അശ്രദ്ധയും അമിതവേഗതയും മൂലം നിരത്തുകളിൽ ഓരോ ദിവസവും പൊലിഞ്ഞു പോകുന്നത് നിരവധി ജീവനുകളാണ്.
ഇന്നലെ പുലർച്ചെ രണ്ടു മണിയോടെ തിരൂർ ചമ്രവട്ടം പാതയിൽ ബൈക്കും ചരക്കു ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ജംഷീർ എന്ന യുവാവ് മരിച്ചത്. വിവാഹം കഴിഞ്ഞ് അഞ്ചാം നാളാണ് ആ ഹതഭാഗ്യൻ ദുരന്തന്തിന് ഇരയായത്. തൃശൂർ ചാവക്കാട്, വട്ടേക്കാട് തിരുത്തിയിൽ ജംഷീർ എന്ന 21 കാരനോടൊപ്പമുണ്ടായിരുന്ന സുഹൃത്ത് കണ്ണൂർ സ്വദേശി അനുരാജിനെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു.
തിരൂർ ചമ്രവട്ടം പാതയിൽ പൊലീസ് ലൈനിലെ അപകട വളവിൽ ഡിവൈ.എസ്.പി ഓഫീസിനു മുന്നിലാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും ചരക്കു ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.
ജംഷീർ എറണാകുളത്ത് ലിഫ്റ്റ് ഓപ്പറേറ്റർ കൊഴ്സിനു പഠിക്കുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോട്ടയം സ്വദേശി ഷിബിലയെ വിവാഹം കഴിച്ചത്.
മലപ്പുറം കൊണ്ടോട്ടിയില്‍ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലപ്പുറം അരീക്കോട് സ്വദേശി വിജി (25) മരിച്ചതും ഇന്നലെ രാവിലെ തന്നെ.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നഴ്സാണ് വിജി.
മൊറയൂരില്‍ നിന്നാണ് ബസില്‍ കയറിയത്. അപകടത്തില്‍ 21ലധികം പേര്‍ക്ക് പരിക്കേറ്റു.
രാവിലെ ആറരയോടെ കൊണ്ടോട്ടി ബൈപ്പാസിന് സമീപമായിരുന്നു അപകടം. മഞ്ചേരിയില്‍ നിന്ന് കോഴിക്കോട്ടേക്ക് വരുകയായിരുന്ന ഐവിന്‍ ബസ് ആണ് അപകടത്തില്‍പ്പെട്ടത്.
കട്ടപ്പനക്കടുത്ത് കൊച്ചറ നെറ്റിത്തൊഴുവിൽ കാറിടിച്ച് സ്കൂൾ വിദ്യാർത്ഥിനി മരിച്ചത് ഇന്നലെ വൈകിട്ടാണ്. തച്ചിരിക്കൽ ബിനോയിയുടെ മകൾ ബിയ ആണ് മരിച്ചത്. കൊച്ചറ എ.കെ.എം യു.പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ് ഈ പത്തു വയസുകാരി.
നെറ്റിത്തൊഴുവിന് സമീപം പാലാക്കണ്ടത്ത് സ്കൂൾ ബസിൽ നിന്നും ഇറങ്ങി റോഡ് മുറിച്ചു കടക്കുമ്പോൾ അപകടത്തില്‍പ്പെടുകയായിരുന്നു.
റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ കാർ ഇടിക്കുകയായിരുന്നു.
അപകടത്തിൽപ്പെട്ട ബിയയെ ഉടൻതന്നെ പുറ്റടി ഗവൺമെൻറ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
വണ്ടന്മേട് പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.