India

അംഗപരിമിതര്‍ക്ക് ഐ.പി.എസിന് അപേക്ഷിക്കാന്‍ അനുമതി നല്‍കി സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസസ് പരീക്ഷ വിജയിച്ച അംഗപരിമിതര്‍ക്ക് ഐ.പി.എസിന് അപേക്ഷിക്കാന്‍ അനുമതി നല്‍കി സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറത്ത് ഇറക്കി. ഐ.പി.എസിന് പുറമെ, ഇന്ത്യന്‍ റെയില്‍വേ സുരക്ഷാ സേന, ഡല്‍ഹി, ദാമന്‍ ആന്‍ഡ് ദിയു, ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലി, ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍, ലക്ഷ്വദീപ് പോലീസ് സേന എന്നിവയിലേക്ക് അപേക്ഷിക്കാനും സുപ്രീം കോടതി അനുമതി നല്‍കി. സുപ്രീം കോടതിയുടെ അന്തിമവിധിയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം ഉള്‍പ്പടെയുള്ള തുടര്‍ നടപടികള്‍.

സന്നദ്ധ സംഘടനായ നാഷണല്‍ പ്ലാറ്റ്ഫോം ഫോര്‍ ദ റൈറ്റ്സ് ഓഫ് ദി ഡിസബിള്‍ഡ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ഇടക്കാല ഉത്തരവ് ഇറക്കിയത്. ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, അഭയ് എസ്. ഓക എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. സിവില്‍ സര്‍വീസസ് പരീക്ഷ വിജയിച്ചവര്‍ക്ക് ഏത് സര്‍വീസില്‍ പ്രവര്‍ത്തിക്കാനാണ് താത്പര്യം എന്ന് വ്യക്തമാക്കി അപേക്ഷ നല്‍കേണ്ട അവസാന തീയതി വ്യാഴാഴ്ചയായിരുന്നു. എന്നാല്‍ അംഗപരിമിതര്‍ക്ക് ഏപ്രില്‍ ഒന്നിന് നാല് മണിവരെ അപേക്ഷ നല്‍കാന്‍ സുപ്രീം കോടതി സമയം അനുവദിച്ചു. യു.പി.എസ്.സി. സെക്രട്ടറി ജനറലിന് നേരിട്ടോ കൊറിയര്‍ മുഖേനെയോ ആണ് അപേക്ഷ നല്‍കേണ്ടത്.

Signature-ad

അംഗപരിമിതര്‍ക്ക് പോലീസ് സേന വിഭാഗങ്ങളില്‍ നിലവില്‍ അപേക്ഷിക്കാന്‍ കഴിയില്ലായിരുന്നു. ഇതിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. ഹര്‍ജിയില്‍ വിശദമായ സത്യവാങ്മൂലം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി അനുമതി നല്‍കി. ഏപ്രില്‍ 15-ന് ആണ് ഹര്‍ജി ഇനി സുപ്രീം കോടതി പരിഗണിക്കുക.

Back to top button
error: