കൊല്ലം: എല്ലാം പട്ടാഴിഅമ്മയുടെ മായാവിലാസം എന്നാണ് കശുവണ്ടി തൊഴിലാളിയായ സുഭദ്ര ഇപ്പോഴും വിശ്വസിക്കുന്നത്. സ്വന്തം വിയർപ്പൊഴുക്കി സമ്പാദിച്ച രണ്ടു പവൻ തൂക്കമുള്ള സ്വർണമാല പട്ടാഴിക്ഷേത്രത്തില്‍ വച്ച് മോഷണം പോയപ്പോൾ സുഭദ്രയ്ക്കു സഹിക്കാനായില്ല. ‘അമ്മ’യുടെ മുന്നിൽ നിന്ന് അവർ ഹൃദയം പൊട്ടിക്കരഞ്ഞു. എത്ര കാലത്തെ അദ്ധ്വാനത്തിൻ്റെ ഫലമാണ് കള്ളൻ കവർന്നു കൊണ്ടു പോയത്…?
പക്ഷേ സുഭദ്രയുടെ ആത്മവിലാപം കാരുണ്യ മൂർത്തിയായ ‘അമ്മ’ തിരിച്ചറിഞ്ഞു. മുന്നിൽ പ്രത്യക്ഷപ്പെട്ട ‘ദേവി’ സ്വന്തം കയ്യിൽ കിടന്ന രണ്ടു വളകൾ ഊരി സുഭദ്രയ്ക്കു സമ്മാനിച്ചു.
“സങ്കടപ്പെടേണ്ട… ഇത് വിറ്റ് മാല വാങ്ങി അണിഞ്ഞു കൊണ്ട് ദേവിക്ക് മുന്നില്‍ വന്ന് പ്രാര്‍ത്ഥിക്കണം, കേട്ടോ…”
സ്വപ്നമോ സത്യമോ എന്ന് തിരിച്ചറിയാതെ സുഭദ്ര വിസ്മയിച്ചു നിൽക്കെ ആ കരുണാമയി അപ്രത്യക്ഷയായി.
കൊട്ടാരക്കര പട്ടാഴിക്ഷേത്രത്തില്‍ തൻ്റെ സ്വർണമാല മോഷണം പോയപ്പോള്‍ കരഞ്ഞുനിലവിളിച്ച മൈലം പള്ളിക്കൽ മങ്ങാട്ട് വീട്ടിൽ സുഭദ്രയ്ക്കു സ്വന്തം സ്വർണവളകൾ ഊരിനൽകിയ ‘അജ്ഞാത സ്ത്രീ’ ആരെന്നുള്ള അന്വേഷണമായിരുന്നു പിന്നെ. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം.
കശുവണ്ടി തൊഴിലാളിയായ സുഭദ്രയുടെ മാലയാണ് ക്ഷേത്രദര്‍ശനത്തിനിടെ മോഷണം പോയത്. ഏറെ കഷ്ടപ്പെട്ട് അരിഷ്ടിച്ചുണ്ടാക്കിയ മാല ദേവീ സന്നിധിയില്‍ മോഷ്ടിക്കപ്പെതോടെ സര്‍വവും തകര്‍ന്ന് വാവിട്ട് നിലവിളിച്ച വീട്ടമ്മയ്ക്ക് ഒരജ്ഞാത സ്ത്രീ രണ്ടു സ്വര്‍ണ വളകള്‍ ഊരി നല്‍കുകയായിരുന്നു.
സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തു വന്നെങ്കിലും ആളെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
മാധ്യമങ്ങളിൽ വാർത്തകൾ നിറഞ്ഞു. ക്ഷേത്ര ഭാരവാഹികൾ നാട് മുഴുവൻ അന്വേഷിച്ചു.
ആ നാടകീയ സംഭവത്തിൻ്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങൾ പറന്നു നടന്നു.
പക്ഷേ ‘ദേവി’ മാത്രം പ്രത്യക്ഷപ്പെട്ടില്ല.
സംഭവം നടന്ന് നാലാം ദിവസമായ ഇന്നലെ ഉച്ചയ്ക്കു വള വിറ്റ് വാങ്ങിയ മാലയുമായി സുഭദ്ര ക്ഷേത്രത്തിലെത്തി.
എങ്ങുനിന്നോ എത്തി രണ്ടു വളകൾ നൽകിയ അജ്ഞാത സ്ത്രീയെ കണ്ടെത്താൻ സഹായിക്കണേ എന്ന പ്രാർഥനയോടെയാണ് സുഭദ്ര ക്ഷേത്രത്തിലെത്തിയത്.
ആ പ്രാർഥന സഫലമായി.
നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍ കാരുണ്യത്തിൻ്റെ ആ ആൾരുപത്തെ ഇന്നലെത്തന്നെ തിരിച്ചറിഞ്ഞു.
ചേര്‍ത്തല മരുത്തോര്‍വട്ടം സ്വദേശിനി ശ്രീലതയാണ് അത്ഭുതം പോലെ സുഭദ്രയ്ക്കു മുന്നിലെത്തി സ്വന്തം വള ഊരി നൽകിയത്. അന്തരിച്ച വിവാദ കഥാപാത്രം മോഹനൻ വൈദ്യരുടെ ഭാര്യയാണ് ശ്രീലത.
മാധ്യമങ്ങൾക്കു മുൻപിൽ വരാന്‍ വിസമ്മതിച്ച ശ്രീലത ഏറെ നിര്‍ബന്ധിച്ചതിനു ശേഷമാണ് അല്‍പമെങ്കിലും സംസാരിക്കാന്‍ തയാറായത്. കണ്ണിന് ഭാഗികമായി മാത്രം കാഴ്ചയുള്ള ശ്രീലത, ബന്ധുവീട്ടിലെത്തിയപ്പോഴാണ് പട്ടാഴിക്ഷേത്രത്തില്‍ പോയത്. താന്‍ ചെയ്തത് അത്ര വലിയ മഹത്തായ കാര്യമാണെന്ന് ശ്രീലത കരുതുന്നില്ല. ‘ഒരാളുടെ കണ്ണീരും സങ്കടവും കണ്ടപ്പോള്‍ എന്തെങ്കിലും ചെയ്യണമെന്ന് തോന്നിയെന്നു മാത്രം’ അവർ പറയുന്നു.
അല്ലാതെ പ്രശസ്തിക്ക് വേണ്ടിയൊന്നുമല്ല താനത് ചെയ്തതെന്ന് ശ്രീലത വ്യക്തമാക്കി. സംഭവം പരമാവധി ആരും അറിയാതിരിക്കാനാണ് ശ്രീലത ശ്രമിച്ചത്. വാര്‍ത്തപുറത്തുവന്നിട്ടും ശ്രീലത ആരോടും ഒന്നും വെളിപ്പെടുത്തിയില്ല. ഒടുവില്‍ വിവരം മനസിലാക്കിയ ബന്ധുക്കളാണ് ശ്രീലതയുടെ കാരുണ്യകഥ പുറത്തുകൊണ്ടുവന്നത്.
അപൂര്‍വവും ദൈവീകവുമായ കാരുണ്യം പ്രദർശിച്ചു എന്നതിനാലാണ് ശ്രീലതയുടെ ദാനത്തിന് ജനമനസ്സുകളിൽ ഇത്രയേറെ ആദരവ്പ്ര ലഭിച്ചത്.
വളകള്‍ സമ്മാനിച്ച് പോയ ആളിനെക്കുറിച്ചായിരുന്നു സുഭദ്രയുടെ ഉൽക്കണ്ഠ മുഴുവൻ. പട്ടാഴിദേവിയാണ് വളനല്‍കിയതെന്നകഥയും ഇതിനിടെ പ്രചരിച്ചു. ക്ഷേത്രങ്ങളിൽ സ്വർണ കിരീടവും സ്വർണക്കൊടിമരവും സ്വർണ കുട്ടകവും വന്‍ തുകകളുമൊക്കെ ദാനം ചെയ്യുന്നവരുണ്ട്. പക്ഷേ ഹൃദയംപൊട്ടി വിലപിക്കുന്ന സാധുക്കളുടെ കണ്ണീരു തുടയ്ക്കാന്‍ അവരൊന്നും ശ്രമിക്കാറില്ല.
എന്തായാലും ദേവിയുടെ കല്പന അക്ഷരംപ്രതി സുഭദ്ര അനുസരിച്ചു. വളവിറ്റ് പുതിയ മാലവാങ്ങിയ സുഭദ്ര അത് അമ്മയുടെ മുന്നിലെത്തി ധരിച്ചത് നൂറുകണക്കിന് ഭക്തരുടെ സാന്നിധ്യത്തിലാണ്. തന്റെ കണ്ണീരൊപ്പിയ പട്ടാഴിയമ്മയ്ക്ക് അവിടെ വച്ച് സ്വര്‍ണപ്പൊട്ട് കാണിക്കയായി സുഭദ്ര സമര്‍പ്പിച്ചു. വളകള്‍ സമ്മാനിച്ച ശ്രീലതയെ ഒരിക്കല്‍ നേരിട്ടു കാണണമെന്നാണ് ഇനി സുഭദ്രയുടെ ആഗ്രഹം.