IndiaNEWS

പശ്ചിമബംഗാളിൽ പണിമുടക്കില്ല, കേരളം നിശ്ചലം. പണിമുടക്കുന്ന മേഖലകളും ഇളവുകൾ ഉള്ളവയും ഏതൊക്കെ…?

കൊച്ചി: തൊഴിലാളി വിരുദ്ധ ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, അവശ്യ പ്രതിരോധ സേവന നിയമം റദ്ദാക്കുക, കര്‍ഷകരുടെ 6 ആവശ്യങ്ങളടങ്ങിയ അവകാശ പത്രിക ഉടന്‍ അംഗീകരിക്കുക, പെട്രോളിയം ഉല്‍പന്നങ്ങളുടെ കേന്ദ്ര നികുതി കുറയ്ക്കുക, വിലക്കയറ്റം തടയുക, കോവിഡ് പ്രതിസന്ധിമൂലം തൊഴില്‍ നഷ്ടം നേരിട്ടവര്‍ക്ക് സാമ്പത്തിക സഹായം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഇന്നും നാളെയും തൊഴിലാളിസംഘടനകള്‍ പ്രഖ്യാപിച്ച ദേശീയ പണിമുടക്കില്‍ ബി.എം.എസ് ഒഴികെ ഇരുപതോളം സംഘടനകൾ പങ്കെടുക്കും.

പണിമുടക്കില്‍ നിശ്ചലമാവുന്ന മേഖലകള്‍

@ ബസ് , ടാക്സി സർവീസുകൾ.
@ ഹോട്ടലുകൾ , വ്യാപാര സ്ഥാപനങ്ങൾ.
@ ബാങ്ക് സേവനങ്ങൾ.
@ സർക്കാർ ഓഫീസുകൾ.
@ റേഷൻ കടകൾ.

പണിമുടക്കിൽ ഇളവുളള മേഖലകൾ

@ ആശുപത്രി സേവനങ്ങൾ.
@ പാൽ , പത്രം.
@ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ.
@ ആംബുലൻസ്.
@ മെഡിക്കൽ സ്റ്റോർ.
@ വിദേശ ടൂറിസ്റ്റുകളുടെ യാത്ര.
@ ഫയർ റെസ്ക്യൂ തുടങ്ങിയ അവശ്യ സർവീസുകൾ.

ബാങ്ക്കൾ പ്രവർത്തിക്കുമോ…?

വിവിധ തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലുള്ള ദ്വിദിന ദേശീയ പണിമുടക്കിൽ ബാങ്ക് തൊഴിലാളി യൂണിയനുകളും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പൊതുമേഖല ബാങ്കുകളെ സ്വകാര്യ വത്കരിച്ചുകൊണ്ടിരിക്കുന്ന കേന്ദ്ര സർക്കാർ നടപടികളിൽ പ്രതിഷേധിച്ചാണ് ബാങ്ക് ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരിക്കുന്നത്.
അതേസമയം, പണിമുടക്ക് ദിവസങ്ങളിൽ തങ്ങളുടെ ശാഖകളിലും ഓഫീസുകളിലും സാധാരണ പ്രവർത്തനം ഉറപ്പാക്കാൻ ബാങ്ക് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെന്നാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്.ബി.ഐ അറിയിച്ചിട്ടുള്ളത്. എന്നാൽ ബാങ്കിന്റെ പ്രവർത്തനത്തിൽ ഒരു പരിധിവരെ പണിമുടക്ക് ബാധിച്ചേക്കാമെന്നും പറയുന്നു. മറ്റു ബാങ്കുകളുടെ പ്രവർത്തനത്തേയും പണിമുടക്ക് ബാധിച്ചേക്കും.
ബാങ്ക് ജീവനക്കാരുടെ എല്ലാ സംഘടനകളും സമരത്തിൽ ഇല്ലെങ്കിലും മിക്ക ബാങ്കുകളും പ്രവർത്തിക്കാൻ സാധ്യതയില്ല. എടിഎമ്മുകളിൽ പണമുണ്ടെന്നു ബാങ്കുകൾ അറിയിച്ചു.

ആശുപത്രി, വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്കു കെ.എസ്.ആർ.ടി.സി പരമാവധി സർവീസുകൾ നടത്തുമെന്നു മന്ത്രി ആന്റണി രാജു അറിയിച്ചു. വേണ്ടത്ര യാത്രക്കാരുണ്ടെങ്കിൽ ഓരോ ഡിപ്പോകളിൽനിന്നു സർവീസ് നടത്തുമെന്നും മന്ത്രി പറഞ്ഞു.
ക്രമസമാധാന പ്രശ്നങ്ങൾ ഇല്ലാതെ പോലീസ് സഹായത്തോടെയും നിർദ്ദേശപ്രകാരവും ജീവനക്കാരുടെ ലഭ്യത അനുസരിച്ചും ട്രാഫിക് ഡിമാന്റ് അനുസരിച്ചും മറ്റ് പ്രധാന റൂട്ടുകളിൽ സർവീസുകൾ അയക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

മോട്ടോർ വാഹന തൊഴിലാളികൾ, ബാങ്ക്, റെയിൽവേ, വൈദ്യുതി തുടങ്ങിയ മേഖലകളിലെ തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കുന്നതോടെ സാധാരണ ജീവിതത്തെ കാര്യമായി ബാധിക്കും. സർക്കാർ ഓഫീസുകളുടെ പ്രവർത്തനവും താളംതെറ്റും. കഴിഞ്ഞ നാല് ദിവസമായി സ്വകാര്യ ബസ് സമരത്തിൽ നട്ടം തിരിഞ്ഞ കേരളത്തിലെ സാധാരണക്കാരന് രണ്ടു ദിവസത്തെ പണിമുടക്ക് കൂടുതൽ ആഘാതം സൃഷ്ടിക്കും.

ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് സ്വകാര്യ വാഹനങ്ങൾ റോഡിലിറക്കരുതെന്ന് യൂണിയനുകൾ ആഹ്വാനം ചെയ്തിട്ടുണ്ട്. കട കമ്പോളങ്ങൾ അടച്ചിടണമെന്ന് യൂണിയനുകൾ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പണിമുടക്കിനോട് സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിട്ടുണ്ട്. തുറക്കുന്ന കടകൾക്ക് സംരക്ഷണം ആവശ്യപ്പെട്ട് വ്യാപാരികൾ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. പക്ഷേ വാണിജ്യ-വ്യാപാര സ്ഥാപനങ്ങളിലെയും മോട്ടോര്‍ മേഖലയിലെയും തൊഴിലാളികള്‍ പണിമുടക്കുന്നതുകൊണ്ട് കടകമ്പോളങ്ങള്‍ അടക്കും.

പശ്ചിമബംഗാളിൽ പണിമുടക്കില്ല

പണിമുടക്ക് പ്രഖ്യാപിച്ച ദിവസങ്ങളിൽ സാധാരണ പോലെ എല്ലാ സർക്കാർ ഓഫീസുകളും തുറന്ന് പ്രവർത്തിക്കുമെന്നും എല്ലാ ജീവനക്കാരും നിർബന്ധമായും ജോലിക്ക് ഹാജരാകണമെന്നും ബംഗാൾ സർക്കാർ അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ ഗ്രാൻഡോടെയും സഹായത്തോടും കൂടി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കണമെന്ന് പശ്ചിമബംഗാൾ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

പണിമുടക്ക് ദിവസങ്ങളിൽ ഒരു ജീവനക്കാരും കാഷ്വൽ ലീവ് അനുവദിക്കില്ല. ജീവനക്കാർ ജോലിയിൽ ഹാജരായില്ലെങ്കിൽ ഡയസ് നോണായി കണ്ട് ശമ്പളം അനുവദിക്കില്ലെന്നുമാണ് മമതാ സർക്കാർ അറിയിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: