രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ എം.വി ശ്രേയാംസ് കുമാറിന് ഉണ്ടായ അനുഭവം രണ്ടു വർഷം കഴിയുമ്പോൾ ജോസ് കെ.മാണിക്കും ഉണ്ടാകുമെന്ന് ചെറിയാൻ ഫിലിപ്പ്.
എൽ.ജെ.ഡി നേതാവ് ഷെയ്ക്ക് പി ഹാരീസിനെ അടർത്തിയെടുത്ത് സി പി എമ്മിൽ ചേർത്തതു പോലെ താമസിയാതെ കേരള കോൺഗ്രസ് നേതാക്കളെയും സി പി എമ്മിൽ ചേർക്കും. ഘടക കക്ഷികളെ ഒന്നൊന്നായി വിഴുങ്ങുകയാണ് സി.പി.എം നയം.
എൽ.ഡി.എഫ് ഘടക കക്ഷിയായ എൽ.ജെ.ഡിക്ക് മന്ത്രി സ്ഥാനവും രാജ്യസഭാ സ്ഥാനവും പ്രമുഖ കോർപ്പറേഷൻ സ്ഥാനവും നൽകാത്തത് മുന്നണി മര്യാദകളുടെ ലംഘനമാണ്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ സി പി എം സ്ഥിരമായി തോൽക്കുന്ന കോട്ടയത്തു മത്സരിക്കാൻ ജോസ് കെ.മാണിയോട് ആവശ്യപ്പെട്ടേക്കും. പാലായിലെ തോൽവി തന്നെ കോട്ടയത്തും ആവർത്തിക്കും.
പി.ജെ കുര്യന്റെ രാജ്യസഭാ സീറ്റാണ് ജോസ് കെ.മാണിക്ക് കോൺഗ്രസ് നൽകിയത്. യു ഡി എഫ് സ്ഥാനാർഥിയായാണ് ജോസ് കെ മാണിയും ഇപ്പോഴത്തെ എംപി തോമസ് ചാഴിക്കാടനും ജയിച്ചത്.
കോൺഗ്രസ് വിട്ട എപി അനിൽകുമാർ, കെ.സി റോസക്കുട്ടി, ലതികാ സുഭാഷ്, പീലിപ്പോസ്തോമസ്, ശോഭന ജോർജ് തുടങ്ങിയവരുടെ രാഷ്ട്രീയ ഭാവി അവസാനിച്ചിരിക്കുകയാണ്. ഇവർക്കാർക്കും സി പി എം ഒരിക്കലും പാർലമെന്ററി സ്ഥാനങ്ങൾ നൽകുകയില്ല. ആവശ്യം കഴിഞ്ഞാൽ ഇവരെയെല്ലാം ചവറ്റുകുട്ടയിലിടുമെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.