NEWS

കെ-റെയിലിനുള്ള കേന്ദ്രാനുമതി;നിർമലാ സീതാരാമന്റെ കത്ത് പുറത്ത്

തിരുവനന്തപുരം : കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് വേണ്ടിയുള്ള ഭൂമിയേറ്റെടുക്കലും മറ്റ് അനുമതികളും എത്രയും വേഗത്തിലാക്കണമെന്ന് നിര്‍ദ്ദേശിച്ച്‌ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്ത് പുറത്തായി.കെ.റെയിലിനെതിരെ സംസ്ഥാന ബിജെപി ഘടകം ശക്തമായ എതിർപ്പുമായി രംഗത്തുള്ളപ്പോഴാണ് ഇത്.

Signature-ad

2021 ജനുവരി അഞ്ചിന് അയച്ച കത്തില്‍ അതിവേഗ റെയില്‍ പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാരിനുള്ള താല്‍പര്യം വ്യക്തമാക്കുന്നുണ്ട്. സില്‍വര്‍ലൈന്‍ പദ്ധതിക്ക് പണം കണ്ടെത്താന്‍ ജപ്പാനിലെ സാമ്ബത്തിക ഏജന്‍സിയായ ജെഐസിഎയുമായുള്ള ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോയി അന്തിമ രൂപം നല്‍കാനും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തോട് ആവശ്യപ്പെടുന്നു. 2020 ഒക്ടോബര്‍ ഒമ്ബതിന് പദ്ധതിയേക്കുറിച്ച്‌ ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോഓപ്പറേഷന്‍ ഏജന്‍സിയും റെയില്‍വേ മന്ത്രാലയവുമായി സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനമെടുത്തിരിക്കുന്നതെന്നും കത്തില്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള വ്യക്തമായ ധാരണയോടെയാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് ചൂണ്ടിക്കാട്ടുന്ന പല തെളിവുകളും ഇതോടൊപ്പം പുറത്തുവന്നിട്ടുണ്ട്. കെ റെയില്‍ ലിമിറ്റഡ് എന്ന കമ്ബനിയുടെ 49 ശതമാനം ഓഹരികളുടെ ഉടമസ്ഥത ഇന്ത്യന്‍ റെയില്‍വേക്കാണ്. കേന്ദ്രത്തിന്റെ എല്ലാ അനുമതിയുമുണ്ട്, എല്ലാം നിയമനാസൃതമാണെന്ന് കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തിലും കെ റെയില്‍ എംഡി വി അജിത് കുമാറും ആവര്‍ത്തിച്ചിരുന്നു.

സില്‍വര്‍ ലൈനിന് വേണ്ടി സ്ഥലമേറ്റെടുക്കുന്ന കെ റെയില്‍ നടപടിയെ പിന്തുണച്ച്‌ ഇന്ത്യന്‍ റെയില്‍വേയും കേരള ഹൈക്കോടതിയിലെത്തിയിരുന്നു. ഇക്കഴിഞ്ഞ ജനുവരി ഏഴിനായിരുന്നു ഇത്. കെ റെയില്‍ ഭൂമി ഏറ്റെടുപ്പിനെതിരെ കോട്ടയം സ്വദേശികള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദങ്ങളെ നിരുപാധികം പിന്തുണച്ച്‌ റെയില്‍വേ മന്ത്രാലയം നിലപാടെടുത്തത്.ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്ക് തടസമില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനത്തിന് അനുമതിയുണ്ടെന്നും റെയില്‍വേ വ്യക്തമാക്കിയിരുന്നു.

 കെ റെയില്‍ പദ്ധതിക്കെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് അറിയിച്ചും രൂക്ഷ പ്രസ്താവനകള്‍ നടത്തിയും ബിജെപി രംഗത്തിറങ്ങിയിരിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ കത്ത് വീണ്ടും ചര്‍ച്ചയാകുന്നത്. നടപടിക്രമങ്ങള്‍ പാലിക്കാതെയും കേന്ദ്രത്തിന്റെ അന്തിമാനുമതിയില്ലാതെയും സംസ്ഥാന സര്‍ക്കാര്‍ അനാവശ്യ തിടുക്കം കാണിക്കുകയാണെന്നായിരുന്നു ബിജെപിയുടെ ആരോപണം.

സില്‍വര്‍ ലൈനിന് ഭൂമി ഏറ്റെടുക്കാന്‍ അനുമതിയില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പറഞ്ഞതായിട്ടായിരുന്നു കേന്ദ്ര മന്ത്രി വി മുരളീധരന്റെ കഴിഞ്ഞ ദിവസങ്ങളിലെ പരാമര്‍ശങ്ങള്‍.

Back to top button
error: