നിഗൂഢതയുടെ താത്പര്യം, മനുഷ്യന്റെ തുടക്കം മുതലേ ഉണ്ടായിരുന്നിരിക്കാം. മരണാനന്തരം എന്തു സംഭവിക്കും എന്ന ചോദ്യവും ആത്മാവ് എങ്ങോട്ട് പോകുമെന്നതും ഇപ്പോഴും പ്രസക്തമുള്ള ചോദ്യങ്ങളാണ്.ധാരാളം തെളിവുകൾ, ഫോട്ടോകൾ, പ്രേതങ്ങളെക്കുറിച്ചുള്ള വീഡിയോകൾ എല്ലാം പണ്ടത്തെക്കാൾ ഉപരി ഇന്ന് പ്രചരിക്കുന്നുണ്ട്.പണ്ട് പനയിൽ നിന്നിറങ്ങി വന്ന് ചുണ്ണാമ്പ് ചോദിച്ചിരുന്നവരായിരുന്നു കൂടുതൽ.ഇന്ന് പനയും ചുണ്ണാമ്പ് തേച്ച് നാലും കൂട്ടി മുറക്കുന്നവർ കുറവായതിനാലാവും ഇത്തരം കഥകൾ ഇന്ന് കേൾക്കാനില്ല.എന്നിരുന്നാലും മരണത്തിന്റെ അടയാളങ്ങളുണ്ടോ അല്ലെങ്കിൽ അത് ഫാൻറസി അല്ലെങ്കിൽ സത്യമാണോ എന്ന് ലോകമെമ്പാടുമുള്ള ആളുകൾ ഇന്നും ചിന്തിക്കുന്നുണ്ട്.ഈ വിഷയത്തെക്കുറിച്ചുള്ള പഠനങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്നുമുണ്ട്.പക്ഷെ ഇതുവരെ വ്യക്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല എന്ന് മാത്രം.തത്വത്തിൽ, ലോകത്തുള്ള എല്ലാ ആളുകളെയും രണ്ടു വിഭാഗങ്ങളായി തിരിക്കാം: സന്ദേഹവാദികളും, വിശ്വസിക്കുന്നവരും.ഒന്ന് മതത്തിന്റെ പിൻബലത്തോടെ വിശ്വസിക്കുന്നവരാണെങ്കിൽ മറ്റേത് സംശയത്തിന്റെ നിഴലിൽ വിശ്വസിച്ചു പോകുന്നവരാണ്.
മിക്ക വിശുദ്ധ ഗ്രന്ഥങ്ങളിലും ഭൂത-പ്രേത-പിശാചുക്കളെ പറ്റി പറയുന്നുണ്ട്.അതിനാൽ വിശ്വാസികളിൽ തന്നെ ധാരാളം അന്ധവിശ്വാസികളുമുണ്ട്.മറ്റൊന് ന് കേട്ട പഴങ്കഥകൾ വഴി സന്ദേഹം മനസ്സിൽ കൊണ്ട് നടക്കുന്നവരാണ്.ഒരു അപകടം നടന്ന സ്ഥലത്ത്, അല്ലെങ്കിൽ ഒരു കൂട്ടക്കൊലയോ ആത്മഹത്യയോ നടന്ന സ്ഥലത്തു കൂടി രാത്രിയിൽ ഇവർ ഒറ്റയ്ക്ക് പോകുമ്പോൾ കേൾക്കുന്ന ഏതൊരു ശബ്ദമോ നിഴലോ പോലും ഇവരെ ഭയപ്പെടുത്തും.അതോടെ മോഹാലസ്യപ്പെട്ടു താഴെ വീഴും.പിച്ചും പേയും പറയും.അതേസമയം കൂട്ടം കൂടി പോയാൽ ഒരു പ്രശ്നവുമില്ലതാനും.അല്ലെങ്കിൽ പകൽ അതുവഴി തനിച്ചു പോയാൽപ്പോലും !
ഇതിനെക്കുറിച്ച് ഏറെ ഗവേഷണങ്ങൾ നടത്തിയ, ഏറെപ്പേരിൽ പഠനം നടത്തിയ അമേരിക്കൻ ചിന്തകനായ ജോ നിക്കലൊക്കെ പറയുന്നത് പ്രേതവുമില്ല ഒരു മണ്ണാങ്കട്ടയുമില്ല എന്നാണ്. മനുഷ്യമനസ്സിന് ഒരു പ്രത്യേകതയുണ്ട്. കേൾക്കുന്ന കഥകളിൽ നിന്നു സ്വയം ഓരോ അനുഭവങ്ങൾ ഉണ്ടാകുന്നതായി തോന്നുന്ന അവസ്ഥ. പാരെഡോലിയ എന്ന ഈ പ്രതിഭാസമാണ് മനുഷ്യരുടെ ഇത്തരം അതീന്ദ്രിയ അനുഭവങ്ങൾക്കു പിന്നിലെന്ന് അദ്ദേഹം പറയുന്നു.