കാട്ടിലെ വിളയാടി നടന്ന മയിലെ വലയില്ലാമെ പിടിത്ത്, തീരും തിനയും കൊടുത്ത്, നീരും നെരുപ്പും കൊടുത്ത്, പാസം നേസം കൊടുത്ത്, ഊരറിയാമല്‍ ഉലകറിയാമല്‍ അന്പ്ക്ക് പിന്‍പേ അന്പ് പെടാമെ വെട്ടി കണ്ടം തുണ്ടമാ വെട്ടി, കലത്തിപോട്ടി വാറ്റി ഉണ്ടാക്കി ഇത് ശുദ്ധമായ മയിലെണ്ണൈ..…കേട്ടിട്ടില്ലേ.. . പണ്ടുകാലത്ത് നമ്മുടെ വഴിയോരങ്ങളിൽ പതിവായിരുന്നു ഇത്.
വഴിയോരങ്ങളിൽ പച്ചമരുന്നും തൈലവും മറ്റും വിറ്റ് ആളുകളെ പറ്റിക്കുന്ന സംഘങ്ങൾ ഇന്നുമുണ്ട്. അവരുടെ വലയിൽ കുരുങ്ങി പത്തും അമ്പതും രൂപ ദക്ഷിണ കൊടുത്തു”മരുന്ന്” വാങ്ങി ഉപയോഗിക്കുന്നവരെ ഇന്നും നമുക്ക് കാണാൻ സാധിക്കും.അഞ്ചോ പത്തോ ലക്ഷം രൂപ നല്കി മോൻസണിനെപ്പോലുള്ള വൻ തട്ടിപ്പുകാർക്ക് നിന്നുകൊടുക്കുന്ന വിദ്യാസമ്പന്നർ ഇന്നും നമ്മുടെ സമൂഹത്തിൽ ഉള്ളപ്പോൾ ഇതൊക്കെയെന്ത്, അല്ലേ..? ഭാവനാവിലാസങ്ങൾ കൊണ്ട് സമ്പന്നർ ആണ് ഇത്തരം തട്ടിപ്പുകാർ.കൈയ്യിൽ
കിട്ടുന്ന എന്തും കൊണ്ട് അവര് വിദ്യാസമ്പന്നർ എന്നവകാശപ്പെടുന്നവരെപ്പോലും വളരെ എളുപ്പം വലയിലാക്കുന്നു.കബളിക്കപ്പെട് ടതിനുശേഷം മാത്രമേ അവർ പോലും ഇതിനെപ്പറ്റി ചിന്തിക്കൂ.അപ്പോഴേക്കും പുതിയ ഇനം തട്ടിപ്പുമായി അടുത്ത കൂട്ടർ രംഗപ്രവേശം ചെയ്തിട്ടുണ്ടാവും…ഇത്തരം തട്ടിപ്പുകാരുടെ ചില ‘പ്രൊഡക്ട്സ്’ ഇവിടെ പരിചയപ്പെടുത്തുന്നു.നിങ്ങളെങ് കിലും ചതിയിൽ പെടാതിരിക്കുക.
വെള്ളിമൂങ്ങ …
എലി, പാറ്റ, പല്ലി എന്നിവയെയൊക്കെ തിന്നു ജീവിക്കുന്ന ഒരു സാധുപക്ഷിയാണു വെള്ളിമൂങ്ങ. ടൈടോ ആൽബ എന്നാണു ശാസ്ത്രീയ നാമം.ഇണകളായാണ് ഇവ ജീവിക്കുന്നതും ഇരപിടിക്കുന്നതും.പത്തു വർഷം വരെ ആയുസുണ്ട്.ഒരു ജോഡി വെള്ളിമൂങ്ങ ഒരു വർഷം കുറഞ്ഞത് 1500 എലികളെ പിടിക്കുമെന്നാണ് ഏകദേശ കണക്ക്. കർഷകരുടെ വലിയ കൂട്ടുകാരനാണു വെള്ളിമൂങ്ങ.പക്ഷേ, ‘സാത്താനെ’ ആകർഷിക്കാനും പണം സമ്പാദിക്കാനും മറ്റുള്ളവരെ വശീകരിക്കാനുമായി വെള്ളിമൂങ്ങകളെ ഉപയോഗിച്ചുള്ള മന്ത്രവാദങ്ങൾക്കു തട്ടിപ്പുകാർ രൂപം കൊടുത്തതോടെ വെള്ളിമൂങ്ങയുടെ കഥ കഴിയാൻ തുടങ്ങി.ഇത്തരം ദുർകർമങ്ങളുടെ ഒടുവിൽ വെള്ളിമൂങ്ങയെ കുരുതി കൊടുത്ത് അതിന്റെ രക്തം വീടിനു ചുറ്റും തളിച്ചാൽ സാത്താൻ ഗൃഹനാഥന്റെ അടിമയാവുമെന്നു വിശ്വസിക്കുന്നവരുമുണ്ട്.ലക്ഷങ് ങളാണ് വില.
നക്ഷത്ര ആമ….
