KeralaNEWS

കെ റെയിൽ: പ്രതിപക്ഷ വിമർശനങ്ങൾക്ക് അക്കമിട്ട് മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ അധികാരമേറ്റശേഷമുള്ള ആദ്യഅടിയന്തരപ്രമേയ ചർച്ചയിൽ പ്രതിപക്ഷ ആരോപണങ്ങളുടെ മുനയൊടിച്ച് മുഖ്യമന്ത്രി.

വിമർശനങ്ങൾക്ക് അക്കമിട്ട് മുഖ്യമന്ത്രി മറുപടി നൽകി.
കേരളത്തിന്റെ പൊതു കടത്തെ സംബന്ധിച്ച വിമർശനങ്ങളെ കോൺഗ്രസ് ഭരിക്കുന്നതടക്കം മറ്റു സംസ്ഥാനങ്ങളുടെ കടവുമായി താരതമ്യം ചെയ്താണ് മറുപടി നൽകിയത്.
കേരളത്തിന്റെ സാമ്പത്തിക സ്ഥിതി പരിതാപകരമാണെന്ന ആരോപണത്തെ കോൺഗ്രസ് ഭരിച്ച കാലത്തെ സാമ്പത്തിക നിലയുമായി താരതമ്യം ചെയ്തുകൊണ്ട് മുഖ്യമന്ത്രി നേരിട്ടു.
പദ്ധതി കടക്കെണി ഉണ്ടാക്കുമെന്ന വാദം വികസനത്തെ തുരങ്കം വയ്ക്കാൻ ഉന്നയിക്കുന്നതാണ്. സിൽവർലൈൻ നടപ്പിലാക്കാൻ റവന്യൂ വരുമാനത്തിലൂടെ കഴിയില്ല.
കെ റെയിൽ പോലുള്ള പദ്ധതികൾ നടപ്പാക്കുന്നതിന് വായ്പയെടുക്കുക എന്നത് സ്വാഭാവിക രീതിയാണ്. നാൽപത് വർഷംകൊണ്ട് അടച്ചുതീർക്കേണ്ട വായ്പയാണ് കെ റെയിലിനായി എടുക്കുന്നത്. വരുന്ന നാൽപതു വർഷത്തിനിടയിൽ കേരളത്തിൽ വലിയ സാമ്പത്തിക വളർച്ചയാണ് വരാൻ പോകുന്നത്. അതുകൊണ്ടുതന്നെ വായ്പയെടുക്കുന്നതിൽ തകരാറില്ല. സംസ്ഥാനത്തിന്റെ ഭാവിയെ മുൻനിർത്തി പദ്ധതി നടപ്പാക്കുന്നതിനാണ് പ്രാധാന്യം കൊടുക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പദ്ധതി വന്നാൽ പശ്ചിമഘട്ടം തകരുമെന്ന പ്രചാരണത്തിനും അടിസ്ഥാനമില്ല. പരിസ്ഥിതി ദുർബലമായ വനമേഖലയിലൂടെയും കടൽത്തീരത്തിലൂടെയും സിൽവർലൈൻ കടന്നുപോകുന്നില്ല. പരിസ്ഥിതിയെ തകർക്കുകയല്ല, സംരക്ഷിക്കുകയാണ് ചെയ്യുന്നത്.
സിൽവർലൈൻ‌ നെല്‍വയലുകള്‍ക്കോ ദേശാടനപ്പക്ഷികള്‍ക്കോ കുഴപ്പമുണ്ടാക്കില്ല. പദ്ധതിവന്നാല്‍ 2.8 ലക്ഷം ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാനാകും.

137 കിലോമീറ്റർ ദൂരത്തിൽ തൂണിലും തുരങ്കത്തിലൂടെയുമാണു പാത. ബാക്കിയുള്ള സ്ഥലങ്ങളിൽ 500 മീറ്ററിനിടയിൽ അടിപ്പാതകളോ മേൽപ്പാലങ്ങളോ പാതയ്ക്കു കുറുകെ സ്ഥാപിക്കും. പാതയ്ക്കു കുറുകെ സഞ്ചരിക്കാൻ തടസ്സമുണ്ടാകില്ല. സംസ്ഥാനത്തെ രണ്ടായി വെട്ടിമുറിക്കുമെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണ്. പദ്ധതിയുടെ പേരിൽ സംസ്ഥാനത്ത് മതിലുകൾ ഉയരാൻ പോകുന്നില്ല. പദ്ധതിയുടെ ചെലവ് 2 ലക്ഷംകോടി എന്നത് പ്രചാരണം മാത്രമാണ്.

