IndiaNEWS

യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരം നിലനിര്‍ത്തുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍,പഞ്ചാബില്‍ ആം ആദ്മി,ഗോവയിലും, ഉത്തരാ ഖണ്ഡിലും കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ പോരാട്ടം, മണിപ്പൂരിൽ ബിജെ പി

 

ന്യൂഡല്‍ഹി: വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന്റെ ദിശാസൂചികയായി വിശേഷിപ്പിക്കപ്പെടുന്ന യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരം നിലനിര്‍ത്തുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. 403 സീറ്റുകളുള്ള യുപി നിയമസഭയില്‍ 202 ആണ് കേവല ഭൂരിപക്ഷം. 200ലധികം സീറ്റുകള്‍ നേടി ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷിയാകുമെന്നും 140 സീറ്റുകളെങ്കിലും നേടി അഖിലേഷ് യാദവിന്റെ എസ്പി പ്രതിപക്ഷത്ത് വരുമെന്നും ഫലങ്ങള്‍ പ്രവചിക്കുന്നു. കോണ്‍ഗ്രസ് ഒറ്റയക്കം പോലും കടക്കില്ലെന്നാണ് സര്‍വ്വേഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ബിഎസ്പിക്ക് പ്രവചിക്കപ്പെടുന്നത് അഞ്ച് മുതല്‍ 24 വരെ സീറ്റുകള്‍ നേടാം.

പഞ്ചാബില്‍ ആം ആദ്മി ഭൂരിപക്ഷം നേടുമെന്ന് ഏജന്‍സികള്‍ പറയുന്നു. 117 സീറ്റുകളുള്ള നിയമസഭയില്‍ 59 ആണ് കേവല ഭൂരിപക്ഷം. 56 മുതല്‍ 90 സീറ്റുകള്‍ വരെ എഎപി നേടിയേക്കും. കോണ്‍ഗ്രസ് 19 മുതല്‍ 33 സീറ്റുകള്‍ വരെ നേടാം. അകാലിദള്‍ സഖ്യം ഏഴ് മുതല്‍ 26 വരെ സീറ്റുകള്‍ നേടാനാണ് സാധ്യത. ബിജെപി രണ്ടക്കം കാണാനിടയില്ലെന്നും എന്‍ഡിവി ടിവി വിവിധ ഏജന്‍സികളെ ആശ്രയിച്ച് പുറത്തുവിട്ട സര്‍വ്വേ ഫലങ്ങള്‍ പറയുന്നു.

ഉത്തരാഖണ്ഡില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ കടുത്ത മത്സരം നടക്കുകയാണെന്ന് സര്‍വ്വേ ഫലങ്ങള്‍ പറയുന്നു. 70 അംഗ സഭയില്‍ 36 ആണ് കേവല ഭൂരിപക്ഷം. ബിജെപി 26 മുതല്‍ 43 സീറ്റുകള്‍ വരെ നേടാം. കോണ്‍ഗ്രസിന് 24 മുതല്‍ 40 സീറ്റുകള്‍ വരെ ലഭിച്ചേക്കാം. ആം ആദ്മി പാര്‍ട്ടി പൂജ്യത്തിലോ മൂന്നിലോ ഒതുങ്ങിയേക്കും.

ഗോവയിലും കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രവചിക്കപ്പെടുന്നത്. 40 സീറ്റുകളുള്ള ഗോവന്‍ സഭയില്‍ 21 ആണ് അധികാരം നേടാന്‍ വേണ്ട സീറ്റുകളുടെ എണ്ണം. ബിജെപി 13 മുതല്‍ 22 സീറ്റുകള്‍ വരെ നേടാം. കോണ്‍ഗ്രസിന് 11 മുതല്‍ 25 സീറ്റുകളില്‍ വരെ ജയസാധ്യതയുണ്ട്. ഗോവയിലേക്കെത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് സംപൂജ്യരാകുകയോ അഞ്ച് സീറ്റ് വരെ നേടുകയോ ചെയ്യും.

മണിപ്പൂരില്‍ ബിജെപിക്കാണ് മുന്‍തൂക്കം കല്‍പിക്കപ്പെടുന്നത്. 60 അംഗ നിയമസഭയില്‍ 31 ആണ് കേവല ഭൂരിപക്ഷം. ബിജെപി 26 മുതല്‍ 38 സീറ്റുകള്‍ വരെ നേടിയേക്കും. കോണ്‍ഗ്രസിന് 10 മുതല്‍ 17 സീറ്റ് വരെ ലഭിച്ചേക്കുമെന്നും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നു.

Back to top button
error: