വാലൻ്റെൻസ് ഡേയിൽ സ്വപ്നാ സുരേഷിന് എഴുതിയ പ്രണയലേഖനത്തിലൂടെ സമൂഹമാധ്യമങ്ങളിൽ താരമായി മാറിയ തിരക്കഥാകൃത്ത് പ്രവീൺ ഇറവങ്കര ശരിക്കും ആരാണ്…?
കഴിഞ്ഞ രണ്ടാഴ്ചയായി പ്രവീണും സ്വപ്നയും പ്രേമലേഖനവുമാണ് എങ്ങും ചർച്ചാവിഷയം.
ഫെബ്രുവരി 14ന് വിശ്വപ്രണയ ദിനത്തിൽ തിരക്കഥാകൃത്തും നോവലിസ്റ്റും സംസ്ഥാന അവാർഡ് ജേതാവുമായ പ്രവീൺ ഇറവങ്കര ‘ന്യൂസ് ദെൻ’ ഓൺലൈൻ പോർട്ടലിലെ ‘നല്ലനടപ്പ്’ പംക്തിയിൽ എഴുതിയ കാലിക പ്രസക്തിയുള്ള പ്രേമലേഖനമാണ് ഭാഷാ സൗന്ദര്യം കൊണ്ടും പുതുമ കൊണ്ടും വായനക്കാരെ ആകർഷിച്ചത്.
പോസ്റ്റ് ചെയ്തത് മിനിറ്റുകൾക്കകം ലക്ഷക്കണക്കിന് ആളുകളാണ് ഈ പ്രേമലേഖനം വായിച്ചതും അഭിപ്രായം പറഞ്ഞതും.
മലയാളത്തിലെ മറ്റ് പ്രമുഖ ഓൺലൈൻ മാദ്ധ്യമങ്ങൾ അത് ഏറ്റെടുക്കുക കൂടി ചെയ്തതോടെ ഈ കഴിഞ്ഞ പ്രണയദിനം ഉത്സവമായി മാറി.
പ്രേമലേഖനം വായിച്ച സാക്ഷാൽ സ്വപ്നാ സുരേഷ് തന്റെ സുഹൃത്ത്, ചലച്ചിത്ര സീരിയൽ താരം ജീജ സുരേന്ദ്രനിൽ നിന്ന് പ്രവീൺ ഇറവങ്കരയുടെ നമ്പർ വാങ്ങുകയും നന്ദി അറിയിക്കുകയും പ്രേമലേഖനത്തിന് മറുപടി അയക്കുകയും ചെയ്തു.
ആ കത്തും നിമിഷങ്ങൾക്കകം വൈറലായി.
അടുത്ത ജന്മം നമുക്ക് ഒന്നിക്കാമെന്ന് പ്രവീൺ ഇറവങ്കരയും സ്വപ്നയും തങ്ങളുടെ കത്തുകളിലൂടെ കാവ്യാത്മകമായി പറഞ്ഞു വെച്ചു.
പിന്നീട് ജീജാ സുരേന്ദ്രന്റെ ചെറുമകളുടെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരം തച്ചോട്ടുകാവിലെ വീട്ടിൽ കുടുംബസമേതം എത്തിച്ചേർന്ന പ്രവീൺ ഇറവങ്കരയും സ്വപ്നയും ജീവിതത്തിലാദ്യമായി കണ്ടു മുട്ടി.
അവർ മണിക്കൂറുകളോളം സംസാരിക്കുകയും ഭക്ഷണം കഴിച്ചു പിരിയുകയും ചെയ്തു.
ഒരു പുരുഷൻ ഒരു പെണ്ണിനു നൽകിയ ആണത്തമുള്ള പ്രേമലേഖന സാഹിത്യത്തെ പ്രവീൺ ഇറവങ്കരയുടെ ഭാര്യ ശ്രീജ ഉണ്ണിത്താൻ പോലും തുറന്ന മനസ്സോടെയാണ് വരവേറ്റത്.
ജീജ സുരേന്ദ്രൻ പിന്നീട് പുറത്തു വിട്ട
സ്വപ്നയും ശ്രീജയും ഒരുമിച്ചുള്ള ചിത്രങ്ങൾ അതിനു തെളിവാണ്.
പിന്നീട് ഗൂഢോദ്ദേശ്യത്തോടെ ചിലർ ആ കഥ മാറ്റിയെഴുതി.
പ്രവീൺ ഇറവങ്കരയെയും സ്വപ്നയെയും അപമാനിക്കുന്ന തരത്തിൽ,
പ്രവീൺ ഇറവങ്കരക്കെതിരെ സ്വപ്ന സംസാരിച്ചെന്നും മറ്റും പ്രചരിപ്പിച്ചു.
പ്രവീൺ ഇറവങ്കര ആരെന്നു പോലും തനിക്കറിയില്ലെന്ന് സ്വപ്ന പറഞ്ഞെന്ന വാർത്തക്കടിയിൽ അവർ ഒരുമിച്ചുള്ള ഫോട്ടോ കൊടുത്ത വിഡ്ഡിക്കൂശ്മാണ്ഡങ്ങൾ വരെ ഇവിടെയുണ്ട്.
ഇറവങ്കരയെയും സ്വപ്നയെയും നിരന്തരം വിളിച്ച് ശല്യം ചെയ്ത് പ്രകോപിതരാക്കി വാർത്തയുണ്ടാക്കു എന്നതാണ് ഇവരുടെ ഗൂഡലക്ഷ്യം.
പക്ഷേ എല്ലാം കണ്ടും കേട്ടും, കഴിഞ്ഞ ദിവസങ്ങളിൽ ഇരുവരും നിശബ്ദരായിരുന്നു.
അനാവശ്യ വാർത്തകളോട് പ്രതികരിക്കാനില്ലെന്നാണ് ഇപ്പോഴും പ്രവീൺ ഇറവങ്കരയുടെ നിലപാട്.
ഒരു സാഹിത്യ സൃഷ്ടി എന്ന നിലയിലാണ് താൻ ആ പ്രേമലേഖനം എഴുതിയതെന്നും അതേ ആർജ്ജവത്തോടെയാണ് സ്വപ്ന അതിനു മറുപടി നൽകിയതെന്നും അത് വൈറലായപ്പോൾ അതിന്റെ അക്ഷരശോഭ കെടുത്താൻ ചില കുബുദ്ധികൾ പടച്ചു വിടുന്ന വാർത്തകളെ താൻ ഗൗനിക്കുന്നില്ലെന്നുമാണ് പ്രവീൺ ഇറവങ്കരയുടെ പക്ഷം.
“അവർക്കും ജീവിക്കെണ്ടേ. ചാനൽ നടത്തിക്കൊണ്ടു പോകാൻ ദിവസവും വാർത്തകൾ വേണ്ടേ ? പക്ഷേ ഇരകളോട് കുറച്ചു കൂടി ദയ ആവാം. എന്റെ കാര്യം പോട്ടെ. സ്വപ്ന ഒരുപാട് പ്രശ്നങ്ങൾക്കു നടുവിൽ നിന്ന് ഒറ്റയ്ക്കു പോരാടുന്ന ഒരു പാവം പെണ്ണാണ്. തെറ്റുകാരിയാണെങ്കിൽ നാളെ കോടതി അവരെ ശിക്ഷിക്കട്ടെ. പക്ഷേ അതിനു മുമ്പ് വിധി എഴുതാൻ നമുക്കെന്ത് അവകാശം?”
പ്രവീൺ ചോദിക്കുന്നു.
പ്രേമലേഖനത്തിനും തുടർന്നുണ്ടായ ചർച്ചകൾക്കും തികഞ്ഞ സഹൃദയത്വത്തോടെ നേതൃത്വം നൽകിയ മറുനാടൻ മലയാളിയും ഈസ്റ്റ് കോസ്റ്റുമടക്കം 99 ശതമാനം മാധ്യമങ്ങൾക്കും മാത്രമല്ല ഇല്ലാത്ത വാർത്തകൾ പൊടിപ്പും തൊങ്ങലും വെച്ച് നൽകി തന്നെയും സ്വപ്നയെയും തേജോവധം ചെയ്ത് വീണ്ടും വൈറലാക്കിയവർക്കും ഇറവങ്കര സരസമായ ചിരിയോടെ കടപ്പാട് അറിയിച്ചു.
ഒറ്റ പ്രേമലേഖനം കൊണ്ട് മലയാളി മനസ്സിനെ കീഴടക്കിയ ഈ പ്രവീൺ ഇറവങ്കര ശരിക്കും ആരാണെന്നു നമ്മൾ അറിയണം.
സ്കൂൾ പഠനകാലത്ത് കഥകൾ എഴുതിത്തുടങ്ങിയത് മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ്.
കോളജ് പഠനകാലത്ത് ആദ്യ കഥാസമാഹാരം കറന്റ് ബുക്സ് പ്രസിദ്ധീകരിച്ചു.
ഡി.സി ബുക്സിന്റെ രജിത ജൂബിലി പുരസ്കാര വിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ട ആദ്യ 10 നോവലുകളിൽ ഒന്ന് പ്രവീൺ ഇറവങ്കരയുടെ ‘ദൈവം ഇങ്ങനെയൊക്കെ വിചാരിക്കുന്നു’ ആയിരുന്നു.
പിന്നീട് ആനുകാലികങ്ങളിൽ അനവധി കഥകളും ലേഖനങ്ങളും എഴുതിയ ഇറവങ്കര 25ൽ അധികം സൂപ്പർ ഹിറ്റ് മെഗാ സീരിയലുകൾക്ക് തിരക്കഥയൊരുക്കി.
മകരവിളക്കും ആറ്റുകാൽ പൊങ്കാലയും തൃശൂർപ്പൂരവുമടക്കം 103 ലൈവ് കമെന്ററികൾ നടത്തി.
സംസ്ഥാന സർക്കാർ അവാർഡുകൾ ഉൾപ്പെടെ 40ൽ അധികം പുരസ്കാരങ്ങൾക്ക് അർഹനായി.
സംസ്ഥാന അവാർഡ് ജൂറി അംഗവും ആത്മീയ യാത്ര ടെലിവിഷന്റെ കണ്ടെന്റ് ആന്റ് പ്രോഗ്രാം ഹെഡും സാമൂഹ്യ പ്രവർത്തകനും മികച്ച പ്രഭാഷകനുമായ പ്രവീൺ സ്വപ്നക്ക് താൻ അയച്ച പ്രേമലേഖനത്തെയും ഒരു തികഞ്ഞ സാമൂഹ്യ പ്രതിബദ്ധതയായാണ് കാണുന്നത്.
സ്വപ്നക്ക് വേണ്ടി മാത്രമല്ല നീറുന്ന മുഴുവൻ പെൺമനസ്സുകൾക്കും വേണ്ടിയായിരുന്നു ആ കത്തെന്ന് പ്രവീൺ ഇറവങ്കര പറയുന്നു.
മുമ്പും ഇത്തരം വ്യത്യസ്ഥതകൾ കൊണ്ട് ശ്രദ്ധേയനായിട്ടുണ്ട് ഇദ്ദേഹം.
കുറ്റ വിമോചിതനായ നമ്പീ നാരായണന്റെ കാൽ കഴുകി നാടിനു വേണ്ടി പ്രതീകാത്മകമായി മാപ്പു പറഞ്ഞും ഗാഡ്ഗിൽ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കണമെന്നാശ്യപ്പെട്ട് ഉപവാസം നടത്തിയും വാർത്തകളിൽ നിറഞ്ഞു നിന്ന ഈ എഴുത്തുകാരന് അന്നൊന്നും ലഭിക്കാത്ത പൊതുജന സ്വീകാര്യതയും പ്രശസ്തിയുമാണ് ഈ ഒരൊറ്റ പ്രേമലേഖനം സമ്മാനിച്ചത്.
തന്റെ നിലവിലെ ഏറ്റവും വലിയ സൂപ്പർ ഹിറ്റ് ‘സ്വപ്നക്ക് അയച്ച പ്രേമലേഖന’മാണെന്നും അതിന്റെ ക്രെഡിറ്റ് താൻ സ്വപ്നക്കു സമ്മാനിക്കുന്നു എന്നും ഇതുമായി ബന്ധപ്പെട്ട മുഴുവൻ വിവാദങ്ങളും ഇവിടെ അവസാനിപ്പിക്കുന്നു എന്നും അടുത്ത ജന്മത്തിൽ തനിക്കും സ്വപ്നക്കും സൗകര്യമുണ്ടെങ്കിൽ വിവാഹം കഴിക്കുമെന്നും ഈ ജന്മത്തിൽ തങ്ങളെ വെറുതെ വിടണമെന്നും ഇത്തരം വഴിവിട്ട ചർച്ചകൾ സ്വപ്നയുടെ സ്വകാര്യ ജീവിതത്തെയോ നിയമപ്പോരാട്ടങ്ങളയോ ഒരു കാരണവശാലും ബാധിക്കാൻ പാടില്ലെന്നും പ്രവീൺ പറയുന്നു.
ഭാര്യ ശ്രീജക്കും മക്കൾ ആദിത്യതാരക്കും ആദിശങ്കറിനുമൊപ്പം മാവേലിക്കരയിൽ ‘അക്ഷരം’ എന്ന അക്ഷരം മണക്കുന്ന വീട്ടിൽ എഴുത്തും വായനയും പൊതു പ്രവർത്തനവുമായി പ്രവീൺ ഇറവങ്കര സജീവമാണ്.