കേരളത്തിൽ വാഹനങ്ങളുടെ എണ്ണം മറ്റിടങ്ങളേക്കാൾ കൂടുതലാണ്. 1000 പേർക്ക് 445 വാഹനങ്ങൾ കേരളത്തിലുണ്ട്. റോഡിലെ തിരക്ക് ഒഴിവാക്കാൻ സഹായിക്കുന്നതാണ് പദ്ധതി.

സിൽവർലൈൻ സർക്കാർ രഹസ്യമായി കൊണ്ടുവന്ന പദ്ധതിയല്ല. സംസ്ഥാനത്തിന്റെ ഭാവിക്ക് ഉതകുന്ന ഒന്നാണ്. അതിനാൽ പദ്ധതി നടപ്പിലാക്കാനാണ് പ്രാധാന്യം നൽകേണ്ടത്. പദ്ധതിക്കു ജനങ്ങളുടെ അംഗീകാരമുണ്ട്. അടിയന്തര പ്രമേയ ചർച്ചയ്ക്കു സമ്മതിച്ചപ്പോൾ ഇത്രയും ഗുണം സർക്കാർ പ്രതീക്ഷിച്ചില്ല. പ്രതിപക്ഷനിര തുറന്നു കാട്ടപ്പെട്ടു. പദ്ധതിയെ എങ്ങനെ ഇല്ലാതാക്കാം എന്നതാണ് പ്രതിപക്ഷനിലപാടെന്ന് വ്യക്തമായതായും മുഖ്യമന്ത്രി പറഞ്ഞു.
പി.സി.വിഷ്ണിനാഥാണ് അടിയന്തര പ്രമേയത്തിനു നോട്ടിസ് നൽകിയത്.

സിൽവർലൈൻ സംബന്ധിച്ച റിപ്പോർട്ടുകളിൽ സർക്കാർ ഡേറ്റാകൃത്രിമം നടത്തിയെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിയമസഭയിൽ ആരോപിച്ചു. പ്രാഥമിക സാധ്യതാപഠനം നടന്ന് രണ്ടു മാസത്തിനുശേഷം അന്തിമ സാധ്യതാപഠന റിപ്പോര്‍ട്ട് വന്നു.
ഒരു ദിവസത്തെ യാത്രക്കാരുടെ എണ്ണം ആദ്യ റിപ്പോർട്ടിൽ 40,000 ആയിരുന്നു. രണ്ടാമത്തെ റിപ്പോർട്ടിൽ അത് ഇരട്ടിയാക്കി. ഇത്ര ചുരുങ്ങിയ സമയം കൊണ്ട് എങ്ങനെയാണ് ഇതു പഠിച്ചത്…? കണക്കു തെറ്റിച്ചെഴുതി സിൽവർലൈൻ ലാഭമാണെന്നു വരുത്തുകയാണെന്നും സതീശൻ പറഞ്ഞു.

ഇതിനിടെ സിൽവർലൈൻ പദ്ധതിയുടെ ഡിപിആർ (വിശദമായ പദ്ധതിരേഖ) പറഞ്ഞുകേട്ടതിനേക്കാൾ വലിയ അബദ്ധമാണെന്നു ചൂണ്ടിക്കാട്ടി ഡിഎംആർസി മുൻ മുഖ്യഉപദേഷ്ടാവ്, ‘മെട്രോമാൻ’ ഡോ.ഇ.ശ്രീധരൻ മുഖ്യമന്ത്രി പിണറായി വിജയനു വീണ്ടും കത്തെഴുതി.
കെ റെയിൽ എം.ഡിയോ ഗവണ്മെന്റ് സെക്രട്ടറിമാരിൽ ആരെങ്കിലുമോ ഭയംകൂടാതെ ഈ പൊള്ളത്തരങ്ങൾ തുറന്നു പറയുമെന്നായിരുന്നു പ്രതീക്ഷയെന്നും ഒരു സാധാരണ പൗരനെന്ന നിലയിലുള്ള ആശങ്ക കൊണ്ടാണു വീണ്ടും ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കു കത്തയയ്ക്കുന്നതെന്നും ഇ.ശ്രീധരൻ ചൂണ്ടിക്കാട്ടി.

Back to top button
error: