ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനികളിലൊന്നായ അരാംകോയുടെ ജിദ്ദയിലെ പ്ലാന്റിന് നേരെ ഹൂതി വിമതരുടെ മിസൈൽ ആക്രമണം. ഞായറാഴ്ച വൈകിട്ടോടെയുണ്ടായ ആക്രമണത്തില്‍ ഒരു എണ്ണ ടാങ്കിന് തീപിടിച്ചു. നാശനഷ്ടമുണ്ടായെങ്കിലും ആളപായമോ പരിക്കോ ഇല്ലെന്ന് അധികൃതർ അറിയിച്ചു.
സൗദിയിലെ വിവിധ നഗരങ്ങളിലെ തന്ത്ര പ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലർച്ചെയുമായി ഹൂതികൾ ആക്രമണങ്ങൾ നടത്തിയിയിരുന്നു. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ആക്രമണങ്ങൾ. ഒരു ബാലിസ്റ്റിക് മിസൈലും ഒമ്പതു ഡ്രോണുകളും ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനു മുൻപ് തകർത്തതായി സൗദി പ്രതിരോധ സേന അവകാശപ്പെട്ടു.
ജിസാനിലെ അരാംകോ ഡിസ്ട്രിബ്യൂഷൻ സ്റ്റേഷൻ, ദഹ്റാൻ അൽ ജനൂബിലെ പവർ സ്റ്റേഷൻ, ഖമീസ് മുഷൈത്തിലെ പ്രകൃതിവാതക കേന്ദ്രം, യാമ്പുവിലെ അരാംകോ ദ്രവീകൃത പ്രകൃതിവാതക പ്ലാന്റ്, അൽ-ഷഖീഖിലെ ജലശുദ്ധീകരണ പ്ലാന്റ് എന്നിവയ്ക്കു നേരെയും ജനവാസ കേന്ദ്രങ്ങളും ലക്ഷ്യമിട്ടായിരുന്നു ആക്രമണങ്ങൾ.