വംശനാശം സംഭവിക്കുന്ന നക്ഷത്ര ആമയെ അധികവും കടത്തുന്നത് മലേഷ്യ, തായ്‌ലൻഡ് എന്നിവിടങ്ങളിലേക്കാണ്. സഹ്യമലനിരകളിലാണ് കാണാൻ ഏറെ ഭംഗിയുള്ള നക്ഷത്ര ആമകളെ കൂടുതലായും കാണുന്നത്. മാരകരോഗങ്ങൾ ശമിപ്പിച്ചു ശരീരത്തിന് ഉത്തേജനം നൽകുമെന്നു വിശ്വസിക്കുന്ന അദ്ഭുത മരുന്ന് നിർമിക്കാനാണ് ഇവയെ കടത്തുന്നത്. ഒരു ആമയ്ക്കു 10,000 മുതൽ ലക്ഷങ്ങൾ വരെ വിലവാങ്ങും. ഇവയെ ഉപയോഗിച്ചുണ്ടാക്കുന്ന ഔഷധങ്ങൾ വൻ വിലയ്ക്കു വാങ്ങുന്നത് യൂറോപ്പിൽ നിന്ന് തായ്‌ലൻഡിലെത്തുന്ന വിനോദസഞ്ചാരികളാണ്.ഒരു വർഷം കോടികളുടെ ബിസിനസാണ് നക്ഷത്ര ആമ വഴി നടക്കുന്നത്.
നാഗമാണിക്യം …..
മൂർഖൻ പാമ്പിന്റെ വിഷം അതിന്റെ തലയിലിരുന്നു കട്ടപിടിക്കുമ്പോൾ അതു മാണിക്യമാവും.പ്രായമായി ഇരപിടിക്കാൻ കഴിയാതാവുമ്പോൾ പാമ്പ് അതു പുറത്തേക്കു തുപ്പും. പ്രകാശം ചൊരിയുന്ന മാണിക്യത്തിന്റെഅടുത്തേക്കു പറന്നുവരുന്ന പ്രാണികളെ പാമ്പു തിന്നും.വിശപ്പു മാറുമ്പോൾ പാമ്പു മാണിക്യം വീണ്ടും വിഴുങ്ങും. വിശക്കുമ്പോൾ പ്രാണികളെ പിടിക്കാൻ വീണ്ടും തുപ്പും.ഇങ്ങനെ തുപ്പുന്ന മാണിക്യം പാമ്പ് അറിയാതെ കൈക്കലാക്കുന്നതാണത്രെ നാഗമാണിക്യമായി വിപണിയിൽ എത്തുന്നത്.അതു വീട്ടിൽ സൂക്ഷിച്ചാൽ വലിയ ഐശ്വര്യമുണ്ടാകുമെന്നാണു വിൽപനക്കാർ പറയുന്നത്.ഈ കഥ വിശ്വസിച്ച് ഒരു കോടി രൂപവരെ കൊടുത്ത് 20 രൂപ വിലയുള്ള തിളങ്ങുന്ന കല്ലു വാങ്ങി വീട്ടിൽ കൊണ്ടുപോവുന്നവരോട് എന്തു പറയാനാണ്.!!
ഗജമുത്ത് ….
വീട്ടിൽവച്ചാൽ ഐശ്വര്യദായകമാണെന്നാണു പറച്ചിൽ.ചില പ്രത്യേക സിദ്ധിയുള്ള കൊമ്പനാനകളുടെ മസ്തകത്തിന്റെ ഉള്ളിൽ തലച്ചോറിനോടു ചേർന്നു വളരുന്ന അദ്ഭുത വസ്തുവാണ് ഗജമുത്തെന്നാണു കഥ.ആന ചെരിയുമ്പോൾ മസ്തകം തകർത്തു ഗജമുത്ത് പുറത്തെടുക്കും.ഇതു വാങ്ങാനും നമ്മുടെ നാട്ടിൽ ക്യൂവാണ്.
റൈസ് പുള്ളർ ....
