വമ്പന്മാരെ വിറപ്പിച്ച സൈബറാക്രമണം: 16 കാരനടക്കം 7 പേര്‍ പിടിയില്‍
ലണ്ടന്‍: കുപ്രസിദ്ധരായ സൈബര്‍ കുറ്റവാളി സംഘം ലാപ്സസുമായി ബന്ധമുള്ള ഏഴ് പേരെ ലണ്ടന്‍ പോലീസ് അറസ്റ്റ് ചെയ്തു. അടുത്തിടെയുണ്ടായ ചില റാന്‍സം വെയര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് ലാപ്സസ് ആയിരുന്നു. സംഘത്തിന് വേണ്ടി സൈബറാക്രമണങ്ങള്‍ നടത്തിയവരെയാണ് പിടികൂടിയത്. 16 വയസിനും 21 വയസിനും ഇടയില്‍ പ്രായമുള്ളവരാണ് പിടിയിലായത്. ആഗോള തലത്തില്‍ മൈക്രോസോഫ്റ്റ്, സാംസങ്, എന്‍വിഡിയ, യുബിസോഫ്റ്റ്, ഒക്ട ഉള്‍പ്പടെയുള്ള വന്‍കിട കമ്പനികളെ ലക്ഷ്യമിട്ട് ലാപ്സസ് നടത്തിയ സൈബറാക്രമണങ്ങളിലെ പ്രധാന കുറ്റവാളികളാണിവര്‍.
ഇംഗ്ലണ്ടിലെ ഒക്സ്ഫഡിനടുത്ത് താമസിക്കുന്ന 16 വയസുകാരനെ തിരിച്ചറിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷമാണ് അറസ്റ്റ്. വൈറ്റ്, ബ്രീച്ച് ബേസ് എന്ന പേരുകളിലാണ് ഇയാള്‍ ഓണ്‍ലൈനില്‍ ഇടപ്പെട്ടിരുന്നത്. എന്നാല്‍ ഇയാളുടെ മുന്‍കാല പ്രവര്‍ത്തനങ്ങള്‍ കണ്ടെത്താനും പിന്തുടരാനും അന്വേഷണ സംഘത്തിന് സാധിച്ചു. ഈ വിവരങ്ങള്‍ പരിശോധിച്ചപ്പോഴാണ് ആളുടെ മേല്‍വിലാസം കണ്ടെത്താനായത്. ഈ കുട്ടിയോട് തെറ്റിപ്പിരിഞ്ഞ എതിരാളികളായ ഹാക്കര്‍മാര്‍ അയാളുടെ മേല്‍വിലാസവും ചിത്രങ്ങളും കണ്ടെത്തി ഒരു ഹാക്കര്‍ വെബ്സൈറ്റില്‍ പങ്കുവെച്ചിരുന്നു.
ഇതുവരെയുള്ള ഹാക്കിങ് പ്രവര്‍ത്തനങ്ങളിലൂടെ ഏകദേശം 300 ബിറ്റ്കോയിന്‍ (ഏകദേശം 100 കോടിയിലേറെ രൂപ) സ്വന്തമാക്കാന്‍ ഈ പയ്യന് സാധിച്ചിട്ടുണ്ട്. എതിരാളികളാണ് ഇയാള്‍ക്ക് ലാപ്സസുമായി ബന്ധമുണ്ടെന്ന വിവരവും പുറത്തുവിട്ടത്. അതേസമയം കുട്ടി സൈബറാക്രമണങ്ങളില്‍ ഇടപെട്ടിരുന്ന വിവരം തങ്ങള്‍ അറിഞ്ഞിരുന്നില്ലെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. കുട്ടി ഗെയിം കളിക്കുകയായിരുന്നുവെന്നാണ് അവര്‍ കരുതിയിരുന്നത്. കംപ്യൂട്ടര്‍ ഉപയോഗിക്കുന്നതില്‍ വളരെ മിടുക്കനായിരുന്നുവെന്നും ഹാക്കിങിനെ കുറിച്ച് ഒന്നും പറയാറില്ലായിരുന്നുവെന്നും പിതാവ് പറഞ്ഞു.