തിരുവനന്തപുരം: എ.കെ. ആന്റണി, കെ. സോമപ്രസാദ്, എം.വി ശ്രേയംസ്കുമാർ എന്നിവരുടെ രാജ്യസഭാഗത്വം ഏപ്രിൽ 2 ന് അവസാനിക്കുകയാണ്. മാർച്ച് 31 ന് രാജ്യസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ആരാകും സ്ഥാനാർത്ഥികൾ എന്ന ചർച്ച സംസ്ഥാനത്ത് ചൂട് പിടിച്ചിരിക്കുന്നു. ഒഴിവ് വരുന്ന മൂന്ന് സ്ഥാനങ്ങളിൽ ഒന്ന് വലത് പക്ഷത്തിനും രണ്ടെണ്ണം ഇടത് പക്ഷത്തിനുമാണ് വിജയിക്കാനാവുക.
നിലവിൽ ഒരു എം.എൽ.എ മാത്രമുള്ള എൽ.ജെ.ഡിക്ക് രാജ്യസഭാ സീറ്റ് നൽകുന്നതിൽ ഘടക കക്ഷികൾക്ക് എതിർപ്പുണ്ട്.
രണ്ട് ഒഴിവുകൾ ഒരുമിച്ച് വരികയാണെങ്കിൽ ഒരു സീറ്റ് സി.പി.ഐക്ക് നൽകാമെന്ന് എൽ.ഡി.എഫ് യോഗത്തിൽ സി.പി.എം ഉറപ്പ് നൽകിയിരുന്നു.
സി.പി.എം രാജ്യസഭാ സ്ഥാനാർത്ഥിയായി കണ്ണൂർ സ്വദേശിയും കർഷക സംഘം നേതാവും കേന്ദ്ര കമ്മറ്റി അംഗവുമായ വിജു കൃഷ്ണനാകുമെന്ന് ഏതാണ്ട് ധാരണയായി.
രണ്ടാമത്തെ സീറ്റിൽ നാളെ തീരുമാനമുണ്ടാകും. സി.പി.ഐ ഏറെ പ്രതീക്ഷ വെയ്ക്കുന്നുണ്ട്.
കോൺഗ്രസിന് ലഭിക്കുന്ന ഒരു സീറ്റിലേയ്ക്ക് മുല്ലപ്പള്ളി രാമചന്ദ്രനും കെ.വി തോമസും ഉൾപ്പടെ തല മുതിർന്ന ഒരു ഡസനിലേറെ നേതാക്കൾ കണ്ണു വെച്ച് ചരട് വലി തുടങ്ങിയിട്ടുണ്ട്. പക്ഷെ, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃത്താലയിൽ എം.ബി രാജേഷിനോട് പരാജയപ്പെട്ട വി.ടി ബൽറാമിനെ പരിഗണിക്കാനാണ് സാധ്യത.
യുവ നേതൃനിരയെ ഉയർത്തിക്കൊണ്ടുവരാനാണ് ഹൈക്കമാൻ്റിനും താൽപ്പര്യം.
സി.പി.ഐ(എം) കേന്ദ്രകമ്മിറ്റി അംഗവും അഖിലേന്ത്യാ കിസാൻസഭയുടെ ദേശീയ ജോയിന്റ് സെക്രട്ടറിയുമാണ് വിജൂ കൃഷ്ണൻ. സി.പി.(ഐ)എമ്മിന്റെ കേന്ദ്രകമ്മിറ്റി അംഗമാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ഇദ്ദേഹം.2018 മാർച്ച് 12ന് മഹാരാഷ്ട്രയിൽ നടന്ന, ലോകശ്രദ്ധയാർജിച്ച കർഷകസമരമായ ‘കിസാൻ ലോങ് മാർച്ചി’നെ നയിച്ചവരിൽ പ്രധാനിയായിരുന്നു വിജൂ കൃഷ്ണൻ.