റാന്നി: രണ്ടു രൂപ കൺസഷൻ നിരക്ക് വിദ്യാർഥികൾക്ക് തന്നെ നാണംകേടാണെന്ന് മന്ത്രി പറയുമ്പോൾ റാന്നിയിൽ വിദ്യാർഥികളോട് ബസുകാർ വാങ്ങുന്നത് അഞ്ച് രൂപ.ഇത്തവണ സ്കൂൾ തുറന്നതു മുതൽ ഇതാണ് കുട്ടികളുടെ ടിക്കറ്റ് നിരക്ക്.
നെല്ലിക്കമൺ റൂട്ടില്‍ സര്‍വിസ് നടത്തുന്ന എല്ലാ ബസുകളും നിലവില്‍ വിദ്യാര്‍ഥികളില്‍നിന്ന് ഈടാക്കുന്നത് അഞ്ച് രൂപയാണ്.കോവിഡ് മഹാമാരിക്കാലത്ത് സ്കൂള്‍ അടച്ചുപൂട്ടുന്നതിന് മുൻപ് രണ്ടു രൂപയായിരുന്നു നിരക്ക്.എന്നാൽ കോവിഡിന് ശേഷം സ്കൂൾ തുറന്നതു മുതൽ വിദ്യാർഥികളിൽ നിന്ന് അഞ്ച് രൂപയാണ് ബസുകാർ വാങ്ങുന്നത്.തന്നെയുമല്ല സ്കൂൾ ദിവസങ്ങളിൽ ഈ റൂട്ടിൽ സർവീസ് നടത്തുന്ന പല ബസുകളും റാന്നി പെരുമ്പുഴ സ്റ്റാൻഡിൽ പോകാറുമില്ല.കൂടുതൽ വിദ്യാർഥികൾ കയറുമെന്നതിനാലാണ് അത്.ഇട്ടിയപ്പാറയിൽ നിന്നും മാമുക്ക് വഴി തിരിഞ്ഞുപോകുകയാണ് ഇവരുടെ പതിവ്.വൈകിട്ട് നാലരയ്ക്ക് ശേഷം ഈ റൂട്ടിൽ ബസില്ലാത്തതിനാൽ പിന്നീട് പലർക്കും കിലോമീറ്റർ നടക്കേണ്ട ഗതികേടുമാണ് ഇന്നുള്ളത്.