മാസങ്ങളായി പുകഞ്ഞുകൊണ്ടിരുന്ന റഷ്യ,യുക്രൈന്‍ പ്രശ്‌നം ഒടുവില്‍ യുദ്ധത്തില്‍ കലാശിച്ചിരിക്കുകയാണ്. സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന യുക്രൈന്‍, 1991ലാണ് സ്വതന്ത്ര രാജ്യമാകുന്നത്. കിഴക്കന്‍ യൂറോപ്പിലെ ഏറ്റവും വലിയ രാജ്യം. പോളണ്ട്, ബലാറസ്, ഹങ്കറി,സ്ലൊവാക്യ എന്നീ രാജ്യങ്ങളുമായും ഈ കരിങ്കടല്‍ തീര രാജ്യം അതിര്‍ത്തി പങ്കിടുന്നു. കിഴക്ക്, തെക്ക്-പടിഞ്ഞാറ് അതിര്‍ത്തികളിലൂടെയാണ് നിലവില്‍ റഷ്യ സൈനിക വിന്യാസം നടത്തിയിരിക്കുന്നത്. ഒന്നര ലക്ഷത്തോളം വരുന്ന സൈന്യത്തെയാണ് റഷ്യ യുക്രൈനെ വളയാന്‍ നിയോഗിച്ചിരിക്കുന്നത്.
2006വരെ റഷ്യക്കൊപ്പമായിരുന്നു യുക്രൈന്‍. 2004മുതല്‍ 2006വരെ നീണ്ടുനിന്ന ഓറഞ്ച് വിപ്ലവം എന്നറിയപ്പെടുന്ന ആഭ്യന്തര കലാപത്തിന് ശേഷം, അമേരിക്കയോടായി യുക്രൈന്റൈ ചായ്‌വ്. അമേരിക്കയോടുള്ള യുക്രൈന്റെ അമിത വിധേയത്വത്തില്‍ അപകടം മണത്ത റഷ്യ അന്നുമുതല്‍ പലവിധത്തില്‍ പ്രകോപനങ്ങളും , ഉപരോധങ്ങളുമായി രംഗത്തുണ്ട്. യുക്രൈനിലെ കിഴക്ക് ഭാഗത്തുള്ള 17 ശതമാനം വരുന്ന ജനവിഭാഗം റഷ്യന്‍ ഭാഷ സംസാരിക്കുന്നവരും , റഷ്യയോട് കൂറുപുലര്‍ത്തുന്നവരുമാണ്. ഇതാണ് റഷ്യയെ ഈ മേഖലയില്‍ സഹായിക്കുന്ന ഒരു ഘടകം. വിഘടനവാദികള്‍ കയ്യടക്കിയ പ്രദേശങ്ങള്‍ വഴി റഷ്യ എളുപ്പത്തില്‍ യുക്രൈന്‍ മണ്ണില്‍ പ്രവേശിച്ചു.
നാറ്റോയുമായുള്ള യുക്രൈന്റെ ബന്ധമാണ് റഷ്യയെ അസ്വസ്ഥരാക്കുന്ന മറ്റൊരു പ്രധാന ഘടകം.യുക്രൈന്‍ വൈകാതെ നാറ്റോ അംഗമാകും എന്നാണ് സൂചന.1949ല്‍ സ്ഥാപിതമായ നോര്‍ത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍ സോവിയറ്റ് കാലത്തും , ഇപ്പോള്‍ പുടിന്റെ കാലത്തും റഷ്യക്ക് ഭീഷണിയാണ്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം സോവിയറ്റ് യൂണിയനെ വരുതിയിലാക്കാന്‍ വേണ്ടി അമേരിക്കയുടെ നേതൃത്വത്തില്‍ ആരംഭിച്ചതാണ് ഈ സൈനിക കൂട്ടായ്മ.
തുടക്കത്തില്‍ 12 രാജ്യങ്ങളാണ് നാറ്റോയില്‍ ഉണ്ടായിരുന്നത്.കിഴക്കന്‍ യൂറോപ്പില്‍ നിന്ന് അംഗങ്ങളെ ചേര്‍ക്കില്ല എന്ന് സോവിയറ്റ് യൂണിയന് നല്‍കിയ വാക്ക്, അമേരിക്കയും കൂട്ടരും ഇതുവരെ പാലിച്ചിട്ടില്ല.സോവിയറ്റ് വിട്ടുവന്ന പലര്‍ക്കും നാറ്റോ പിന്നീട് അംഗത്വവും നല്‍കി. യുക്രൈനും , ജോര്‍ജിയയും നാറ്റോയില്‍ ചേര്‍ന്നാല്‍, പാശ്ചത്യ ശക്തികള്‍ക്ക് റഷ്യയെ ആക്രമിക്കാന്‍ വളരെ എളുപ്പമാണെന്ന് പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍ കരുതുന്നു. എന്തുവില കൊടുത്തും അത് തടയുക എന്നതാണ് റഷ്യയുടെ പ്രധാന ലക്ഷ്യം.
കിഴക്കന്‍ യുക്രൈനില്‍ കടന്നു കയറിയ റഷ്യ, ക്രിമിയ പിടിച്ചെടുത്തു. ക്രിമിയന്‍ അധിനിവേശം, പക്ഷേ, യുക്രൈനെ ഭയപ്പെടുത്തുകയല്ല, പാശ്ചാത്യ ശക്തികളുമായി കൂടുതല്‍ അടുപ്പിക്കുകയാണ് ചെയ്തത്. അമേരിക്കയില്‍ നിന്നും , തുര്‍ക്കിയില്‍ നിന്നും ഇതേത്തുടർന്ന് ആയുധങ്ങൾ ഉൾപ്പടെ യുക്രൈന് ധാരാളം സഹായങ്ങൾ ലഭിച്ചു.
റഷ്യയുടെ അയല്‍ രാജ്യങ്ങളെ നാറ്റോയില്‍ അംഗമാക്കരുത് എന്നാണ് പുടിന്റെ ആവശ്യം.12 അംഗങ്ങള്‍ മാത്രമുണ്ടായിരുന്ന അവസ്ഥയിലേക്ക് നാറ്റോ മടങ്ങിപ്പോകണമെന്നും റഷ്യ ആവശ്യപ്പെടുന്നു. തങ്ങളുടെ രാജ്യത്തിന് ഭീഷണിയാകുന്ന തരത്തില്‍ അയല്‍ രാജ്യങ്ങളില്‍ ബാലിസ്റ്റിക് മിസൈലുകള്‍ സ്ഥാപിക്കുന്നത് ഒഴിവാക്കുക എന്നും റഷ്യ നിലപാടെടുക്കുന്നു. ഒറ്റനോട്ടത്തില്‍, സ്വന്തം രാജ്യത്തിന്റെ സുരക്ഷയെ കരുതി ചെയ്യുന്ന കാര്യങ്ങളാണെന്ന് തോന്നാമെങ്കിലും, റഷ്യയെ ശത്രുക്കളില്‍ നിന്ന് കാക്കുന്നത് താനാണ് എന്ന തോന്നല്‍ ജനങ്ങളിലുണ്ടാക്കി, പിന്തുണ നേടിയെടുക്കുക എന്നതാണ് പുടിന്‍ ചെയ്യുന്നത് എന്നാണ് വിമര്‍ശകരുടെ വാദം.
ശീതയുദ്ധ കാലത്തെ സമാനമായ സാഹചര്യത്തിലേക്ക് ലോകം മാറുന്ന സൂചനയാണ് അമേരിക്കയുടെയും , സഖ്യകക്ഷികളുടെയം പ്രതികരണങ്ങളില്‍ നിന്ന് ലഭിക്കുന്നത്. യുക്രൈനെ അക്രമിക്കുന്നത് നേക്കിനില്‍ക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പരസ്യമായി പറഞ്ഞു കഴിഞ്ഞു. നാറ്റോ റഷ്യക്ക് ഭീഷണിയല്ലെന്നാണ് അമേരിക്കയുടെ വാദം.
റഷ്യയെ അസ്ഥിരപ്പെടുത്താന്‍ തങ്ങള്‍ ശ്രമിക്കുന്നില്ലെന്നും യുക്രൈന്റെ പരമാധികാരത്തെ ചോദ്യം ചെയ്താല്‍ ഇടപെടുമെന്നും ബൈഡന്‍ പറയുന്നു.
സുരക്ഷയെക്കുറിച്ചുള്ള റഷ്യയുടെ ആശങ്ക ന്യായമാണ് എന്നാണ് ചൈനയുടെ നിലപാട്. ഇന്ത്യയാകട്ടെ, വിഷയത്തില്‍ പ്രത്യക്ഷ നിലപാടൊന്നും സ്വീകരിച്ചിട്ടുമില്ല.
യുക്രെയ്ൻ– റഷ്യ യുദ്ധം
അനുദിനം കൊടുമ്പിരികൊള്ളുമ്പോൾ ആണവമേഖലയും , ആണവായുധങ്ങളും ചർച്ചയുടെ ഭാഗമാകുന്നുണ്ട്. യുക്രെയ്ൻ– റഷ്യ പ്രതിസന്ധി യുക്രെയ്നിലും റഷ്യയിലും മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നല്ലെന്നും യുഎസ്, നാറ്റോ തുടങ്ങിയവരുടെ ഇടപെടൽ യുദ്ധമുഖത്തെ കൂടുതൽ സങ്കീർണമാക്കുന്നെന്നും രാജ്യാന്തര പ്രതിരോധ വിദഗ്ധർ പറയുന്നു. ഏതുയുദ്ധത്തെപ്പറ്റി ചർച്ചവരുമ്പോഴും അത് എത്തിച്ചേരാവുന്ന തീവ്രമായ തലത്തിനെപ്പറ്റിയും ചർച്ച ഉയരാറുണ്ട്. ആണവയുദ്ധമാണ് ആ തീവ്ര തലം. യുഎസും , റഷ്യയും എതിർച്ചേരിയിൽ നിൽക്കുന്നതിനാൽ യുക്രെയ്ൻ–റഷ്യ യുദ്ധം ആണവയുദ്ധത്തിന്റെ തലത്തിലേക്ക് ഉയരുമെന്ന് അതിശയോക്തി കലർന്ന അഭ്യൂഹങ്ങൾ ചിലർ പ്രചരിപ്പിക്കുന്നുണ്ട്. ഇതിൽ കാര്യമില്ലെന്ന് വിദഗ്ധർ പറയുന്നു. എന്നാൽ വരുംകാല ആണവമേഖലയ്ക്ക് തീർച്ചയായും കാര്യമുള്ള ഒരു തലം ഈ പ്രതിസന്ധിക്കുണ്ട്. അതെക്കുറിച്ച് രാജ്യാന്തര പ്രതിരോധവിദഗ്ധരും , ആണവ നിർവ്യാപനം പ്രോത്സാഹിപ്പിക്കുന്നവരും ആശങ്കാകുലരാണ്.
