CultureLIFE

കാർട്ടൂണിസ്റ്റ് സുധീർനാഥിന്റെ ‘കോവിഡാനന്തരം’ പ്രകാശനം ചെയ്തു

തിരുവനന്തപുരം∙ പ്രശസ്ത മലയാളി കാർട്ടൂണിസ്റ്റ് സുധീർനാഥ് രചിച്ച ‘കോവിഡാന്തരം’ എന്ന പുസ്തകം ചീഫ് സെക്രട്ടറി വി.പി. ജോയി പ്രകാശനം ചെയ്തു. കോവി‍ഡിനു മുൻപും ശേഷവും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവും സാംസ്കാരിവുമായ മാറ്റങ്ങളെ അടയാളപ്പെടുത്തുന്നതാണ് ഈ പുസ്തകം. മഹാമാരിയെ നേരിടുന്നതിൽ സമൂഹം പ്രകടിപ്പിച്ച ആശങ്കയും പ്രതീക്ഷയും അതിജീവനത്തിന്റെ കരുത്തുമെല്ലാം പ്രതിഫലിക്കുന്നതാണ് ഈ പുസ്തകമെന്ന് വി.പി. ജോയി പറഞ്ഞു. രാജ്യതലസ്ഥാനമായ ഡൽഹിയിൽ കഴിയുന്ന സുധീർനാഥിന് മഹാമാരിയെ നേരിടുന്നതിൽ കേരളം കാഴ്ച വച്ച അസാമാന്യമായ പ്രതിരോധം ഇപ്പുസ്തകത്തിലൂടെ അടയാളപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. ജനതാകർഫ്യൂവിന്റെ രണ്ടാമത്തെ വാർഷികത്തിൽ പ്രസിദ്ധപ്പെടുത്തുന്ന പുസ്തകത്തിന് ചരിത്രപരമായ പ്രാധാന്യമുണ്ടെന്നുംവി.പി. ജോയി പറഞ്ഞു.

സംസ്ഥാനത്ത് ഒന്നര ലക്ഷത്തോളം കോവിഡ് വാക്സീൻ നൽകി കേന്ദ്രസർക്കാരിന്റെ ബെസ്റ്റ് വാക്സിനേറ്റർ പുരസ്കാരം നേടിയ ടി.ആർ. പ്രിയ ആദ്യ പ്രതി സ്വീകരിച്ചു. ചീഫ് സെക്രട്ടറിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ കഥാകൃത്ത് ടി.ബി.ലാൽ, സുജിലി പബ്ളിഷേഴ്സ് പ്രതിനിധി മണികണ്ഠൻ, രചയിതാവ് സുധീർനാഥ് എന്നിവർ പങ്കെടുത്തു.

നിനച്ചിരിക്കാതെ പ്രഖ്യാപിച്ച ജനതാ കർഫ്യൂ അടച്ചിടൽ കാലത്തിന്റെ തുടക്കമായിരുന്നു. നിങ്ങൾ എവിടെയാണോ അവിടെ തന്നെ തുടരുക എന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ ലോക് ഡൗൺ പ്രഖ്യാപിച്ചു. അതിൽ ഉലഞ്ഞും പതറിയും വീണ ഒട്ടേറെ ജീവിതങ്ങളെയാണ് താൻ കണ്ടുമുട്ടിയതെന്ന് സുധീർനാഥ് പറഞ്ഞു. മറവിയിൽ പുതയാത്ത രോഗത്തിന്റെ യാതനാ ചിത്രങ്ങൾ രേഖപ്പെടുത്താനായി. എ.കെ.ആന്റണി, പ്രകാശ് കാരാട്ട്, പി.എസ്.ശ്രീധരൻ പിള്ള, എഴുത്തുകാരായ സച്ചിദാനന്ദൻ, മുകുന്ദൻ മുതലായവരുടെ കോവിഡ് അനുഭവങ്ങളും പുസ്തകത്തിൽ ഉണ്ട് . 2020 ലും 2021 ലും നമ്മൾ കണ്ട കാര്യങ്ങൾ ഒരു ഓർമ്മപ്പെടുത്തലായി ഈ പുസ്തകത്തിൽ വായിക്കാം. മെട്രൊ വാർത്ത ദിനപത്രത്തിനായി പലപ്പോഴായി എഴുതിയ ലേഖനങ്ങളാണ് ഈ പുസ്തകത്തിൽ ഉൾകൊള്ളിച്ചിരിക്കുന്നതെന്നും സുധീർനാഥ് പറഞ്ഞു.

കൊല്ലത്തെ സുജിലി പബ്ലിക്കേഷൻസ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിക്കുന്നത്.

Back to top button
error: