KeralaNEWS

സോണിയ ഗാന്ധി കോൺഗ്രസ് അദ്ധ്യക്ഷയായി തുടരും

ന്യൂഡൽഹി: തന്ത്രം പിഴച്ചു.എന്നാലും സംഘടന തെരഞ്ഞെടുപ്പ് വരെ കോണ്‍ഗ്രസ് അധ്യക്ഷയായി സോണിയാ ഗാന്ധി തുടരും. ഇന്ന് ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് തീരുമാനം.നാല് മണിക്കൂറോളം നീണ്ട യോഗത്തിൽ നിലവിലെ നേതൃത്വത്തില്‍ വിശ്വാസമുണ്ടെന്ന് പങ്കെടുത്ത ഭൂരിഭാഗം നേതാക്കളും അറിയിച്ചതിനെ തുടർന്നാണിത്.
നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സ്ഥാനങ്ങളില്‍ നിന്ന് രാജിവയ്ക്കാന്‍ സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നേരത്തെ സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ നിലവില്‍ നേതൃസ്ഥാനം മാറേണ്ടതില്ലെന്ന് പ്രവര്‍ത്തക സമിതി തീരുമാനിക്കുകയായിരുന്നു.
തന്ത്രങ്ങള്‍ പിഴച്ചത് കൊണ്ടാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.സംഘടനയില്‍ സംഭവിച്ച തെറ്റുകള്‍ തിരുത്താനായി നടപടി സ്വീകരിക്കുമെന്നായിരുന്നു എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞത്.
“തെരഞ്ഞെടുപ്പ് ഫലം വലിയതോതില്‍ ആശങ്കയുണ്ടാക്കുന്നതാണ്. ബിജെപി സര്‍ക്കാരുകളുടെ ദുര്‍ഭരണം തുറന്ന് കാണിക്കുന്നതില്‍ പരാജയപ്പെട്ടു. പഞ്ചാബില്‍ ഭരണ വിരുദ്ധ വികാരമുണ്ടായി. സംഘടന തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ സോണിയ അധ്യക്ഷയായി തുടരും. പാര്‍ട്ടിയില്‍ സമഗ്രമായ പൊളിച്ചെഴുത്തിന് സോണിയയെ ചുമതലപ്പെടുത്തി. അടിയന്തരമായി സ്വീകരിക്കേണ്ട തെറ്റുതിരുത്തല്‍ നടപടികള്‍ സോണിയ സ്വീകരിക്കും. പാര്‍ലമെന്റ് സമ്മേളനത്തിന് ശേഷം ചിന്തന്‍ ശിബിര്‍ സംഘടിപ്പിക്കും.”-നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Back to top button
error: