റഷ്യ-യുക്രൈന്‍ സംഘര്‍ഷം വിപണികളെ പിടിച്ചുകുലുക്കുന്നു; സെന്‍സെക്സില്‍ 571 പോയന്റ് നഷ്ടം; നിഫ്റ്റി 17,150ന് താഴെ
വാര്‍ത്തകളറിയാന്‍ ന്യൂസ്ദെന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group
മുംബൈ: റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തില്‍ അയവുവരാത്തത് വിപണിയെ പ്രതികൂലമായി ബാധിച്ചു. യുദ്ധ വിഷയത്തില്‍ പലവട്ടം ചര്‍ച്ചകള്‍ നടത്തിയിട്ടും പരിഹാരമായിട്ടില്ല. രണ്ടുദിവസത്തെ നേട്ടത്തിന് വിരാമമിട്ട് ഇന്ന് നഷ്ടത്തിലാണ് സൂചികകള്‍ ക്ലോസ് ചെയ്തത്. സെന്‍സെക്സില്‍ 160 പോയന്റ് നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ നഷ്ടത്തിലായി. ഒടുവില്‍ 571 പോയന്റ് താഴ്ന്ന് 57,292 നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 169.45 പോയന്റ് താഴ്ന്ന് 17,096ലുമെത്തി.
പവര്‍ഗ്രിഡ്, അള്‍ട്രടെക് സിമെന്റ്സ്, ഏഷ്യന്‍ പെയിന്റ്സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്സിഎല്‍ ടെക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എസ്ബിഐ, ഇന്‍ഡസിന്‍ഡ് ബാങ്ക്, നെസ് ലെ, ഭാരതി എയര്‍ടെല്‍, ആക്സിസ് ബാങ്ക്, ബജാജ് ഫിനാന്‍സ്, എല്‍ആന്‍ഡ്ടി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലായത്. കോള്‍ ഇന്ത്യ, ഹിന്‍ഡാല്‍കോ, യുപിഎല്‍, ടാറ്റ സ്റ്റീല്‍, എന്‍ടിപിസി തുടങ്ങിയ എനര്‍ജി ഓഹരികള്‍ മികച്ചനേട്ടമുണ്ടാക്കി. എച്ച്ഡിഎഫ്സി ബാങ്ക്, സണ്‍ ഫാര്‍മ, സിപ്ല, ടൈറ്റാന്‍ തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു.
നിഫ്റ്റി മെറ്റല്‍, മീഡിയ സൂചികകള്‍ യഥാക്രമം 1.3ശതമാനവും 0.3ശതമാനവും നേട്ടമുണ്ടാക്കി. എഫ്എംസിജി രണ്ടുശതമാനവും പൊതുമേഖല ബാങ്ക് 1.5ശതമാനവും താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.7ശതമാനം നഷ്ടംനേരിട്ടപ്പോള്‍ സ്മോള്‍ ക്യാപ് 0.4ശതമാനം നേട്ടമുണ്ടാക്കി. വ്യക്തിഗത ഓഹരികളില്‍ ഡോഡ്ല ഡയറി മികച്ചനേട്ടമുണ്ടാക്കി. 19 ശതമാനമാണ് ഓഹരിയിലുണ്ടായ മുന്നേറ്റം. അതേസമയം, കിഷോര്‍ ബിയാനിയുടെ നേതൃത്വത്തിലുള്ള ഫ്യൂച്ചര്‍ ഗ്രൂപ്പ് കമ്പനികളുടെ ഓഹരികള്‍ തിങ്കളാഴ്ചയും സമ്മര്‍ദംനേരിട്ടു.
ന്യൂസ്ദെന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
JOIN WHATSAPP GROUP