ഇറിഡിയം ലോഹത്തിൽ നിർമിച്ചതും ഇതിന്റെ സ്വഭാവ ഗുണങ്ങൾ പ്രകടിപ്പിക്കുന്നതുമായ ലോഹ ഉരുപ്പടികളാണു റൈസ് പുള്ളർ.പേരു സൂചിപ്പിക്കുന്നതു പോലെ ഇത്തരം ഉരുപ്പടികൾ ഐശ്വര്യത്തിന്റെപ്രതീകങ്ങളായ ധാന്യമണികളെ ആകർഷിക്കുന്നതായി കാണിക്കും. ഇവയ്ക്കു സമീപം വാച്ച്, ക്ലോക്ക് എന്നിവ അടുപ്പിച്ചാൽ അവയുടെ സൂചികൾ നിലയ്ക്കും.ഇത്തരം കൺകെട്ടു വിദ്യകൾ കാണിച്ചാണ് ഇരയെ കബളിപ്പിക്കുന്നത്.അരിമണികളിൽ ഇരുമ്പുതരി പശ ചേർത്ത് ഒട്ടിച്ച് അതിനു മുകളിൽ പെയിന്റ് അടിച്ചാണ് തട്ടിപ്പിനു വഴിയൊരുക്കുന്നത്.ഇതിനൊപ്പം ശക്തിയേറിയ കാന്തവും ഉപയോഗിക്കും.പലപ്പോഴും തട്ടിപ്പുകാരുടെ കയ്യടക്കത്തിലാണ് ഇരകൾ വീഴുന്നത്. 10 ലക്ഷം മുതൽ 1.50 കോടി രൂപയ്ക്കു വരെ റൈസ് പുള്ളർ വാങ്ങി വീട്ടിൽ കൊണ്ടുപോയ കേസുകൾ കേരള പൊലീസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.മറ്റു ലോഹങ്ങളുടെ കാഠിന്യം വർധിപ്പിക്കുന്നതിനും ആണവ ഉപയോഗത്തിനുള്ള സമ്പുഷ്ട യുറേനിയത്തിന്റെ നിർമാണത്തിനും ഇറിഡിയം ഉപയോഗിക്കാറുണ്ട്.മഷി ഒഴിച്ച് ഉപയോഗിക്കുന്ന പേനയുടെ നിബ് നിർമിക്കാനും ഇറിഡിയം ഉപയോഗിച്ചിരുന്നു. മിന്നൽ രക്ഷാചാലകങ്ങളായി ഉപയോഗിക്കുന്ന ലോഹങ്ങൾക്ക് ഇടിമിന്നലേറ്റു കാലക്രമത്തിൽഇറിഡിയത്തിന്റെ ഗുണം ലഭിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. ക്ഷേത്രങ്ങളുടെ താഴികക്കുടങ്ങൾ മോഷ്ടിച്ച് ‘ഇറിഡിയം റൈസ്പുള്ളർ’ എന്ന പേരിൽ വിൽക്കുന്നതും പൊലീസ് പിടികൂടിയിട്ടുണ്ട്.
ഇരുതലമൂരി ….
പാവം ജീവി. അതിനറിയാമോ മനുഷ്യന്റെ ഓരോ ബലഹീനതകൾ? ഇരുതലമൂരിയെ വീട്ടിൽ വളർത്തിയാൽ ലൈംഗിക ഉത്തേജനമുണ്ടാവും, ഇരുതല മൂരിയെ ധാന്യപ്പൊടിയിൽ സൂക്ഷിച്ച് അതിന്റെ ശരീരശ്രവങ്ങൾ കലർന്ന ധാന്യപ്പൊടി കൊണ്ട് ആഹാരമുണ്ടാക്കി കഴിച്ചാൽ എയ്ഡ്സിൽ നിന്നു മോചനം… തുടങ്ങിയവയാണു വിദേശികളെ അടക്കം വീഴ്ത്തിയത്.അൻപതു ലക്ഷം രൂപയ്ക്കു വരെ ഇവയെ വാങ്ങിയവരുണ്ട്.കേരളത്തിൽ ചെറിയ ഇനം ഇരുതലമൂരി (റെഡ് സാൻഡ് ബോവസ്) കളെയാണു സാധാരണ കാണാറുള്ളത്. എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ മൂന്നു മുതൽ അഞ്ചു കിലോഗ്രാം വരെ തൂക്കവും മൂന്നടി വരെ വലുപ്പവുമുള്ള ഇരുതലമൂരികളെ കാണാറുണ്ട്. ‘ഈറിസ് ജോണ്‌യ്’ എന്നാണ് ശാസ്ത്രീയനാമം. ഇവയ്ക്കു നൂറു വർഷം വരെ ആയുസുണ്ടെന്നു പറഞ്ഞും കബളിപ്പിക്കാറുണ്ട്. എന്നാൽ വാങ്ങി ഒന്നോ രണ്ടോ വർഷം കൊണ്ട് ഇവ ചത്തുപോവും.
സ്റ്റാഗ് വണ്ട്(Stag beetle)
ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഈ പ്രാണിയെ സ്റ്റാഗ് വണ്ട് എന്നാണ് ലോകം അറിയുന്നത്. 2 മുതല്‍ 3 ഇഞ്ച് വരെ വലിപ്പമുള്ള ഈ വണ്ട് ഭൂമിയിലെ ഏറ്റവും ചെറുതും വിചിത്രവും അപൂര്‍വവുമായ ഇനങ്ങളില്‍ ഒന്നാണെന്ന് പറയപ്പെടുന്നു. ഈ വണ്ടിനായി ആളുകള്‍ ആയിരങ്ങള്‍ ചെലവഴിക്കാന്‍ തയ്യാറാണ്. ജപ്പാനിലാണ് പ്രധാനമായും സ്റ്റാഗ് വണ്ടുകളുടെ കച്ചവടവും വളര്‍ത്തലും നടക്കുന്നത്.കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഒരു ജാപ്പനീസ് ബ്രീഡര്‍ തന്റെ സ്റ്റാഗ് വണ്ടിനെ 89,000 ഡോളറിന് (ഏകദേശം 65 ലക്ഷം രൂപ) വിറ്റുവത്രെ!!