KeralaNEWS

മുര്‍ദേശ്വര്‍ ക്ഷേത്രവും ലോകത്തിലെ രണ്ടാമത്തെ വലിയ ശിവപ്രതിമയും

249 അടിയുള്ള മുര്‍ദേശ്വര്‍ രാജഗോപുരം രാജ്യത്തെ ഏറ്റവും ഉയരമുള്ള ക്ഷേത്രഗോപുരങ്ങളിലൊന്നാണ്.123 അടി ഉയരത്തില്‍ ഗോപുരത്തിന് അഭിമുഖമായി നിർമിച്ചിരിക്കുന്ന ശിവപ്രതിമ ഉയരത്തിന്‍റെ കാര്യത്തില്‍ ലോകത്തിലെ രണ്ടാമത്തെ വലിയ ശിവരൂപമാണ്.നേപ്പാളിലുള്ള  കൈലാസനാഥ മഹാദേവപ്രതിമയാണ് ഉയരത്തില്‍ ഒന്നാമത്, ഉയരം 144 അടി.പക്ഷേ, ശിവന്റെ നില്‍ക്കുന്ന രൂപമാണ് നേപ്പാളില്‍. മുര്‍ദേശ്വറിലാകട്ടെ ശിവന്‍ ആസനസ്ഥനാണ്.
മൂന്നു വശവും കടലിനാല്‍ ചുറ്റപ്പെട്ട കാണ്ടുകഗിരി മലയുടെ മുകളിലാണ് മുര്‍ദേശ്വര്‍ ശിവപ്രതിമയും രാജഗോപുരവും ക്ഷേത്രവും.യഥാര്‍ഥ ആനയുടെ അതേ വലിപ്പത്തില്‍ തീര്‍ത്ത രണ്ട് ആനശിൽപങ്ങളാണ് ക്ഷേത്രസമുച്ചയത്തിലേക്ക് ഭക്തര്‍ക്ക് സ്വാഗതമോതുന്നത്. ആദ്യംതന്നെ പ്രവേശനം രാജഗോപുരത്തിലേക്കാണ്. പത്തു രൂപ നല്‍കിയാല്‍ 238 അടി ഉയരമുള്ള രാജഗോപുരത്തിന് മുകളിലേക്ക് ലിഫ്റ്റിലെത്താം. കടല്‍ക്കാറ്റ് കടന്നെത്തുന്ന വിശാലമായ ജനാലകളിലൂടെ ഗോപുരമുകളിൽ നിന്ന് തീരം കാണാം.മാനംതൊടുന്ന ഉയരത്തില്‍നിന്നുള്ള മുര്‍ദേശ്വര്‍തീരത്തിന്റെ ആ കാഴ്ച അതിമനോഹരമാണ്.
മഹാഗോപുരം കടന്നാല്‍, മുഖ്യക്ഷേത്രങ്ങളിലേയ്ക്കും ഉപക്ഷേത്രങ്ങളിലേയ്ക്കും പ്രവേശിക്കാം.മൃഡേശ്വരനാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. ശ്രീകോവിലിന് മുന്നിലായി നന്ദി മണ്ഡപം.ക്ഷേത്രം സ്ഥിതിചെയ്യുന്ന കാണ്ടുകഗിരി മലയുടെ പല ഭാഗത്തായി അതിമനോഹര ശിൽപങ്ങള്‍ കാണാം.ബാലന്റെ വേഷത്തിലെത്തിയ ഗണപതിക്ക് ആത്മലിംഗം കൈമാറുന്ന രാവണന്റെ പ്രതിമയും സൂര്യഭഗവാന്റെ ശിൽപവും ആരെയും ആകര്‍ഷിക്കും. കുന്നിന്‍റെ ഒരു വശത്ത് അര്‍ജുനന് ഗീതോപദേശം നല്‍കുന്ന ഭഗവാന്‍ കൃഷ്ണന്‍റെ കൂറ്റന്‍ രൂപം. ഏറ്റവും മുകളില്‍ കുന്നിന്‍റെ നെറുകയിലാണ്  ശിവരൂപം.
അധികമാരും അറിയാതിരുന്ന മുര്‍ദേശ്വര്‍ എന്ന കടലോരഗ്രാമത്തെ ഇന്ന് പ്രധാനപ്പെട്ട വിനോദസഞ്ചാര–ആത്മീയ കേന്ദ്രമാക്കിയത് വ്യവസായിയായ ആര്‍.എന്‍ ഷെട്ടിയുടെ ആര്‍.എന്‍.എസ് ഗ്രൂപ്പാണ്. പടുകൂറ്റന്‍ ശിവപ്രതിമയ്ക്കു മാത്രം ആര്‍.എന്‍.എസ് ഗ്രൂപ്പ് ചിലവിട്ടത് അഞ്ചു കോടി.
രാമനാഗപ്പ ഷെട്ടിയെന്ന ആര്‍.എന്‍ ഷെട്ടിയുടെ പിതാവ് മുര്‍ദേശ്വര്‍ ക്ഷേത്രത്തിന്റെ കാര്യക്കാരനായിരുന്നു. കര്‍ഷകകുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ഷെട്ടി പിന്നീട് കണ്‍സ്ട്രക്ഷൻ രംഗത്തെ പ്രമുഖ വ്യവസായി ആയി വളര്‍ന്നു. ശിവഭഗവാനുള്ള കാണിക്കയായാണ് മുര്‍ദേശ്വര്‍ രാജഗോപുരവും ശിവപ്രതിമയും അദ്ദേഹം നിർമിച്ചത്.
ഉത്തര കന്നടയിലുള്ള മുര്‍ദേശ്വര്‍ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു ഹൈന്ദവക്ഷേത്രമാണ് മുര്‍ദേശ്വര്‍ ക്ഷേത്രം.അറേബ്യൻ കടലിന് സമീപമുള്ള കന്ദുകഗിരി എന്ന ചെറിയ കുന്നിൻ മുകളിലാണ് ഈ ക്ഷേത്രത്തിന്റെ സ്ഥാനം മൃഡേശ്വരൻ എന്നറിയപ്പെടുന്ന ശിവൻ ആണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ.

Back to top button
error: