കൊല്ലം:ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പഞ്ചായത്തിനെയും കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തിനെയും ബന്ധിപ്പിച്ച് അഴീക്കല്‍ അഴിമുഖത്തിനു കുറുകെ നിര്‍മാണം പൂര്‍ത്തിയായ വലിയഴീക്കല്‍ പാലം മാര്‍ച്ച് 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനു സമര്‍പ്പിക്കും. ദക്ഷിണേന്ത്യയിലെ ഏറ്റവും നീളമേറിയ മൂന്നു ബോ സ്ട്രിങ് ആര്‍ച്ചുള്ള പാലമാണിത്.13 മീറ്റര്‍ വീതിയില്‍ 976 മീറ്ററാണ് പാലത്തിന്റെ നീളം.29 സ്പാനുകളുള്ള പാലത്തിന്റെ പ്രധാന ആകര്‍ഷണം മധ്യഭാഗത്ത് 110 മീറ്റര്‍ നീളത്തിലുള്ള മൂന്ന് ബോ സ്ട്രിങ് ആര്‍ച്ചുകളാണ്.
2016 മാര്‍ച്ചില്‍ നിര്‍മാണം തുടങ്ങിയ പാലം 146 കോടി രൂപ വകയിരുത്തിയാണ് പൂര്‍ത്തിയാകുന്നത്.വലിയ മത്സ്യബന്ധന യാനങ്ങള്‍ക്ക് പാലത്തിനടിയിലൂടെ അനായാസമായി കടന്നുപോകാം. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് സൊസൈറ്റിക്കായിരുന്നു നിര്‍മാണച്ചുമതല.പാലത്തിന്റെ മധ്യഭാഗത്തുനിന്ന് കടലിലെയും കായലിലേയും കാഴ്ചകള്‍ ആസ്വദിക്കാം. വലിയഴീക്കല്‍– അഴീക്കല്‍ യാത്രയില്‍ 28 കിലോമീറ്ററോളം ലാഭിക്കാനുമാകും. ദേശീയപാതയില്‍ ഗതാഗത തടസ്സമുണ്ടായാല്‍ തൃക്കുന്നപ്പുഴ — വലിയഴീക്കല്‍ തീരദേശ റോഡിലൂടെ ഇരു ജില്ലകളിലേക്കും പ്രവേശിക്കുകയും ചെയ്യാം.