KeralaNEWS

അവർക്ക് വിജയ രംഗരാജു, നമുക്ക് റാവുത്തർ; അറിയാമോ ഈ നടനെ ?

ചില അഭിനേതാക്കളുണ്ട്. അവര്‍ പ്രേക്ഷക മനസ്സുകളില്‍ നിലനില്‍ക്കുന്നത് ചെയ്തു ഫലിപ്പിച്ച കഥാപാത്രങ്ങളുടെ പേരിലാകും. ആ അഭിനേതാക്കളുടെ പേര് പലര്‍ക്കും ഓര്‍മ്മയില്‍ വരണമെന്നില്ല.അവര്‍ ചെയ്ത കഥാപാത്രമാകും ഓര്‍മ്മയില്‍ നില്‍ക്കുന്നത്.അത്തരത്തിലൊരാളാണ് വിജയ രംഗരാജു.ഈ പേര് പലര്‍ക്കും പരിചിതമാകണമെന്നില്ല.എന്നാല്‍ ആ നടന്റെ മുഖം കണ്ടാല്‍ എല്ലാവരുടേയും മനസ്സില്‍ റാവുത്തര്‍ എന്ന പേര് പെട്ടെന്ന് തന്നെ ഓടിയെത്തും.വിജയ രംഗരാജു മലയാളത്തില്‍ അഭിനയിച്ച ആദ്യ സിനിമയായിരുന്നു വിയറ്റ്‌നാം കോളനി.
പ്രേക്ഷകര്‍ ഏറ്റെടുത്ത കഥാപാത്രങ്ങളിലൊന്നായിരുന്നു വിയറ്റ്‌നാം കോളനിയിലെ റാവുത്തര്‍.വിയറ്റ്‌നാം കോളനിയിലെ നിവാസികളില്‍ ഉണ്ടാക്കിയ അതേ പേടിയും ദേഷ്യവും റാവുത്തറിനോട് സിനിമ കാണുന്ന ഓരോ പ്രേക്ഷകനും തോന്നി എന്നതാണ് ആ കഥാപാത്രത്തിന്റെ വിജയം.സിനിമ റിലീസായി മുപ്പത് വര്‍ഷങ്ങള്‍ തികയുമ്പോഴും അതില്‍ മാറ്റമൊന്നുമില്ല. റാവുത്തരായി വിയറ്റ്‌നാം കോളനിയില്‍ നിറഞ്ഞു നിന്നത് വിജയ രംഗരാജു എന്ന നടനാണ്.അന്യഭാഷ നടനായ വിജയ രംഗരാജുവിന് വിയറ്റ്‌നാം കോളനിയില്‍ ശബ്ദം നല്‍കിയത് നടന്‍ എന്‍ എഫ് വര്‍ഗ്ഗീസ് ആയിരുന്നു.ആ ശബ്ദവും കഥാപാത്രത്തിന്റെ സ്വീകാര്യതയ്ക്ക് വഹിച്ച പങ്ക് ചെറുതല്ലായിരുന്നു.
അത്‌ലറ്റിക് മേഖലയില്‍ നിന്നാണ് സിനിമയിലേക്കുള്ള നടന്റെ വരവ്.വെയിറ്റ് ലിഫ്റ്റിംഗ് മത്സരങ്ങളിലും വിജയ രംഗരാജു പങ്കെടുത്തിട്ടുണ്ട്.ചെന്നൈയിൽ വച്ച് നടന്ന ഗുസ്തി മത്സരത്തിൽ ചാമ്പ്യനുമായിരുന്നു.ഭൈരവ ദീപം എന്ന തെലുങ്ക് സിനിമയിലൂടെയാണ് നടന്റെ സിനിമയിലേക്കുള്ള തുടക്കം.തന്റെ വലിയ ശരീര പ്രകൃതംകൊണ്ടുതന്നെ നടനെ തേടിയെത്തിയ കഥാപാത്രങ്ങളില്‍ ഭൂരിഭാഗവും നെഗറ്റീവ് ഷേഡുള്ളവയായിരുന്നു. യജ്‌ന, വിശാഖ എക്‌സ്പ്രസ്സ് തുടങ്ങിയ സിനിമകളിലെ വിജയ രംഗരാജു കഥാപാത്രങ്ങള്‍ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.ധനുഷ് നായകനായി തിളങ്ങിയ പഠിക്കാത്തവന്‍ എന്ന തമിഴ് സിനിമയിലെ കഥാപാത്രവും വിജയ രംഗരാജുവിന്റേ പ്രേക്ഷകര്‍ സ്വീകരിച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു.
