World

യുദ്ധം തന്നെ; വ്യോമപാത നിരോധനം സംഘര്‍ഷം വഷളാക്കും: പുട്ടിന്‍റെ മുന്നറിയിപ്പ്

കീവ്/ മോസ്കോ: യുക്രെയ്നിലെ സൈനിക നടപടിയുമായി മുന്നോട്ടുപോകുമെന്ന് ആവര്‍ത്തിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്‍. യുക്രെയ്നു മുകളില്‍ വ്യോമപാത നിരോധനം ഏര്‍പ്പെടുത്തിയാല്‍ സംഘര്‍ഷം വഷളാകും. നിരോധനത്തിന് നീക്കമുണ്ടായാല്‍ കടുത്ത പ്രത്യാഘാതമുണ്ടാകും. യുക്രെയ്നിലെ സൈനിക നടപടി റഷ്യ ഉദ്ദേശിച്ച രീതിയിലാണ് മുന്നോട്ടുപോകുന്നതെന്നും പുട്ടിന്‍ പറഞ്ഞു.

നാറ്റോ വ്യാേമപാത നിരോധനം ഏര്‍പ്പെടുത്തണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെന്‍സ്കി ആവശ്യപ്പെട്ടിരുന്നു. റഷ്യന്‍ പോര്‍വിമാനങ്ങള്‍ തടയാനായിരുന്നു ഇത്. ആവശ്യം നാറ്റോ തള്ളി. റഷ്യയുടെ വ്യോമാക്രമണത്തിന് നാറ്റോ പച്ചക്കൊടി കാണിക്കുന്നുവെന്ന് സെലെന്‍സ്കി കുറ്റപ്പെടുത്തി. യുക്രെയ്നില്‍ ആളുകള്‍ കൊല്ലപ്പെടാനുള്ള കാരണം നാറ്റോ രാജ്യങ്ങളുടെ ഏകോപനമില്ലായ്മയാണെന്നും സെലെന്‍സ്കി പറഞ്ഞു.

Signature-ad

അതിനിടെ മരിയുപോള്‍, വൊള്‍നോവാഹ എന്നിവിടങ്ങളില്‍നിന്ന് ജനങ്ങളെ ഒഴിപ്പിക്കാനായി പ്രഖ്യാപിച്ച താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രാബല്യത്തിലായില്ല. ഇതേതുടര്‍ന്ന് ഒഴിപ്പിക്കല്‍ നിര്‍ത്തിവച്ചു. മരിയുപോളിലെ ഒഴിപ്പിക്കല്‍ നടപടികള്‍ നിര്‍ത്തിവച്ചെന്ന് ഡപ്യൂട്ടി മേയര്‍ പറഞ്ഞു. റഷ്യന്‍ സൈന്യം ആക്രമണം തുടരുന്നതിനാലാണ് തീരുമാനം. ഒഴിപ്പിക്കല്‍ പാതയില്‍ ഷെല്ലാക്രമണം ശക്തമെന്ന് ഡപ്യൂട്ടി മേയര്‍ പറഞ്ഞു. അധിനിവേശത്തിന്റെ ഭാഗമായി മരിയുപോളിൽ വൈദ്യുതി, ഭക്ഷണം, വെള്ളം, ഗതാഗതം എന്നിവയെല്ലാം വിലക്കിയിരിക്കുകയാണ്.

റഷ്യൻ ആക്രമണത്തിൽ യുക്രെയ്ൻ വിടുന്നവരുടെ എണ്ണം വർധിച്ചുവരികയാണ്. യുക്രെയ്നിൽ നിന്നുള്ള അഭയാർഥികളുടെ എണ്ണം ക്രമാതീതമാകുന്നെന്ന് പോളണ്ട് ആശങ്ക അറിയിച്ചു.

യുദ്ധത്തിന്‍റെ പത്താംനാള്‍ കീവ്–ഹര്‍കീവ് കേന്ദ്രീകരിച്ചായിരുന്നു റഷ്യന്‍ ആക്രമണം. കീവില്‍ വ്യോമാക്രമണം നടന്നതായി കീവ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു െചയ്തു. റഷ്യയുടെ ആക്രമണം യൂറോപ്പിന്‍റെ സുരക്ഷയ്ക്കുമേലുള്ള ആക്രമണമാണെന്ന് യുഎസ് പ്രതികരിച്ചു. ബിബിസി, സിഎന്‍എന്‍, ബ്ലൂംബെര്‍ഗ് എന്നീ വാർത്താ ചാനലുകളുടെ റഷ്യയിലെ പ്രവര്‍ത്തനം നിര്‍ത്തി.

Back to top button
error: