World

പ്രതിരോധ ബജറ്റ് കുത്തനെ ഉയര്‍ത്തി ചൈന

ബെയ്ജിങ്: നടപ്പു സാമ്പത്തികവര്‍ഷത്തില്‍ പ്രതിരോധ മേഖലയ്ക്കുള്ള വിഹിതം 7.1 ശതമാനം വര്‍ധിപ്പിച്ചു ചൈന. ഇതോടെ ഈ വര്‍ഷം പ്രതിരോധ മേഖലയ്ക്കായി ചൈന നീക്കിവച്ചിരിക്കുന്ന തുക 230 ബില്യന്‍ യുഎസ് ഡോളറായി (ഏകദേശം 17. 57 ലക്ഷം കോടി രൂപ). കഴിഞ്ഞ വര്‍ഷം ഇത് 209 ബില്യന്‍ (15.97 ലക്ഷം കോടി) ആയിരുന്നു. ചൈനയുടെ പ്രതിരോധ വിഹിതം ഇന്ത്യയുടെ പ്രതിരോധ വിഹിതത്തിന്റെ മൂന്നിരട്ടിയിലേറെയാണ്. നടപ്പു സാമ്പത്തികവര്‍ഷത്തില്‍ പ്രതിരോധ മേഖലയ്ക്കുള്ള ഇന്ത്യയുടെ വിഹിതം 70 ബില്യന്‍ (5,25,166 കോടി) മാത്രമാണ്. കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യയുടെ പ്രതിരോധ മേഖലയ്ക്കുള്ള വിഹിതം 5,02,884 കോടിയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ പ്രതിരോധ വിഹിതത്തെക്കാള്‍ 4.4 ശതമാനത്തിന്റെ വര്‍ധനയാണ് ഇന്ത്യ ഇത്തവണ നടപ്പാക്കിയത്. 22284 കോടിയുടെ വര്‍ധന.

യുക്രെയ്നിലെ റഷ്യന്‍ അധിനിവേശത്തിന് പിന്നാലെ ജര്‍മനി അവരുടെ പ്രതിരോധ ബജറ്റ് ഇരട്ടിയാക്കിയാക്കിയിരുന്നു. തൊട്ടുപിന്നാലെയാണ് പ്രതിരോധ മേഖലയ്ക്കുള്ള വിഹിതം ചൈനയും കുത്തനെ ഉയര്‍ത്തുന്നത്. 2021ലും ചൈന പ്രതിരോധ മേഖലയ്ക്കുള്ള വിഹിതം 6.8 ശതമാനം കൂട്ടിയിരുന്നു. നാഷനല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് (എന്‍പിസി) യില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ രണ്ടാമനും പ്രധാനമന്ത്രിയുമായ ലി കെചിയാങ് ആണ് ബജറ്റിന്റെ കരട് അവതരിപ്പിച്ചത്. ചൈന പ്രതിരോധ ചെലവ് കുത്തനെ ഉയര്‍ത്തുന്നത് ഗൗരവത്തോടെയാണ് ഇന്ത്യ കാണുന്നത്. യുഎസിനു ശേഷം പ്രതിരോധമേഖലയില്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്ന രാജ്യം കൂടിയാണു ചൈന.

Signature-ad

ചൈനീസ് സൈന്യത്തിന്റെ സ്വാധീനവും ആയുധശേഖരവും വര്‍ധിപ്പിക്കുമെന്ന പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്റെ പ്രഖ്യാപിത നയത്തിന് അനുസൃതമാണ് പ്രതിരോധ വിഹിതത്തിലെ വര്‍ധന എന്നതും ശ്രദ്ധേയം. വിവിധ രാജ്യങ്ങളുമായി ദക്ഷിണ ചൈനാ കടലിനെച്ചൊല്ലിയും ഇന്ത്യ ഉള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങളോട് അതിര്‍ത്തിയുമായി ബന്ധപ്പെട്ടും തര്‍ക്കം തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ പ്രതിരോധ വിഹിതത്തില്‍ ചൈന വരുത്തിയ വര്‍ധന ശ്രദ്ധേയമാണ്. യുക്രെയ്നിലെ റഷ്യന്‍ അധിനിവേശത്തിന് പിന്നാലെ കൂടുതല്‍ രാജ്യങ്ങള്‍ പ്രതിരോധ ബജറ്റ് വര്‍ധിപ്പിച്ചേക്കാമെന്ന ആശങ്ക നിലനില്‍ക്കവേയാണ് ചൈനയുടെ പ്രഖ്യാപനം.

ലോകരാഷ്ട്രങ്ങളുടെ പ്രതിരോധ ബജറ്റ് പല മടങ്ങ് വര്‍ധിക്കുന്നതിനും അതുവഴി ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ വിദ്യാഭ്യാസ മേഖലകളിലെ സര്‍ക്കാര്‍ ഇടപെടല്‍ നാമമാത്രമാകുന്നതിനും യുക്രെയ്ന്‍ യുദ്ധം കാരണമായേക്കാമെന്നു രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. തയ്വാനെ കൂട്ടിച്ചേര്‍ത്ത് ‘ഏകീകൃത ചൈന’ എന്ന ആഗ്രഹം പരസ്യമായി പ്രകടിപ്പിക്കുന്ന ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ് തയ്വാന്‍ അധിനിവേശത്തിനു ശ്രമിച്ചേക്കുമെന്ന ആശങ്കയും ഉന്നത രാഷ്ട്രീയ നേതാക്കള്‍ പങ്കുവച്ചിരുന്നു.

 

Back to top button
error: