CrimeNEWS

ഭാര്യ ഭർത്താവിനെ ടൈലും ഹോളോ ബ്രിക്സും കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി, ശേഷം ഉത്സവപ്പറമ്പിലെത്തി ഭാര്യ തന്നെ കൊലപാതക വിവരം പരസ്യമായി വിളിച്ചുപറഞ്ഞു; അനാഥരായത് മൂന്ന് പിഞ്ചുകുഞ്ഞുങ്ങൾ

നെടുമങ്ങാട്: ഭർത്താവ് നിരന്തരം രഹസ്യമായി ഫോൺ വിളിക്കുന്നതിൽ സംശയാലുവായ ഭാര്യ അയാളെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. തിരുവനന്തപുരം നന്ദിയോട് കുറുപുഴ കരിക്കകം എൽ.പി സ്കൂളിനു സമീപം ആദിത്യൻ ഭവനിൽ ഷിജു(37)വിനെയാണ് ഭാര്യ ടൈലും ഹോളോ ബ്രിക്സും ഉപയോഗിച്ചു തലക്കടിച്ചു ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തിൽ ഭാര്യ സൗമ്യ(33)യെ പാലോട് പൊലീസ് അറസ്റ്റ് ചെയ്തു. വിദേശത്തു ജോലി ചെയ്തിരുന്ന ഷിജു നാട്ടിലെത്തിയത് പത്തുദിവസം മുമ്പാണ്.

സംഭവം നടന്നത് ശിവരാത്രി ദിനത്തിൽ രാത്രി 11 മണിയോടെയാണ്. ഷിജു നിരന്തരം ആരെയൊക്കൊയോ ഫോൺ ചെയ്തിരുന്നതിൽ സംശയം തോന്നിയ സൗമ്യ അതിനെച്ചൊല്ലി ഭർത്താവുമായി വഴക്കിട്ടിരുന്നു എന്ന് പൊലീസ് പറഞ്ഞു.

സംഭവ ദിവസം രാവിലെ സൗമ്യ ഭർത്താവിന്റെ ഫോൺ ഒളിപ്പിച്ചു വച്ചു. വൈകിട്ട് മകനെ സമീപത്തെ ക്ഷേത്രത്തിൽ ഉരുൾനേർച്ചയ്ക്കു കൊണ്ടു പോയപ്പോൾ കയ്യിൽ  ഫോണും കൊണ്ടു പോയി. ഷിജു ക്ഷേത്രത്തിലെത്തി സൗമ്യയോട് ഫോൺ ചോദിച്ചെങ്കിലും കിട്ടാഞ്ഞതിനെത്തുടർന്ന് ഫോൺ ബലമായി പിടിച്ചു വാങ്ങി വീട്ടിലേക്കു മടങ്ങി. പിന്നാലെ പത്തു മിനിറ്റിനുള്ളിൽ സൗമ്യയും വീട്ടിലെത്തി.

അടുക്കളഭാഗത്ത് നിന്ന് ഷിജു രഹസ്യമായി ഫോൺ ചെയ്യുന്നതു കണ്ട സൗമ്യ ആരെയാണു വിളിച്ചതെന്നു തിരക്കി. മറുപടി ലഭിക്കാഞ്ഞതിനെത്തുടർന്നു ഇരുവരും തമ്മിൽ വഴക്കായി. പ്രകോപിതയായ സൗമ്യ തറയിൽ വിരിക്കുന്ന ടൈലുമായി പിന്നിൽ വന്ന് ഷിജുവിനെ തലയ്ക്കടിച്ചു വീഴ്ത്തി. നിലത്തു വീണു പിടഞ്ഞ ഷിജുവിന്റെ തലയിൽ, തറയിൽ കിടന്ന ഹോളോ ബ്രിക്സ് ഉപയോഗിച്ചു പലതവണ ഇടിച്ചു. തല ചിതറിത്തെറിച്ചു. ഭർത്താവിൻ്റെ മരണം ഉറപ്പാക്കിയ ശേഷം ഉത്സവപ്പറമ്പിലെത്തിയ സൗമ്യ തന്നെയാണു വിവരം നാട്ടുകാരെ അറിയിച്ചത്.
നെടുമങ്ങാട് ഡിവൈ.എസ്.പി, എം.കെ സുൽഫിക്കർ, പാലോട് ഇൻസ്പെക്ടർ സി.കെ. മനോജ് എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയാറാക്കി പോസ്റ്റുമോർട്ടത്തിനയച്ചു. ദമ്പതികൾക്ക് മൂന്നു മക്കളുണ്ട്.

ഷിജുവും സൗമ്യയും മക്കളും ആരോടും വലിയ അടുപ്പം കാണിക്കാറില്ലായിരുന്നു എന്ന് നാട്ടുകാർ പറയുന്നു. ഫോൺ വിളിയെച്ചൊല്ലി പലതവണ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. കൊലപാതകത്തിനു ശേഷംസൗമ്യ ക്ഷേത്ര പറമ്പിലെത്തി താൻ ഭർത്താവിനെ കൊന്നതായും തല അറുത്തു മാറ്റി കുഴിച്ചിട്ടതായും ബന്ധുക്കളോടും നാട്ടുകാരോടും പറഞ്ഞെങ്കിലും ആദ്യം ആരും വിശ്വസിച്ചില്ല. എന്നാൽ ശരീരത്തിൽ രക്തപ്പാടുകൾ കണ്ടതിനെ തുടർന്നു സംശയം തോന്നി ചെന്നു നോക്കുമ്പോഴാണ് ഷിജു തല ചിതറി കമഴ്ന്നു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഷിജുവിന്റെ മൃതദേഹത്തിനു സമീപത്തെ കല്ലുകളിൽ രക്തം പുരണ്ടിരുന്നു.
സൗമ്യയ്ക്ക് മാനസിക തകരാർ ഉണ്ടോ എന്ന് പരിശോധിക്കുമെന്നു പൊലീസ് പറഞ്ഞു. ഷിജുവിന്റെ മൃതദേഹം സംസ്കരിച്ചു.

Back to top button
error: