Crime

ടാറ്റു ചെയ്യാന്‍ പഠിപ്പിക്കാമെന്ന് പറഞ്ഞ് പീഡിപ്പിച്ചു; ടാറ്റു ആര്‍ട്ടിസ്റ്റിനെതിരേ സഹപ്രവര്‍ത്തകയുടെ പീഡനപരാതി

കൊച്ചി: കൊച്ചിയില്‍ ഒരു ടാറ്റു ആര്‍ട്ടിസ്റ്റിനെതിരേ കൂടി പീഡന പരാതി. പാലരിവട്ടം ഡീപ്പ് ഇങ്ക് സ്ഥാപന ഉടമ കുല്‍ദീപ് കൃഷ്ണയ്‌ക്കെതിരേ സഹപ്രവര്‍ത്തകയാണ് പരാതി നല്‍കിയത്. ടാറ്റു ചെയ്യാന്‍ പഠിപ്പിക്കാമെന്ന് പറഞ്ഞ് കുല്‍ദീപ് പീഡിപ്പിച്ചെന്നാണ് മലപ്പുറം സ്വദേശിയായ യുവതിയുടെ പരാതിയിലുള്ളത്. പീഡനദൃശ്യം ഒളിക്യാമറയില്‍ പകര്‍ത്തിയെന്നും ഇത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡനം ആവര്‍ത്തിച്ചെന്നും യുവതിയുടെ പരാതിയിലുണ്ട്. 2020 ല്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. കാസര്‍കോട് സ്വദേശിയാണ് കുല്‍ദീപ്. ഒളിവില്‍ പോയ കുല്‍ദീപിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

അതേസമയം കൊച്ചിയിലെ ടാറ്റു ആര്‍ട്ടിസ്റ്റ് സുജേഷിന് എതിരെ പരാതി നല്‍കിയവരുടെ എണ്ണം ഏഴായി. ഒരു വിദേശവനിതയാണ് ഏറ്റവും ഒടുവില്‍ പരാതിനല്‍കിയത്. 2019 ല്‍ കൊച്ചിയിലെ കോളേജില്‍ വിദ്യാര്‍ത്ഥിനിയായിരിക്കേ ഇന്‍ക്‌ഫെക്ടഡ് സ്റ്റുഡിയോയില്‍ വെച്ച് സുജേഷ് ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി. യൂത്ത് എക്‌സേ്ഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി കൊച്ചിയിലെ കോളേജില്‍ ബിരുദത്തിന് പഠിക്കുകയായിരുന്നു ഈ യുവതി. ടാറ്റു ചെയ്യാന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ഒരു പുരുഷ സുഹൃത്താണ് സുജേഷിന്റെ ഇടപ്പള്ളിയിലെ ഇന്‍ക്‌ഫെക്ടഡ് സ്റ്റുഡിയോയില്‍ കൊണ്ടു പോകുന്നത്. ടാറ്റു വര തുടങ്ങി അല്‍പ്പം കഴിഞ്ഞപ്പോള്‍ സുജേഷ് പുരുഷ സുഹൃത്തിനോട് മുറിക്ക് പുറത്തേക്ക് പോകാന്‍ ആവശ്യപ്പെട്ടു. മുറിയില്‍ സ്ഥല സൗകര്യം കുറവാണെന്ന് പറഞ്ഞായിരുന്നു ഇത്.

ഇതിനുശേഷം തന്റെ നേരെ ലൈംഗിക അതിക്രമം തുടങ്ങിയെന്ന് പരാതിയില്‍ യുവതി പറയുന്നു. ശല്യം വര്‍ധിച്ചതോടെ സുഹൃത്തിന് മൊബൈല്‍ ഫോണില്‍ സന്ദേശം അയച്ചു. ഇത് കണ്ടതോടെ സുജേഷ് ദേഷ്യപ്പെട്ടെന്നും പരാതിയിലുണ്ട്. സുജേഷിനെതിരെ നിരവധി യുവതികള് മീടു പോസ്റ്റിട്ട കാര്യം സുഹൃത്തില്‍നിന്ന് അറിഞ്ഞതിനെ തുടര്‍ന്നാണ് പരാതി നല്‍കാന്‍ വിദേശ വനിതയും തീരുമാനിച്ചത്. തുടര്‍ന്ന് ഇമെയില്‍ മുഖേന കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയായിരുന്നു.

 

Back to top button
error: