World

യുക്രൈനില്‍ ഓരോനിമിഷവും ഒരുകുട്ടിവീതം അഭയാര്‍ഥിയാകുന്നു

വാര്ത്തകളറിയാന്ന്യൂസ്ദെന്വാട്സ്ആപ്പ് ഗ്രൂപ്പില്അംഗമാകൂ  Join Whatsapp Group

വാഷിങ്ടണ്‍: യുക്രൈനിലെ റഷ്യന്‍ അധിനിവേശം നാലാം ആഴ്ചയിലേക്ക് കടക്കുമ്പോള്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ഐക്യരാഷ്ട്രസഭ. സംഘര്‍ഷത്തില്‍ ഓരോ സെക്കന്റിലും ഒരു കുട്ടി വീതം യുക്രൈനില്‍ അഭയാര്‍ഥിയായി മാറുന്നുണ്ടെന്ന് യുനിസെഫ് വാക്താവ് പറഞ്ഞു. കഴിഞ്ഞ 20 ദിവസത്തിനിടെ പ്രതിദിനം 70,000-ന് മുകളില്‍ കുട്ടികള്‍ അഭയാര്‍ഥികളായി മാറിയെന്നും യുനിസെഫ് ഓര്‍മിപ്പിച്ചു.

Signature-ad

ഫെബ്രുവരി 24-ന് റഷ്യ യുക്രൈനില്‍ അധിനിവേശം ആരംഭിച്ചതുമുതല്‍ മൂന്ന് ദശലക്ഷത്തിലധികം ആളുകള്‍ സ്വന്തം നാടും വീടും വിട്ടൊഴിഞ്ഞ് അഭയാര്‍ഥികളായി മാറിയിട്ടുണ്ടെന്നും ഇതില്‍ 1.4 ദശലക്ഷം കുട്ടികളുണ്ടെന്നും യുഎന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. റഷ്യന്‍ ആക്രമണത്തില്‍ 79 കുട്ടികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് യുക്രൈന്‍ അധികൃതര്‍ കഴിഞ്ഞ ആഴ്ച ആരോപിച്ചിരുന്നു. 100-ലധികം പേര്‍ക്ക് ഗുരുതരവും അല്ലാത്തതുമായ പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

കീവ്, ഹര്‍കീവ്, സുമി, ഖേര്‍സണ്‍ തുടങ്ങിയ മേഖലകളില്‍ നടന്ന ആക്രമണങ്ങളാണ് കുട്ടികള്‍ക്ക് ഏറെ ആഘാതം സൃഷ്ടിച്ചിട്ടുള്ളത്. മരിയുപോളിലെ കുട്ടികളുടെ ആശുപത്രിക്ക് നേരെ ഉണ്ടായ റഷ്യന്‍ വ്യോമാക്രമണത്തില്‍ കഴിഞ്ഞ ആഴ്ച ഒരു കുട്ടി ഉള്‍പ്പടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. 17 പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. അതേസമയം, യുക്രൈനില്‍ ഇപ്പോഴും റഷ്യയുടെ ആക്രമണം രൂക്ഷമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. നിപ്രോ മേഖലയിലെ പ്രധാന വിമാനത്താവളത്തില്‍ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ വന്‍ നാശനഷ്ടമുണ്ടായി. റണ്‍വേയ്ക്കും ടെര്‍മിനല്‍ കെട്ടിടത്തിനും സാരമായ കേടുപാടുകള്‍ സംഭവിച്ചു.

ഷെല്ലാക്രമണം രൂക്ഷമായതോടെ യുക്രൈന്‍ തലസ്ഥാനമായ കീവില്‍ 35 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. ചൊവ്വാഴ്ച രാത്രി 8 മുതല്‍ വ്യാഴാഴ്ച രാവിലെ 7 വരെയായിരിക്കും കര്‍ഫ്യൂ എന്ന് മേയര്‍ വിറ്റാലി ക്ലിറ്റ്ഷ്‌കോ അറിയിച്ചു. ബോംബ് ഷെല്‍ട്ടറുകളിലേക്ക് പോകുന്നതൊഴിച്ച് പ്രത്യേക അനുമതിയില്ലാതെ നഗരത്തില്‍ സഞ്ചരിക്കുന്നത് നിരോധിച്ചതായി ക്ലിറ്റ്ഷ്‌കോ പറഞ്ഞു.

ന്യൂസ്ദെന്‍  വാട്സ്ആപ്പ് ഗ്രൂപ്പില്അംഗമാകാന്ഇവിടെ ക്ലിക്ക് ചെയ്യു
JOIN WHATSAPP GROUP

Back to top button
error: