India

ഇന്ധന-പാചകവാതക വില വര്‍ധനക്കെതിരേ പാര്‍ലമെന്റില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം; സഭ ബഹിഷ്‌ക്കരിച്ചു

ഡല്‍ഹി: ഇന്ധന-പാചകവാതക വില വര്‍ധനക്കെതിരേ പാര്‍ലമെന്റില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം. വില വര്‍ധനയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്, ടിഎംസി, സിപിഎം, അടക്കമുള്ള പതിനൊന്ന് പാര്‍ട്ടികളിലെ എംപിമാര്‍ സഭ നടപടികള്‍ ബഹിഷ്‌കരിച്ചു. വില വര്‍ധന വിഷയം സഭാ നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ അംഗീകരിച്ചില്ല. ഇന്ധന വില വര്‍ധനയിലൂടെ പാവപ്പെട്ടവരെ കൊള്ളയടിച്ച് പതിനായിരം കോടി രൂപയാണ് മോദി സര്‍ക്കാര്‍ സമ്പാദിക്കുന്നതെന്ന് കോണ്‍ഗ്രസ് രാജ്യസഭാ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഖെ വിമര്‍ശിച്ചു. ഇന്ധന-പാചകവാതക വിലയുടെ ലോക്ഡൗണ്‍ സര്‍ക്കാര്‍ അവസാനിപ്പിച്ചുവെന്നായിരുന്നു രാഹുല്‍ഗാന്ധിയുടെ പരിഹാസം.

പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസല്‍ ലിറ്ററിന് 85 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് കഴിഞ്ഞ നാല് മാസമായി ഇന്ധന വില വര്‍ധിപ്പിച്ചിരുന്നില്ല. ഫല പ്രഖ്യാപനത്തിന് പിന്നാലെ ഇന്ധന വില കുത്തനെ ഉയരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായെങ്കിലും ഫലം വന്ന് ഒരാഴ്ചയിലേറെ കഴിഞ്ഞതിനു ശേഷമാണ് ഇപ്പോഴത്തെ വര്‍ധന. ക്രൂഡ് ഓയില്‍ വിലയിലും വന്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. 7 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ക്രൂഡിന് 117 ഡോളറാണ് അന്താരാഷ്ട്ര വിപണിയിലെ ഇപ്പോഴത്തെ വില. പെട്രോളിനും ഡീസലിനും പിന്നാലെ പാചകവാതക വിലയും വര്‍ധിപ്പിച്ചിട്ടുണ്ട്. വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപയാണ് ഒറ്റയടിക്ക് കൂട്ടിയത്.

 

Back to top button
error: