അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കോൺഗ്രസിനുള്ളിൽ നേതൃമാറ്റ ചർച്ചകൾ സജീവമാവുകയാണ്. അതേസമയം കെ സി വേണുഗോപാലിനെ മാറ്റണമെന്നാണ് ജി 23 നേതാക്കളുടെ ആവശ്യം. സോണിയ ഗാന്ധി ഗുലാംനബി ആസാദുമായി ചർച്ച നടത്തി. ഇന്ന് വീണ്ടും കൂടിക്കാഴ്ച നടന്നേക്കും.
കഴിഞ്ഞ ദിവസമാണ് ജി 23 നേതാക്കളുടെ യോഗം ഗുലാം നബി ആസാദിന്റെ വസതിയിൽ നടന്നത്. കപിൽ സിബൽ, മനീഷ് തിവാരി, ഭൂപീന്ദർ ഹൂഡ, ആനന്ദ് ശർമ, മണി ശങ്കർ അയ്യർ, അഖിലേഷ് പ്രതാപ് സിംഗ് പി ജെ കുര്യൻ, ശങ്കർ സിങ് വഗ ല, ക്യാപ്റ്റൻ അമേരീന്ദർ സിങ്ങിന്റെ ഭാര്യ പ്രിണീത് കൗർ, ശശി തരൂർ, മണിശങ്കർ അയ്യർ, രാജ് ബബ്ബർ, സന്ദീപ് ദീക്ഷിത്, രജീന്ദർ കൗർ ബട്ടൽ, കുൽദീപ് ശർമ, വിവേക തൻഖ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.
തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസം ജി 23 ഗ്രൂപ്പിലെ ചില നേതാക്കൾ യോഗം ചേർന്നിരുന്നു. നേതൃമാറ്റം അടക്കമുള്ള വിഷയങ്ങൾ ചർച്ചയായെങ്കിലും പ്രവർത്തകസമിതി യോഗത്തിൽ അവർ വിഷയം ഉന്നയിച്ചിരുന്നില്ല. അശോക് ഗെഹ്‌ലോട്ട് നടത്തിയ അനുനയ ശ്രമങ്ങളെ തുടർന്നാണ് ജി 23 നേതാക്കൾ സംയമനം പാലിച്ചതെന്നായിരുന്നു റിപ്പോർട്ട്.