നഗരത്തില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന മലിനജല സംസ്‌കരണ പ്ലാന്റുകള്‍ക്കെതിരെയുള്ള അനാവശ്യ വിവാദങ്ങള്‍ക്കു തടയിടാന്‍ യാഥാര്‍ത്ഥ്യങ്ങള്‍ ബോധ്യപ്പെടുത്തി കോഴിക്കോട് കോര്‍പ്പറേഷന്‍. കോഴിക്കോട്ട് മനിലജല സംസ്‌കരണ പ്ലാന്റ് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥല വാസികളെ കോര്‍പ്പറേഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തു കൊണ്ടുപോയി.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിര്‍മിച്ച മലിന ജല സംസ്‌കരണ പ്ലാന്റും അതിന്റെ പ്രവര്‍ത്തനവും അവര്‍ക്ക് നേരിട്ടു കാണിച്ചു കൊടുത്തു. മേയറുടെയും കോര്‍പ്പറേഷന്‍ സെക്രട്ടറിയുടെയും നേതൃത്വത്തില്‍ കൗണ്‍സിലര്‍മാരും നാട്ടുകാരുമുള്‍പ്പെടുന്ന നാല്‍പ്പതംഗ സംഘമാണ് തിരുവനന്തപുരം സന്ദര്‍ശിച്ചത്. ദുര്‍ഗന്ധമോ പരിസര മലിനീകണമോ ഒന്നുമില്ലാതെ മലിനജലം ശുദ്ധീകരിച്ച് പ്രകൃതിയെ സംരക്ഷിക്കുന്നതാണ് പ്ലാന്റ് എന്ന് പൊതുജനത്തെ ബോധ്യപ്പെടുത്തുകയായിരുന്നു യാത്രയുടെ ലക്ഷ്യം. പ്ലാന്റിന്റെ പ്രവര്‍ത്തനവും ശുദ്ധീകരണത്തിന്റെ ഓരോ ഘട്ടവും വാട്ടര്‍ അതോറിറ്റി എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അജീഷ് കുമാര്‍ സംഘാംഗങ്ങള്‍ക്ക് കാണിച്ച് വിശദീകരിച്ചു. അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയും നല്‍കി.
അമൃത് പദ്ധതി പ്രകാരം തിരുവനന്തപുരം കോര്‍പ്പറേഷനുവേണ്ടി കേരള വാട്ടര്‍ അതോറിറ്റി നിര്‍മിച്ചതാണ് ഈ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്. 14 കോടി രൂപ ചെലവഴിച്ചാണ് നിര്‍മിച്ചത്. നിര്‍മാണ കമ്പനിക്ക് പത്ത് വര്‍ഷത്തെ മെയിന്റനന്‍സ് ചുമതലയുമുണ്ട്. അഞ്ച് ദശലക്ഷം ലിറ്റര്‍ വെള്ളം പ്രതിദിനം ശുദ്ധീകരിക്കാന്‍ ശേഷിയുള്ളതാണ് പ്ലാന്റ്. എംബിബിആര്‍ ടെക്നോളജി പ്രകാരം പ്രവര്‍ത്തിക്കുന്ന പ്ലാന്റ് തീര്‍ത്തും പരിസ്ഥിതി സൗഹൃദമാണ്. ശുദ്ധീകരിച്ചെടുക്കുന്ന വെള്ളം മെഡിക്കല്‍ കോളജിലെ ചില്ലര്‍, ഫ്ള്ഷിംഗ് ആവശ്യങ്ങള്‍ക്കും ഗാര്‍ഡനിംഗിനും ഉപയോഗിക്കുന്നു