊടുപുഴ: ഇടുക്കി ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജിന്റെ ഔദ്യോഗിക പരിപാടികള്‍ ബഹിഷ്‌ക്കരിക്കാന്‍ ജില്ലയിലെ മാധ്യമപ്രവര്‍ത്തകര്‍ തീരുമാനിച്ചു. മാധ്യമപ്രവര്‍ത്തകരോട് കളക്ടര്‍ പുലര്‍ത്തുന്ന നിഷേധാത്മക സമീപനത്തില്‍ പ്രതിഷേധിച്ചാണ് നടപടി. ആദ്യ പടിയായി വെളളിയാഴ്ച കളക്ടര്‍ പങ്കെടുക്കുന്ന മാങ്കുളം ജലവൈദ്യുത പദ്ധതിയുടെ നിര്‍മാണോദ്ഘാടനം ബഹിഷ്‌ക്കരിക്കാന്‍ പ്രസ് ക്ലബില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

ചുമതലയേറ്റപ്പോള്‍ മുതല്‍ ജില്ലയിലെ മാധ്യമപ്രവര്‍ത്തകരോട് നിഷേധാത്മക സമീപനമാണ് കളക്ടര്‍ പുലര്‍ത്തിവരുന്നത്. ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാര്‍ത്തകളും മന്ത്രിമാരടക്കം പങ്കെടുക്കുന്ന പരിപാടികളും മാധ്യമങ്ങളെ അറിയിക്കുന്നതില്‍ ഗുരുതര വീഴ്ച വരുത്തുന്നു.
കഴിഞ്ഞ ദിവസം കുമളിയില്‍ നടന്ന മംഗളാ ദേവീ ക്ഷേത്രോത്സവ ആലോചന യോഗത്തില്‍ ജില്ലയിലെ മാധ്യമങ്ങളെ പ്രവേശിപ്പിച്ചില്ല. അതേ സമയം തമിഴ്‌നാട്ടില്‍ നിന്നുളള മാധ്യമങ്ങളെ പങ്കെടുപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അനുവദിക്കുകയും ചെയ്തു. യോഗത്തിന് ശേഷം പ്രതികരണം ചോദിച്ച മാധ്യമങ്ങള്‍ക്ക് അത് നല്‍കാതിരിക്കുകയും ധിക്കാരപരമായി പെരുമാറുകയും ചെയ്തു.
കളക്ടറുടെ നടപടിക്കെതിരെ മുഖ്യമന്ത്രി, റവന്യു മന്ത്രി, ജില്ലയുടെ ചുമതലയുളള ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍, ചീഫ് സെക്രട്ടറി തുടങ്ങിയവര്‍ക്ക് ഇടുക്കി പ്രസ് ക്ലബ് പരാതി നല്‍കിയതായി പ്രസിഡന്റ് എം.എന്‍ സുരേഷ്, സെക്രട്ടറി വിനോദ് കണ്ണോളി എന്നിവര്‍ അറിയിച്ചു.

Back to top button
error: