KeralaNEWS

ശിവരാത്രി പുണ്യത്തിനായി സന്ദർശിക്കേണ്ട ചില ശിവക്ഷേത്രങ്ങള്‍ പരിചയപ്പെടാം

ഹൈന്ദവരുടെ പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ് ശിവരാത്രി. പാലാഴി മഥനസമയത്ത് ഉയര്‍ന്നു വന്ന വിഷം ഭൂമിയെയും സര്‍വ്വചരാചരങ്ങളെയും സംരക്ഷിക്കാനായി ശിവന്‍ കുടിച്ചുവത്രെ.ആ വിഷം ശിവന് ഏല്‍ക്കാതിരിക്കാനായി ലോകം ഒന്നിച്ച് ഉറങ്ങാതെ വ്രതം എടുത്ത് പ്രാര്‍ഥിച്ചു.അതിന്റെ സ്മരണയായാണ് ശിവരാത്രിയായി ആളുകള്‍ ആഘോഷിക്കുന്നത്.ശിവരാത്രിയില്‍ സന്ദര്‍ശിക്കേണ്ട ചില ക്ഷേത്രങ്ങള്‍ പരിചയപ്പെടാം.

വടക്കുംനാഥ ക്ഷേത്രം, തൃശൂര്‍

108 ശിവാലയങ്ങളില്‍ ഒന്നാം സ്ഥാനം അലങ്കരിക്കുന്ന ക്ഷേത്രമാണ് തൃശൂരിലെ വടക്കുംനാഥ ക്ഷേത്രം.
ഈ ക്ഷേത്രത്തിലെ ആരാധന മൂര്‍ത്തിയായ ശിവന്റെ പേരില്‍ നിന്നാണ് തൃശ്ശൂര്‍ നഗരത്തിന്(തൃ ശിവ പേരൂർ) ആ പേര് വന്നത്.തൃശ്ശൂര്‍ നഗരഹൃദയത്തിലുള്ള തേക്കിന്‍കാട് മൈതാനത്തിന്റെ മദ്ധ്യത്തിലായാണ് ശ്രീ വടക്കുംനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
മഹാവിഷ്ണുവിന്റെ അവതാരമായ പരശുരാമന്‍ നിര്‍മിച്ച കേരളത്തിലെ ആദ്യക്ഷേത്രം എന്ന വിശേഷണവും ഈ ക്ഷേത്രത്തിന് സ്വന്തമാണ്.

മമ്മിയൂര്‍ മഹാദേവക്ഷേത്രം

ഗുരുവായൂരിനടുത്ത് സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ പുരാതന ശിവക്ഷേത്രമാണ് മമ്മിയൂര്‍ മഹാദേവക്ഷേത്രം. ശിവനാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. പാര്‍വതിയും വലതുവശത്ത് ഗണപതിയും അയ്യപ്പനും ഇടതുവശത്ത് സുബ്രഹ്മണ്യനും വാഴുന്ന വിധത്തിലാണ് പ്രതിഷ്ഠ. നൂറ്റെട്ട് ശിവക്ഷേത്രങ്ങളില്‍ പറയപ്പെടുന്ന ശിവക്ഷേത്രമാണിത്. പരശുരാമനാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയതെന്നാണ് വിശ്വാസം. മമ്മിയൂര്‍ മഹാദേവക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയാലേ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം പൂര്‍ത്തിയാകൂ എന്നൊരു വിശ്വാസമുണ്ട്

കവിയൂര്‍ മഹദേവ ക്ഷേത്രം

Signature-ad

കേരളത്തിലെ പഴക്കമേറിയ ശിവക്ഷേത്രമാണ് കവിയൂര്‍ മഹാദേവ ക്ഷേത്രം, തിരുക്കവിയൂര്‍ മഹാദേവ ക്ഷേത്രമെന്നും ഇതിന് പേരുണ്ട്.പത്തനംതിട്ടയിലെ തിരുവല്ല നഗരത്തില്‍ നിന്നും 6 കിലോമീറ്റര്‍ മാറിയാണ് ഈ ക്ഷേത്രം.ചരിഞ്ഞ മേല്‍ക്കൂരകളോടുകൂടി ത്രികോണാകൃതിയിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്.നൂറ് വര്‍ഷത്തിലുമേറെ പഴക്കമുണ്ട് ഈ ക്ഷേത്രത്തിന്.

തിരുനക്കര മഹാദേവ ക്ഷേത്രം

പതിനാറാം നൂറ്റാണ്ടില്‍ തെക്കൂംകൂര്‍ രാജ പണികഴിപ്പിച്ചതാണ് ഈ ശിവക്ഷേത്രം. കോട്ടയം നഗരത്തിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.കൂത്തമ്പലത്തോടുകൂടി കേരളമാതൃകയിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്.ഫല്‍ഗുന ഉത്സവമണ് ഇവിടുത്തെ ഏറ്റവും വലിയ ആഘോഷം.

ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രം

ശബരിമല ഇടത്താവളം എന്ന നിലയില്‍ പ്രശസ്തമായ ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിന് നൂറുകണക്കിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നാണ് ചരിത്രം. ഇന്നത്തെ ക്ഷേത്രം 1542ലാണ് നിര്‍മി ച്ചതെന്നാണ് കരുതുന്നത്. ശിവനാണ് ഇവിടെയും പ്രതിഷ്ഠ. ആയിരക്കണക്കിന് ഭക്തര്‍ എത്തുന്ന ഇവിടത്തെ പ്രധാന ആകര്‍ഷണം ശിവ നൃത്തമെന്ന് കരുതപ്പെടുന്ന പ്രദോഷനൃത്തം പ്രതിപാദിക്കുന്ന മ്യൂറല്‍ പെയിന്റിംഗുകളാണ്.

വൈക്കം മഹാദേവ ക്ഷേത്രം

കേരളത്തിലെ ഏറ്റവും പഴക്കമുള്ള ക്ഷേത്രങ്ങളിലൊന്നായ വൈക്കം മഹാദേവ ക്ഷേത്രത്തിന് കേരള ചരിത്രത്തില്‍ സുപ്രധാന സ്ഥാനമാണുള്ളത്. വേമ്പനാട് കായല്‍ തീരത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തില്‍ ശൈവ,വൈഷ്ണവ രീതികളോട് സമാനതയുള്ള പൂജാ രീതികളാണ് ഉള്ളത്.

അമരവിള രാമേശ്വരം മഹാദേവക്ഷേത്രം

പരശുരാമാന്‍ സ്ഥാപിച്ച 108 ശിവക്ഷേത്രങ്ങളില്‍ ഏറ്റവും തെക്കായി സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ഇത്. തിരുവനന്തപുരം ജില്ലയില്‍ നെയ്യാറ്റിന്‍ കരയില്‍ നിന്ന് 6 കിലോമീറ്റര്‍ അകലെയായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

രാജരാജേശ്വരി ക്ഷേത്രം

കേരളത്തിലെ പുരാതനമായ 108 ശിവക്ഷേത്രങ്ങളില്‍ ഒന്നായി കരുതപ്പെടുന്ന ഈ ക്ഷേത്രം കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിലാണ് സ്ഥിതി ചെയ്യുന്നത്. ശിവന്റെ മറ്റൊരു പേരായ രാജരാജേശ്വരന്റെ പേരിലാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. ദക്ഷിണ ഭാരതത്തിലെ ശിവക്ഷേത്രങ്ങളില്‍ ഈ ക്ഷേത്രത്തിന് പ്രധാന സ്ഥാനമുണ്ട്. തെക്കേ ഇന്ത്യയിലെ ഏതെങ്കിലും ക്ഷേത്രങ്ങളില്‍ ഉണ്ടാവുന്ന ദേവപ്രശ്‌നപരിഹാരങ്ങള്‍ക്കായി ഇവിടെ വന്ന് ദേവദര്‍ശനം നടത്തുകയും കാണിക്ക അര്‍പ്പിച്ച് ‘ദേവപ്രശ്‌നം’ വയ്ക്കുന്നതും ക്ഷേത്രാചാരമായി കരുതുന്നു.

കൊട്ടിയൂര്‍ ശിവക്ഷേത്രം

പുരാണത്തിലെ ദക്ഷയാഗം നടന്ന സ്ഥലം എന്ന് വിശ്വസിക്കപ്പെടുന്ന കൊട്ടിയൂര്‍ കണ്ണൂര്‍ ജില്ലയിലെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളിലൊന്നാണ്. വടക്കേ മലബാറിലെ പ്രസിദ്ധമായ ഈ ശിവക്ഷേത്രം കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍ ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്. വിശ്വാസികള്‍ ഈ ക്ഷേത്രത്തിനെ ദക്ഷിണ കാശി എന്നും വിശേഷിപ്പിക്കുന്നു.

തൃക്കണ്ടിയൂര്‍ മഹാദേവക്ഷേത്രം

തൃക്കണ്ടിയൂര്‍ മഹാദേവക്ഷേത്രം, തിരൂര്‍ മലപ്പുറം ജില്ലയിലെ പ്രശസ്തമായ ശിവക്ഷേത്രങ്ങളില്‍ ഒന്നായ ഈ ക്ഷേത്രം തിരൂരില്‍ ആണ് സ്ഥിതി ചെയ്യുന്നത്. തിരൂര്‍ തുഞ്ചന്‍പറമ്പില്‍ നിന്ന് അധികം ദൂരയല്ലാതെ തൃക്കണ്ടിയൂരില്‍ ആണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പരശുരാമന്‍ പ്രതിഷ്ഠ നടത്തിയ 108 ശിവാലയങ്ങളില്‍ ഒന്നാണ് ഈ ക്ഷേത്രം.

 

ആലുവ ശിവക്ഷേത്രം

എറണാകുളം ജില്ലയിലെ ആലുവ മണപ്പുറത്ത് എല്ലാ വർഷവും കുംഭമാസത്തിൽ ശിവരാത്രി ദിനത്തിൽ കൊണ്ടാടുന്ന ഹൈന്ദവ ആഘോഷമാണ് ആലുവാ ശിവരാത്രി.പെരിയാറിന്റെ തീരത്തുള്ള ശിവന്റെ അമ്പലത്തിലാണ് ശിവരാത്രി ആഘോഷിക്കുന്നത്. ലക്ഷക്കണക്കിന് ആളുകൾ എല്ലാ ശിവരാത്രിക്കും ആലുവാമണപ്പുറത്ത്  ഉത്സവം ആഘോഷിക്കാൻ ഒത്തുകൂടുന്നു. ശിവരാത്രിക്കുശേഷമുള്ള ദിവസം രാവിലെ തീർത്ഥാടകർ പെരിയാറിൽ പിതൃക്കൾക്ക് ബലിതർപ്പണവും നടത്തുന്നു.

 

Back to top button
error: