അസ്വസ്ഥത കാണിച്ചതിനെ തുടർന്ന് ഞായറാഴ്ച രാത്രിയാണ് ആകര്‍ഷിനെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.അവിടെ നടത്തിയ പരിശോധനയിലാണ് പേവിഷബാധയേറ്റതാണെന്ന് മനസ്സിലാക്കിയത്.തിങ്കളാഴ്ച രാവിലെ മരിച്ചു.
മൂന്ന് മാസം മുൻപ് വീട്ടിലെ വളര്‍ത്തുനായ ആകര്‍ഷിനെ മാന്തിയിരുന്നു. രണ്ട് ദിവസമായി കുട്ടി വെള്ളം കുടിക്കുന്നതില്‍ വിമുഖത കാണിച്ചിരുന്നു. അതിന് മുൻപ് യാതൊരു അസ്വസ്ഥതയും കുട്ടിക്കുണ്ടായിരുന്നില്ല.
വളര്‍ത്തുമൃഗങ്ങള്‍ മാന്തുകയോ കടിക്കുകയോ ചെയ്തിട്ടുണ്ടെന്ന സംശയമുണ്ടെങ്കില്‍ ഏറ്റവും അടുത്തുള്ള പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടുന്നതിന് മടികാണിക്കരുത്. റാബിസ് പ്രതിരോധത്തിന് മുന്‍കരുതലായി സ്വീകരിക്കുന്ന വാക്സിന്‍ പ്രധാനമാണ്. ഡോക്ടര്‍ നിര്‍ദേശിക്കുന്ന തുടര്‍ചികിത്സകളും മുടക്കരുത്. ഉപദ്രവിച്ച മൃഗത്തെയും നിരീക്ഷിക്കണം. മൃഗത്തിന് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ വിവരം ഡോക്ടറെ അറിയിക്കണം.
വീട്ടില്‍ ജനിച്ച വളര്‍ത്തുമൃഗങ്ങളാണെങ്കില്‍ ആദ്യത്തെ മൂന്നാംമാസം ആന്റി റാബിസ് വാക്‌സിന്‍ കുത്തിവെപ്പെടുക്കണം. ഒരുമാസം കഴിഞ്ഞാല്‍ ബൂസ്റ്റര്‍ ഡോസുമെടുക്കണം. ഓരോ വര്‍ഷവും കൃത്യമായി കുത്തിവെപ്പെടുക്കാന്‍ വിട്ടുപോകരുത്. മറ്റു മൃഗങ്ങള്‍ വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുകയോ മറ്റോ ചെയ്താല്‍ വീണ്ടും പ്രതിരോധകുത്തിവെപ്പെടുക്കണം. വീട്ടില്‍ വളര്‍ത്തുന്ന നായ്ക്കള്‍ക്ക് തദ്ദേശസ്ഥാപനത്തില്‍നിന്നുള്ള ലൈസന്‍സും നിര്‍ബന്ധമാണ്.