കീവ്: റഷ്യയുമായി സമാധാന ചര്‍ച്ചകള്‍ ആരംഭിക്കാന്‍ യുക്രൈനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി സമ്മതം മൂളി. പ്രസിഡന്റ് ചര്‍ച്ചയ്ക്ക് സമ്മതിച്ചതായി അദ്ദേഹത്തിന്റെ ഓഫീസ് ഞായറാഴ്ച അറിയിച്ചു. ബെലാറഷ്യന്‍ നേതാവ് അലക്‌സാണ്ടര്‍ ലുകാഷെങ്കോയുമായുള്ള ഒരു ഫോണ്‍ കോളിനെത്തുടര്‍ന്ന്, പ്രിപ്യാറ്റ് നദിക്ക് സമീപമുള്ള ബെലാറഷ്യന്‍-ഉക്രിയന്‍ അതിര്‍ത്തിയിലെ ഒരു യോഗത്തിലേക്ക് ഒരു പ്രതിനിധി സംഘത്തെ അയയ്ക്കാന്‍ അദ്ദേഹം സമ്മതിച്ചതായി സെലെന്‍സ്‌കിയുടെ ഓഫീസ് അറിയിച്ചു. റഷ്യ ഉക്രൈന്‍ അധിനിവേശം നടത്തിയതിന് ശേഷം നടക്കുന്ന ആദ്യ ചര്‍ച്ചയാണിത്. മുന്‍കൂര്‍ വ്യവസ്ഥകളില്ലാതെ ചര്‍ച്ചകള്‍ നടക്കുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
അതേസമയം യുക്രൈനിലെ ഖാര്‍കിവ് നഗരം പിടിച്ചെടുക്കാനുള്ള റഷ്യന്‍ ശ്രമം യുക്രൈനിയന്‍ സൈന്യം തടഞ്ഞതായി നഗരത്തിന്റെ ഗവര്‍ണര്‍ അറിയിച്ചു. ഉക്രെയ്‌നിലെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കിവില്‍ പോരാട്ടം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണിത്. ”ഖാര്‍കിവിന്റെ നിയന്ത്രണം പൂര്‍ണ്ണമായും നമ്മുടെ കയ്യിലായി! ശത്രുക്കളില്‍ നിന്ന് നഗരത്തിന്റെ പൂര്‍ണ്ണമായ ശുദ്ധീകരണം നടക്കുന്നു. റഷ്യന്‍ ശത്രു തീര്‍ത്തും നിരാശയിലാണ്,” ഖാര്‍കിവിന്റെ ഗവര്‍ണര്‍ ഒലെഹ് സിന്യെഹുബോവ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.
അതേസമയം, ബലാറസില്‍ വച്ച് ചര്‍ച്ച നടത്താമെന്നുള്ള റഷ്യയുടെ വാഗ്ദാനം യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലെന്‍സ്‌കി നിരസിച്ചതായി അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. യുക്രൈനെതിരെ രോക്ഷം കാണിക്കാത്ത സ്ഥലങ്ങളില്‍ വച്ച് താന്‍ ചര്‍ച്ചയ്ക്ക് തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ബലാറസില്‍ നിന്ന് ആക്രമിച്ചില്ലായിരുന്നെങ്കില്‍ മിന്‍സ്‌കില്‍ വച്ച് ചര്‍ച്ച സാധ്യമായേനെ എന്നും സെലെന്‍സ്‌കി കൂട്ടിച്ചേര്‍ത്തു. യുക്രൈന്‍ തലസ്ഥാനമായ കീവ് പിടിച്ചടക്കാന്‍ ശക്തമായ ആക്രമണം തുടരുകയാണ് റഷ്യ. സൈനിക കേന്ദ്രങ്ങള്‍ക്കും ജനവാസ മേഖളകളിലും മിസൈലാക്രമണം നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പ്രതിരോധം തുടരുകയാണ് യുക്രൈന്‍. റഷ്യന്‍ വിമാനങ്ങള്‍ തകര്‍ത്തതായി യുക്രൈന്‍ അവകാശപ്പെട്ടു.
കൂടുതല്‍ രാജ്യങ്ങള്‍ യുക്രൈന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. യുക്രൈന് ആയുധസഹായം നല്‍കുമെന്ന് ജര്‍മനി വാഗ്ദാനം ചെയ്തു. സൈനിക വാഹനങ്ങള്‍ തകര്‍ക്കാന്‍ ശേഷിയുള്ള ആയുധങ്ങളായിരിക്കും ആദ്യ ഘട്ടത്തില്‍ നല്‍കുക. പ്രതിരോധ പോരാട്ടത്തില്‍ യുക്രൈനെ പിന്തുണയ്ക്കുന്നത് തുടരുമെന്ന് നാറ്റോയും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം കീവില്‍ കനത്ത കര്‍ഫ്യു തുടരുകയാണ്. കര്‍ഫ്യൂ സമയം വൈകുന്നേരം അഞ്ച് മണി മുതല്‍ രാവിലെ എട്ട് വരെ തുടരുമെന്ന് കീവ് മേയര്‍ വിറ്റാലി ക്ലിറ്റ്ഷ്‌കോ അറിയിച്ചിരിക്കുന്നത്. കര്‍ഫ്യൂ സമയത്ത് തെരുവിലുള്ള എല്ലാ സിവിലിയന്മാരെയും ശത്രു രാജ്യത്തിന്റെ അട്ടിമറി, രഹസ്യാന്വേഷണ ഗ്രൂപ്പുകളിലെ അംഗങ്ങളായി കണക്കാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതുവരെ റഷ്യന്‍ അധിനിവേശത്തില്‍ 198 പേര്‍ കൊല്ലപ്പെടുകയും 1000 ത്തിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി യുക്രൈന്‍ ആരോഗ്യമന്ത്രി വിക്ടര്‍ ലിയാഷ്‌കോ. മരിച്ചവരില്‍ മൂന്ന് കുട്ടികളും ഉണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. സൈനികര്‍ ഉള്‍പ്പെടെയുള്ള കണക്കാണോ ഇതെന്ന് വ്യക്തമല്ല. കീവിനെ വളഞ്ഞിട്ട് റഷ്യ ആക്രമിക്കുമ്പോഴും രാജ്യത്തിന് പ്രതീക്ഷ നല്‍കുന്ന തരത്തിലായിരുന്നു പ്രസിഡന്റ് വൊളോഡിമര്‍ സെലെന്‍സ്‌കിയുടെ പ്രതികരണം. ”ഇത് നമ്മുടെ ഭൂമിയാണ്, നമ്മുടെ രാജ്യം, നമ്മുടെ കുട്ടികള്‍. ഞങ്ങള്‍ അതിനെയെല്ലാം സംരക്ഷിക്കും, നമ്മള്‍ വിജയിക്കും. എതിരാളികളുടെ വ്യാമോഹം നടക്കില്ല” അദ്ദേഹം ഒരു വീഡിയോയില്‍ പറഞ്ഞു.
വ്യാഴാഴ്ച രാവിലെയായിരുന്നു റഷ്യന്‍ പ്രസിഡന്റ് വ്‌ളോഡിമിര്‍ പുടിന്‍ യുക്രൈനിലേക്ക് സൈനിക നീക്കത്തിന് ഉത്തരവിട്ടത്. തൊട്ടുപിന്നാലെ തന്നെ യുക്രൈനിലെ പല മേഖലകളില്‍ മിസൈല്‍ ആക്രമണമുണ്ടായി. തുടര്‍ന്ന് റഷ്യന്‍ സൈന്യം അതിര്‍ത്തികള്‍ വഴി യുക്രൈനിലേക്ക് പ്രവേശിക്കുകയും ആക്രമണം കൂടുതല്‍ ശക്തമാക്കുകയുമായിരുന്നു.