വിയറ്റ്‌നാം കോളനി എന്ന സിനിമയ്ക്ക് ശേഷം ഹിറ്റ്‌ലര്‍ ബ്രദേഴ്‌സ് എന്ന സിനിമയിലൂടെ വിജയ രംഗരാജു വീണ്ടും മലയാളത്തിലെത്തി. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി നായകനായ വെനീസിലെ വ്യാപാരി എന്ന സിനിമയിലും വിജയ രംഗരാജു അഭിനയിച്ചു. ബാബുരാജ് സംവിധാനം ചെയ്ത മനുഷ്യമൃഗം എന്ന സിനിമയിലും നടന്‍ അഭിനയിച്ചു. എന്നാല്‍ റാവുത്തര്‍ പോലെ ആ കഥാപാത്രങ്ങളൊന്നും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.വിജയ് ആന്റണി നായകനായ അണ്ണാദുരൈ എന്ന സിനിമയുടെ ലൊക്കേഷനില്‍വെച്ച് നടി ജുവല്‍ മേരി വിജയ രംഗരാജുവിനെ കണ്ടപ്പോള്‍ നടന്റെ കൂടെ നിന്ന് ഫോട്ടോ എടുക്കുകയും ഒരു അടിക്കുറിപ്പോടെ ഫോട്ടൊ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ‘നിങ്ങളുടെ ഊഹം ശരിയാണ്. ഇത് നമ്മുടെ പ്രിയപ്പെട്ട റാവുത്തറണ്ണനാണ്.’ മൊബൈലും മറ്റും ഇല്ലാതിരുന്ന ഒരു കാലത്ത് മലയാളികള്‍ അയച്ചിരുന്ന കത്തുകള്‍ ചാക്കുകണക്കിന് ഇദ്ദേഹത്തിന് കിട്ടാറുണ്ടായിരുന്നു.ഇപ്പോഴും തെലുങ്ക് തമിഴ് സിനിമകളില്‍ സജീവമാണ് വിജയ രംഗരാജു എന്ന മലയാളികളുടെ സ്വന്തം റാവുത്തര്‍.
ഒരിക്കലും മലയാള സിനിമ പ്രേക്ഷകര്‍ക്ക് മറക്കാന്‍ കഴിയാത്ത ഒരു പേരാണ് റാവുത്തറിന്റേത്.മലയാളത്തിലെ എക്കാലത്തേയും മികച്ച വില്ലന്‍ കഥാപാത്രങ്ങളിലൊരാള്‍. സിദ്ധിഖ് ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന വിയറ്റ്‌നാം കോളനി എന്ന മോഹന്‍ലാല്‍ സിനിമയിലെ വില്ലന്‍. വിയറ്റ്‌നാം കോളനിയിലെ സാധാരണക്കാരെ മാത്രമല്ല സിനിമ കണ്ട ഓരോ പ്രേക്ഷകരെയും ഭയത്തിന്റെ ആഴങ്ങളില്‍ എത്തിച്ച കരുത്തനായ പരുക്കനായ വില്ലനായിരുന്നു റാവുത്തര്‍. ഇപ്പോഴും ആ പേര് കേള്‍ക്കുമ്പോള്‍ ഭയം നിറയും.

Back to top button
error: