“കാരിയൊന്നിനു കപ്പക്കഷണം രണ്ട്. കാന്താരിച്ചമ്മന്തി മേമ്പൊടി”
ഷാപ്പിലായാലും വീട്ടിലായാലും കാന്താരി ചമ്മന്തിയില്ലാതെ കപ്പ കഴിക്കുന്നത് മലയാളിക്ക് പൂർണ്ണമാകില്ല.
“അവനില്ല രാവും പകലും
അവനില്ലാ പുലരിയുമന്തിയും
അവനായി തെങ്ങും പനയും
പന നിറയെ പത പതയുന്നേ…”ഷാപ്പിൽ തിരക്കു കൂടി.കാന്താരി ചമ്മന്തിയുടെ എരിവിനൊപ്പം ബെഞ്ചിൽ താളമടിച്ചുള്ള പാട്ടിന്റെ ശക്തിയും കൂടി.
കപ്പ എന്നും നമ്മൾ മലയാളികളുടെ ഒരു സ്വകാര്യ അഹങ്കാരമാണ്.കപ്പയും ചമ്മന്തിയും കപ്പയും മീനും കപ്പയും ഇറച്ചിയും അങ്ങനെ വിത്യസ്ത രീതിയിൽ കപ്പ നമ്മുടെ രുചിയാഴങ്ങളുമായി പണ്ടുകാലം മുതലേ ബന്ധപ്പെട്ട് കിടക്കുന്നു.ഇനി കപ്പ തന്നെ ഏതൊക്കെ രീതിയിൽ ഉണ്ടാക്കാം.കപ്പ പുഴുങ്ങിയതു മുതൽ കപ്പബിരിയാണി വരെ ആ കണക്ക് നീളുന്നു.കപ്പ ഇഷ്ടമില്ലാത്ത ഒരു മലയാളിപോലും ഉണ്ടാവാൻ വഴിയില്ല.ഏത് നാട്ടിലായാലും മലയാളികളുടെ നാവിൽ രുചിയുടെ പെരുമഴ തീർക്കുന്ന വിഭവങ്ങളാണ് കപ്പ പുഴുക്കും ചമ്മന്തിയും.
ഇതിന് വേണ്ടത്:
കപ്പ – തോല്‍ കളഞ്ഞു പുഴുങ്ങിയത്
ചമ്മന്തി
കൊച്ചുള്ളിയും ഉപ്പും മുളകും ചേര്‍ത്ത് നന്നായി ചതച്ചെടുക്കുക.അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിക്കുക.രസികൻ മുളകു ചമ്മന്തി റെഡി.അല്ലെങ്കിൽ ഒരു പിടി നിറയെ ചെറിയ ഉള്ളിയും ഒരു 15 കാന്താരി മുളകും കൂടി നല്ലപോലെ ചതച്ചു വെളിച്ചെണ്ണയും ഒഴിച്ച് ചമ്മന്തി ഉണ്ടാക്കി കപ്പയും കൂട്ടി കഴിക്കുക.വറ്റൽ മുളക് ചേർത്തും ഇങ്ങനെ ചമ്മന്തി ഉണ്ടാക്കാം കപ്പ, ചമ്മന്തി,കട്ടന്‍ കാപ്പി.. ആഹാ എന്തൊരു ചേര്‍ച്ച.അല്ലേ..?
കപ്പയുടെ ഗുണങ്ങൾ
മലയാളികളുടെ പ്രിയപ്പെട്ട ഈ വിഭവത്തിന് ഔഷധ ഗുണമേറെയുണ്ട്. കാർബോഹൈഡ്രേറ്റ്സ്, വൈറ്റമിൻസ്, മിനറൽസ് എന്നിവയാൽ സമ്പുഷ്ടമാണിത്. കൊഴുപ്പും സോഡിയവും വളരെ കുറഞ്ഞ അളവിൽ മാത്രമേ കപ്പയിൽ അടങ്ങിയിട്ടുമുള്ളൂ.
അതേസമയം കപ്പയിൽ ധാരാളം കാർബോഹൈഡ്രേറ്റ്സ് അടങ്ങിയിട്ടുണ്ട്.ശരീരം പുഷ്ടിപ്പെടുത്താൻ ഇവ സഹായിക്കും. കപ്പയിൽ അടങ്ങിയിരിക്കുന്ന അയൺ രക്തകോശങ്ങളുടെ വളർച്ചയെ ത്വരിതപ്പെടുത്തും.രക്തക്കുറവ് പരിഹരിച്ച് അനീമിയ തടയാനും ഇത് സഹായിക്കും.കുട്ടികളിലെ ജനിതക വൈകല്യങ്ങൾ പരിഹരിക്കാൻ കപ്പയിലടങ്ങിയിരിക്കുന്ന ഫോളിക് ആസിഡും ബി- കോംപ്ലക്സ് വൈറ്റമിനും സഹായിക്കും.ഗർഭിണികൾ ഗർഭകാലയളവിൽ കപ്പ കഴിക്കുന്നത് വൈകല്യങ്ങളില്ലാത്ത കുഞ്ഞു പിറക്കാൻ നല്ലതാണ്.
കപ്പയുടെ മറ്റൊരു സവിശേഷത അതിൽ ഉയർന്ന തോതിൽ അടങ്ങിയിരിക്കുന്ന ദഹനയോഗ്യമായ നാരുകളാണ്.ദഹന പ്രവർത്തനങ്ങൾ സുഗമമാക്കാനും ഹൃദയാരോഗ്യം വർദ്ധിപ്പിക്കാനും രക്തക്കുഴലുകളിൽ കൊഴുപ്പടിഞ്ഞു കൂടുന്നതു തടയാനും ഈ നാരുകൾ സഹായിക്കും.പ്രോട്ടീന്റെ കുറവു പരിഹരിക്കാൻ സസ്യാഹാരികൾ ദിവസേന കപ്പ കഴിച്ചാൽ മതി.മസിലുകളുടെ വളർച്ചക്കും മറ്റും കപ്പയിൽ ഉയർന്ന തോതിലടങ്ങിയിരിക്കുന്ന പ്രോട്ടീൻ സഹായിക്കും.കപ്പയിൽ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ കെ, കാൽസ്യം അയൺ എന്നിവ എല്ലുകളെ സംരക്ഷിക്കുന്നു.പ്രായാധിക്യം മൂലമുള്ള എല്ലുകളുടെ തേയ്മാനം സന്ധിവാതം എന്നിവയെ ചെറുക്കാനും കപ്പയ്ക്കു കഴിയും.