ഗ്യാസ് ട്രബിള്‍ പലരേയും അലട്ടുന്ന ഒന്നാണ്.ചിലര്‍ക്കിത് സന്തതസഹചാരിയായി കൂടെയുള്ള ഒരു പ്രശ്നം കൂടിയാണ്. ചിലര്‍ക്ക് ചില പ്രത്യേക ഭക്ഷണം കഴിച്ചാല്‍, ചിലര്‍ക്ക് ഏതു ഭക്ഷണം കഴിച്ചാലും ഈ പ്രശ്നമുണ്ടാകും. ചിലര്‍ക്കാകട്ടെ, ഒന്നും കഴിയ്ക്കാതെയും ഈ പ്രശ്നമുണ്ടാകും.നിസാരമായി കണ്ടാലും പലര്‍ക്കും ഏറെ അസ്വസ്ഥതയുണ്ടാക്കുന്ന ഒന്നാണിത്. ഗ്യാസിന്റെ കാതലായ കാരണം കുടല് ആരോഗ്യം ദോഷകരമാണെന്നതു തന്നെയാണ് .
ചില തരം ഭക്ഷണം, വ്യായാമക്കുറവ്, കുടല് സംബന്ധമായ ചില രോഗങ്ങള്‍ എന്നിവയെല്ലാം തന്നെ ഈ പ്രശ്നത്തിന് കാരണമാകാറുണ്ട്. ഇതിനായി സ്ഥിരം അന്റാസിഡുകള്‍ ഉപയോഗിയ്ക്കുന്നത് അത്ര നല്ല ശീലമല്ല. പിന്നീട് ഇതില്ലാതെ പറ്റില്ലെന്ന അവസ്ഥ വരും. ഇതു വരുത്തി വയ്ക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ മറ്റു പലതുമായി മാറും. ഗ്യാസ് കാരണം വയര്‍ വീര്‍ക്കുന്ന അവസ്ഥയും മനംപിരട്ടലുമെല്ലാം പലര്‍ക്കുമുണ്ടാകാറുണ്ട്. ഇതിന് പരിഹാരമായി ചെയ്യാവുന്ന നാടന്‍ വൈദ്യങ്ങളുണ്ട്.ഇത്തരത്തില്‍ ഒന്നിനെ കുറിച്ചറിയൂ.ഇതിനു വേണ്ടത് പ്രധാനമായും അയമോദകമാണ്.
അയമോദകത്തെ പരിചയപ്പെടാം
അജ്വെയ്ന്‍ എന്നാണ് ഇതിന്റ മറ്റൊരു പേര്. ചെറിയ മസാലയായ ഇതിന് തീക്ഷ്ണമായ ഗന്ധവും സ്വാദുമുണ്ട്. പലപ്പോഴും ഭക്ഷണ വസ്തുക്കളില്‍ ഉപയോഗിയ്ക്കുന്ന ഒന്നാണിത്. നോര്‍ത്തിന്ത്യന്‍ വിഭവങ്ങളില്‍ കൂട്ടായ ഇത് പലപ്പോഴും ആരോഗ്യപരമായ പല പ്രശ്നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നു കൂടിയാണ്. ഇതിന്റെ പ്രത്യേക ഗന്ധവും പ്രത്യേക സ്വാദുമെല്ലാം തന്നെ പല അസുഖങ്ങള്‍ക്കു കൂടിയുളള മരുന്നായി വര്‍ത്തിയ്ക്കുന്ന ഒന്നാണ്.ദഹനത്തിനു മികച്ച ഒന്നാണിത്.ഇതിലെ നാരുകളാണ് ഇതിനു സഹായിക്കുന്നത്. അയമോദകം ദഹനം മെച്ചപ്പെടുത്തുന്നു. ശരീരത്തിന്റെ അപചയ പ്രക്രിയ ശക്തപ്പെടുത്തുവാനും ഈ പ്രത്യേക ഭക്ഷണ വസ്തുവിന് കഴിയുന്നു.കുടലിന്റെ ആരോഗ്യത്തിനു മികച്ച ഒന്നാണിത്. ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.
