Kerala

വയല്‍ നികത്തി വീടുവച്ചാലും ഭൂമിരേഖകളില്‍ സ്വഭാവ വ്യതിയാനം പാടില്ലെന്നു റവന്യു വകുപ്പ്

തിരുവനന്തപുരം: നെല്‍വയല്‍ തണ്ണീര്‍ത്തടനിയമത്തിലെ വ്യവസ്ഥ പ്രകാരം വയല്‍ നികത്തി വീടുവയ്ക്കാന്‍ ഉടമസ്ഥനു ജില്ലാതല സമിതി അനുമതി നല്‍കിയാലും ഭൂമിരേഖകളില്‍ പറമ്പോ പുരയിടമോ ആയി മാറ്റി നല്‍കാന്‍ (സ്വഭാവ വ്യതിയാനം) പാടില്ലെന്നു റവന്യു വകുപ്പ്. ഇത്തരം കേസുകളില്‍ സ്വഭാവവ്യതിയാനം നടത്താന്‍ ഫോറം 6ല്‍ നല്‍കുന്ന അപേക്ഷ സ്വീകരിക്കാന്‍ പാടില്ലെന്നു വ്യക്തമാക്കി ലാന്‍ഡ് റവന്യു കമ്മിഷണര്‍ ആര്‍ഡിഒമാര്‍ക്കു കത്തയച്ചു.

ഭൂമി തരംമാറ്റം സംബന്ധിച്ച അപേക്ഷകളുമായി ബന്ധപ്പെട്ട് ആര്‍ഡിഒമാര്‍ക്കുള്ള വിവിധ സംശയങ്ങള്‍ക്കു മറുപടി നല്‍കുന്ന കത്തിലാണു നിയമത്തിലെ ഈ വ്യവസ്ഥ കമ്മിഷണര്‍ വിശദീകരിച്ചത്. വയല്‍ നികത്തി വീടു നിര്‍മാണത്തിന് അനുമതി ലഭിച്ചാലും രേഖകളില്‍ നിലം എന്നു രേഖപ്പെടുത്തിയിരിക്കുന്നതിനാല്‍ ബാങ്ക് വായ്പയെടുക്കുമ്പോള്‍ തടസ്സങ്ങളുണ്ടാക്കാം. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം പ്രാബല്യത്തില്‍ വന്നശേഷം നെല്‍വയല്‍ വാങ്ങിയവര്‍ക്കു വീടു വയ്ക്കാന്‍ പാടം നികത്താനാവില്ലെന്നു ഹൈക്കോടതി ഫുള്‍ബെഞ്ച് വിധി പ്രസ്താവിച്ചതോടെ നിലവിലെ നിയമത്തിനു ശക്തിയേറിയിരിക്കുകയാണ്.

Signature-ad

നേരത്തേ, സ്വകാര്യ ഭൂവുടമകള്‍ ഇക്കാര്യത്തില്‍ ഇളവു തേടി ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെയും പിന്നീട് ഡിവിഷന്‍ ബെഞ്ചിനെയും സമീപിച്ചപ്പോള്‍ റവന്യു വകുപ്പും എതിര്‍കക്ഷിയായിരുന്നു. അതിനാല്‍ ഫുള്‍ ബെഞ്ചിന്റെ വിധിക്ക് എതിരെ അപ്പീല്‍ പോകേണ്ട ആവശ്യം വകുപ്പിന് ഇല്ലെന്ന് അധികൃതര്‍ വിശദീകരിച്ചു.

നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം പ്രാബല്യത്തില്‍ വരും മുന്‍പ് നെല്‍വയലുകളുടെ ഉടമകളായിരുന്നവര്‍ക്കാണു വീടു നിര്‍മാണത്തിന് ഇളവു നല്‍കാന്‍ വ്യവസ്ഥയുള്ളത്. പഞ്ചായത്തുകളില്‍ 4.04 ആര്‍ (10 സെന്റ്) നഗരമേഖയില്‍ 2.2 ആര്‍ (5 സെന്റ്) എന്നിങ്ങനെയാണു പരമാവധി നികത്താനാവുക. പ്രാദേശികതല നിരീക്ഷണ സമിതി നല്‍കുന്ന ശുപാര്‍ശ പരിഗണിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതു പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ഉള്‍പ്പെട്ട ജില്ലാതല സമിതിയാണ്.

Back to top button
error: