ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യനമര്‍ദത്തെ തുടര്‍ന്ന് ചുഴലിക്കാറ്റ് രൂപം കൊണ്ടതിനാൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദേശം.
ചുഴലിക്കാറ്റിനെ തുടര്‍ന്ന് കേരളത്തില്‍ അഞ്ച് ദിവസം ഒറ്റപ്പെട്ട മഴയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിലനിന്നിരുന്ന ന്യൂനമര്‍ദം ഇന്ന് (മാര്‍ച്ച് 21) രാവിലെ 5.30ഓടെ തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ തീവ്ര ന്യൂനമര്‍ദമായി ശക്തി പ്രാപിച്ചു. കാറ്റും മോശം കാലാവസ്ഥയുമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല.
കേരളത്തിന് പുറമെ തമിഴ്‌നാട്, ആന്ധാപ്രദേശ്, കര്‍ണാടക, മാഹി, പുതുച്ചേരി എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട മഴയ്‌ക്കും ശക്തമായ ഇടിമിന്നലിനും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുന്നറിയിപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ തീരമേഖലകളില്‍ ഉള്‍പ്പെടെ ദുരന്തനിവാരണ സേന വിന്യസിച്ചിട്ടുണ്ട്. തീരമേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.