തിരുവനന്തപുരം: കഞ്ചാവ് മാഫിയയ്ക്കെതിരെ പ്രവർത്തിച്ചയാളെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി.പോലീസിന്റെ കണ്ണുവെട്ടിക്കാൻ മതം മാറി മലപ്പുറത്ത് ഒളിവിൽ കഴിയുന്നതിനിടെയാണ് അറസ്റ്റ്.മേൽതോന്നക്കൽ കണ്ണങ്കരക്കോണം കൈതറ വീട്ടിൽ ദീപുവിനെയാണ് കസ്റ്റഡിയിലെടുത്തത്.2018-ൽ കഞ്ചാവ് മാഫിയക്കെതിരെ ജാഗ്രത സമിതി രൂപവത്കരിച്ചതിന് നേതൃത്വം നൽകിയ തെറ്റിച്ചിറ, ലാൽഭാഗ് മനോജ് ഭവനിൽ മുകേഷിനെ ഇയാൾ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു.
കഴിഞ്ഞ നാലുവർഷമായി പോലീസിനെ കബളിപ്പിച്ച് ഗുജറാത്തിലും കർണാടകയിലും കേരളത്തിലെ വിവിധ സ്ഥലങ്ങളിലുമായി ഒളിവിൽ കഴിയുകയായിരുന്നു ദീപു. രണ്ട് വർഷം മുമ്പാണ് ഇയാൾ മലപ്പുറത്തുള്ള സുഹൃത്ത് മുഖേന പെരിന്തൽമണ്ണ അങ്ങാടിപ്പുറത്തിന് സമീപം വഴിപ്പാറയിൽ എത്തി മുസ്ലീം മതം സ്വീകരിച്ച് ദീപു എന്ന പേര് മാറ്റി മുഹമ്മദാലി ആയത്. പോലീസിനെ കബളിപ്പിക്കാനായിരുന്നു ഈ നീക്കം. മലപ്പുറത്തുനിന്ന് വിവാഹവും കഴിച്ചു. പോലീസ് പിടിയിലാവാതിരിക്കാൻ ഇയാൾ ബന്ധുക്കളുമായോ സുഹൃത്തുക്കളുമായോ ഫോണിൽ ബന്ധപ്പെട്ടിരുന്നില്ല.
പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് കീഴ്പ്പെടുത്തിയത്.പോത്തൻകോട് കൊലപാതക കേസിലെ മുഖ്യപ്രതിയായ ഒട്ടകം രാജേഷിന്റെ കൂട്ടാളിയായ ഇയാൾക്കെതിരെ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി പിടിച്ചുപറി, കവർച്ച അടക്കം ഇരുപതോളം കേസുകളുണ്ട്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.