കരുപ്പെട്ടി
ആയുര്‍വേദ മരുന്നാണ് ഇത്. ശര്‍ക്കരയുടെ മരുന്നു രൂപം. ഇത് ആയുര്‍വേദ കടകളില്‍ വാങ്ങാന്‍ ലഭിയ്ക്കും. വയറിന്റെ ആരോഗ്യത്തിന് മികച്ച ഇത് ഗ്യാസിനും അസിഡിറ്റിയ്ക്കും ദഹന പ്രശ്നങ്ങള്‍ക്കുമെല്ലാം പറ്റിയ നല്ലൊരു മരുന്നു കൂടിയാണ്. കോള്‍ഡ്, പനി പോലുളള രോഗങ്ങള്‍ക്ക് കരുപ്പെട്ടിക്കാപ്പി പണ്ടു കാലം മുതല്‍ തന്നെയുള്ള പ്രയോഗമാണ്. ധാരാളം അയേണ്‍ അടങ്ങിയ ഒന്നാണിത്. കരുപ്പെട്ടി തന്നെ ഉപയോഗിയ്ക്കുക. ഇതു ലഭിയ്ക്കാന്‍ യാതൊരു വഴിയുമില്ലെങ്കില്‍ മാത്രം ശര്‍ക്കര ഉപയോഗിയ്ക്കാം. എന്നാല്‍ പൂര്‍ണമായ ഫലം ലഭിയ്ക്കണമെങ്കില്‍ കരുപ്പെട്ടി, ചക്കര തന്നെ വേണം. ഇതിനാണ് മരുന്നുഗുണമുള്ളതും.
ഉണ്ടാക്കുന്ന വിധം
ഒരു ഒന്നര ഗ്ലാസ് വെള്ളമെടുക്കുക. ഇതിലേയ്ക്ക് ഒരു ടേബിള്‍ സ്പൂണ്‍ അയമോദം ഇടുക. ഇതിലേയ്ക്ക് അല്പം കരുപ്പെട്ടിയും ചേര്‍ക്കുക. ഇത് കുറഞ്ഞ രീതിയില്‍ നല്ലതു പോലെ വെട്ടിത്തിളക്കണം.ഇത് തിളച്ച് ഒരു ഗ്ലാസ് വെള്ളമായി മാറണം. അപ്പോള്‍ വാങ്ങി വയ്ക്കാം.പിന്നീട് ഊറ്റിയെടുത്ത ഈ വെള്ളം ചെറുചൂടോടെ കുടിയ്ക്കണം. രാവിലെ വെറും വയറ്റില്‍ കുടിയ്ക്കുന്നതാണ് നല്ലത്. ഇത് ഇടയ്ക്കിടെ കുടിയ്ക്കുകയും ചെയ്യാം. ഇതു കുടിച്ചാല്‍ പെട്ടെന്നു തന്നെ ഗ്യാസില്‍ നിന്നും മോചനം ലഭിയ്ക്കും.
വയറിന്റെ ആരോഗ്യത്തിന് മികച്ചതാണ് ഇത്. ഗ്യാസ്, അസിഡിറ്റി പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം. കുടല് ആരോഗ്യം മികച്ചതാകും. ഗ്യാസ് പ്രശ്നങ്ങള്‍ നല്ല ശോധനയ്ക്ക് തടസം നില്ക്കുന്ന ഒന്നാണ് . ഈ പ്രകൃതിദത്ത മരുന്ന് ഇതിനുള്ള പരിഹാരം കൂടിയാണ്. വയര്‍ വന്നു വീര്‍ക്കുന്ന അവസ്ഥ തടയാനും ഇതേറെ നല്ലതാണ്. പ്രമേഹ രോഗികള്‍ക്കും ഉപയോഗിയ്ക്കാവുന്ന നല്ലൊരു പാനീയമാണിത്. പെട്ടെന്നു തന്നെ ഫലം തരുന്ന ഈ പാനീയം തടിയൊതുക്കാനും നല്ലതാണ്. പൊതുവേ അയമോദകം തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ്. ശരീരത്തിലെ ടോക്സിനുകളെ നീക്കം ചെയ്യാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ് ഈ പാനീയം.
അയമോദകവും ഇന്തുപ്പും
അയമോദകവും ഇന്തുപ്പും ചേര്‍ത്തും ഗ്യാസ് ട്രബിളിന് പരിഹാരമായി ഉപയോഗിയ്ക്കാം. അയമോദകവും ലേശം ഇന്തുപ്പും കൂടി കഴിയ്ക്കുന്നതും ഗ്യാസ് പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്. വായുകോപം, ദഹനക്കേട്, കുടലിലെ അണുബാധ എന്നിവ മൂലം ഉണ്ടാകുന്ന വേദനയ്ക്കും അയമോദകം ഫലപ്രദമാണ്.ഗ്യാസ് ട്രബിളിന്റെ പ്രശ്നം ഉള്ളവർ രാവിലെ എഴുന്നേറ്റ ഉടനെ രണ്ടു ഗ്ലാസ്സ് തിളപ്പിച്ചാറ്റിയ വെള്ളം കുടിയ്ക്കുന്നത് ഏറെ നല്ലതാണ്.ഇത് ആമാശയത്തിൽ തങ്ങി നിൽക്കുന്ന ദഹന രസത്തെ നേർപ്പിയ്ക്കുകയും ഗ്യാസ്ട്രബിളിനെ ഇല്ലാതാക്കുകയും ചെയ്യുന്നു