നടിയെ ആക്രമിച്ച കേസ്: ദിലീപിനെ വീണ്ടും ചോദ്യംചെയ്യും
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായി ദിലീപ് അടക്കമുള്ള പ്രതികളെ വീണ്ടും ചോദ്യംചെയ്യും. തുടരന്വേഷണം അന്തിമഘട്ടത്തിലേക്ക് കടന്നതോടെയാണ് ദിലീപ് അടക്കമുള്ളവരെ വീണ്ടും ചോദ്യംചെയ്യുന്നത്. ഏറ്റവും അടുത്തദിവസം തന്നെ ദിലീപിന് ചോദ്യംചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് നല്‍കും. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന് ഏപ്രില്‍ 14 വരെയാണ് ഹൈക്കോടതി അനുവദിച്ച സമയപരിധി. നിലവില്‍ അന്വേഷണം അന്തിമഘട്ടത്തിലാണ്. കേസില്‍ ഇതുവരെ ശേഖരിച്ച തെളിവുകളെല്ലാം നിരത്തിയാകും ദിലീപ് അടക്കമുള്ളവരെ വീണ്ടും ചോദ്യംചെയ്യുക. ഇതിനുശേഷം ക്രൈംബ്രാഞ്ച് സംഘം അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും.
സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം ആരംഭിച്ചത്. ദിലീപും പള്‍സര്‍ സുനിയും തമ്മിലുള്ള ബന്ധം, നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ ജാമ്യത്തിലിറങ്ങിയതിന് ശേഷം ദിലീപിന് ലഭിച്ചെന്ന വെളിപ്പെടുത്തല്‍, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണം തുടങ്ങിയവയാണ് ക്രൈംബ്രാഞ്ച് സംഘം പ്രധാനമായും അന്വേഷിച്ചത്. കേസില്‍ സ്വാധീനിക്കപ്പെട്ട സാക്ഷികളെയും അന്വേഷണത്തിന്റെ ഭാഗമായി ചോദ്യംചെയ്യാന്‍ ശ്രമിച്ചിരുന്നു.
അതിനിടെ, വധ ഗൂഢാലോചന കേസിലെ എഫ്.ഐ.ആര്‍. റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ചൊവ്വാഴ്ച ഹൈക്കോടതിയുടെ പുതിയ ബെഞ്ച് പരിഗണിച്ചു. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹര്‍ജി പരിഗണിച്ചത്. തുടര്‍ന്ന് കൂടുതല്‍ വാദം കേള്‍ക്കാനായി ഹര്‍ജി മാര്‍ച്ച് 29-ലേക്ക് മാറ്റിവെച്ചു. വധ ഗൂഢാലോചന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സൈബര്‍ വിദഗ്ധനായ സായ് ശങ്കര്‍ നല്‍കിയ ഹര്‍ജിയും ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുക. സായ് ശങ്കര്‍ ക്രൈംബ്രാഞ്ചിനെതിരേ നല്‍കിയ ഹര്‍ജിയും ചൊവ്വാഴ്ച പരിഗണിക്കും.