ലോകത്തിലെ തന്നെ ഏറ്റവും വലിയ ആണവശക്തിയായ സോവിയറ്റ് യൂണിയൻ 1991ൽ തകർന്നു പലരാജ്യങ്ങളായപ്പോൾ ഏറ്റവുമധികം ആണവായുധങ്ങൾ റഷ്യയ്ക്കാണു ലഭിച്ചത്. ഇതു കഴിഞ്ഞുള്ള പങ്ക് യുക്രെയ്നും, ബെലാറസിനും, കസഖ്സ്ഥാനും ലഭിച്ചു. യുക്രെയ്ൻ ലോകത്ത് ഏറ്റവും കൂടുതൽ ആണവായുധങ്ങളുള്ള മൂന്നാമത്തെ രാജ്യമായി മാറി.എന്നാൽ 1994ലെ ബുഡാപെസ്റ്റ് ഉടമ്പടി പ്രകാരം തങ്ങളുടെ എല്ലാ ആണവ ആയുധങ്ങളും ആണവനിർവ്യാപന നടപടികളിൽ പങ്കു ചേരുന്നതിന്റെ ഭാഗമായി യുക്രെയ്ൻ ഉപേക്ഷിച്ചു. റഷ്യയും , യുഎസും , ബുഡാപെസ്റ്റ് ഉടമ്പടിക്ക് നേതൃത്വം വഹിക്കാനായുണ്ടായിരുന്നു. ഇരുപതു വർഷം യുക്രെയ്ന് സുരക്ഷ എന്ന ഉറപ്പ് ഉടമ്പടിയുടെ ഭാഗമായി ഉരുത്തിരിഞ്ഞു. കൗതുകകരമായ കാര്യമെന്തെന്നാൽ ഈ ഉടമ്പടിയുടെ കാലാവധി അവസാനിച്ച 2014ൽ തന്നെ വ്ലാഡിമിർ പുടിന്റെ റഷ്യൻ സൈന്യം യുക്രെയ്നിലേക്ക് പാഞ്ഞുകയറുകയും യുദ്ധം പൊട്ടിപ്പുറപ്പെടുകയും ചെയ്തു. അങ്ങനെ ഏകപക്ഷീയമായ യുദ്ധത്തിനു ശേഷമാണ് യുക്രെയിന്റെ കൈവശമുണ്ടായിരുന്ന ക്രിമിയ റഷ്യയ്ക്ക് സ്വന്തമാക്കാൻ കഴിഞ്ഞത്. യുക്രെയ്നെപ്പോലെ തന്നെ ബെലാറസും , കസഖ്സ്ഥാനും തങ്ങളുടെ ആണവായുധങ്ങൾ ഉപേക്ഷിച്ചിരുന്നു. ഈ മൂന്നു രാജ്യങ്ങളും ഇന്ന് റഷ്യയുടെ സ്വാധീനവലയത്തിലാണ്.
യുക്രെയ്ൻ അന്ന് ആണവായുധങ്ങൾ ഉപേക്ഷിച്ചത് വൻ മണ്ടത്തരമായെന്ന് ചിന്തിക്കുന്നവർ ഇന്ന് ആ രാജ്യത്തുണ്ട്. തങ്ങളുടെ നേതാക്കൾ അതുവഴി തങ്ങളുടെ സുരക്ഷ റഷ്യയുടെ കൈവശം അടിയറവ് വച്ചെന്ന് അവർ പറയുന്നു. എന്നാൽ അന്ന് പല കാരണങ്ങളാലാണ് യുക്രെയ്ൻ അത്തരമൊരു നടപടി കൈക്കൊണ്ടതെന്നതാണു വിദഗ്ധർ പറയുന്നു. അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഉപരോധങ്ങളും മറ്റും അവർക്ക് നേരിടേണ്ടി വന്നേനെ. യുക്രെയ്നെപ്പോലെ അപ്പോൾ പിറവിയെടുത്ത രാജ്യത്തിന് അതൊട്ടും ഗുണകരമാകില്ലായിരുന്നു.
യുക്രെയ്നിൽ റഷ്യ ആധിപത്യം സ്ഥാപിച്ചാൽ ലോകത്ത് നടക്കുന്ന ആണവ നിർവ്യാപന ശ്രമങ്ങൾക്ക് വൻ തിരിച്ചടിയാകും ലഭിക്കുകയെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. സ്വയം സുരക്ഷിതരാകാൻ കൂടുതൽ ലോകരാജ്യങ്ങൾ ഒളിഞ്ഞും , തെളിഞ്ഞും ആണവായുധങ്ങൾ വികസിപ്പിക്കാനിടയുണ്ട്. ഇത് മറ്റൊരു ആണവായുധ മത്സരത്തിനു വഴിവയ്ക്കും. വെപ്പൺസ് ഓഫ് മാസ് ഡിസ്ട്രക്ഷൻ എന്ന പേരിൽ അറിയപ്പെടുന്ന മറ്റ് നശീകരണ ആയുധങ്ങളുടെ ആവശ്യവും ഗവേഷണവും ഇതുമൂലം കുതിച്ചുയരും. രാജ്യാന്തര സമാധാനത്തിനും , ശാന്തിക്കും വലിയ കോട്ടമാകും ഇതു മൂലം ഉണ്ടാകുന്നത്.
സ്ലാവിയൻസ് തിങ്ങി പാർക്കുന്ന കെയിവിൻ റൂസ് കീവ് ആണ് യുക്രെയിൻ തലസ്ഥാനം. കീവ് റഷ്യൻ ക്യാപിറ്റലായ മോസ്‌കോയെക്കാൾ പവർഫുൾ ആണ്.980-1015 കാലഘട്ടത്തിൽ കെയിവിൻ റൂസ് ഭരിച്ചിരുന്നത് ഗ്രാൻഡ് പ്രിൻസ് വോളോഡ്മാർ ആണ്. റഷ്യൻസിന് വ്‌ലാദിമിർ ആണെങ്കിൽ യുക്രെയിനികൾക്കു വോളോടിമാർ ആണ്. ഈ രണ്ടു രാജ്യങ്ങളിലെയും ഇപ്പോഴത്തെ പ്രസിഡന്റുമാരുടെ പേരും ഇങ്ങനെ തന്നെ…
റഷ്യൻസും , യുക്രെയിനികളും , ബലറഷ്യൻസും ഈ സ്ലാവിക് സ്റ്റേറ്റിന് കീഴിലായിരുന്നു. നൂറ്റാണ്ടുകളുടെ ഭരണത്തിനു ശേഷം യുക്രെയിൻ റഷ്യൻ ഭരണത്തിന് കീഴിൽ വന്നു. ഇതിനുശേഷം സോവിയറ്റ് യൂണിയൻ രൂപം കൊണ്ടു. അന്ന് സോവിയറ്റ് യൂണിയനിലെ ഏറ്റവും കരുത്തർ റഷ്യ ആയിരുന്നു. തൊട്ടുപിന്നിൽ യുക്രെയിനും. പ്രതിരോധ മേഖല, ആണവായുധ പരീക്ഷണങ്ങൾ,
കൃഷി വ്യവസായം ഇങ്ങനെ എല്ലാത്തിലും മുൻപിൽ റഷ്യ തന്നെ. 44 മില്യൺ ജനങ്ങൾ പാർക്കുന്ന യുക്രെയിനിൽ ജി.ഡി.പി 155.6 ബില്യൺ ഡോളറാണ്. പർ ക്യാപിറ്റൽ ഇൻകം 3727 ഡോളറിൽ കൂടുതൽ ആണ്.
ഇന്ന് യുക്രെയിൻ ഒന്നാണെങ്കിലും കിഴക്കും , പടിഞ്ഞാറും എന്ന വിഭജനം രാജ്യത്തിന് അകത്തുണ്ട്. കിഴക്കൻ യുക്രെയിനികൾ റഷ്യയുമായി ചേർന്നു നിൽക്കുന്നവരാണ്. അതുകൊണ്ട് തന്നെ ആണ് വിമത മേഖലകളിൽ യുക്രെയിൻ പ്രതിരോധം തീർക്കുന്നതും. യുക്രെയിനിൽ വിമതർ ഭരിക്കുന്നത് രണ്ട് പ്രദേശങ്ങളാണ്. ടൊണെറ്റ്‌സും , ലുഹാൻസും. ഈ പ്രദേശങ്ങളെ ആണ് റഷ്യ ഇപ്പോൾ സ്വതന്ത്രമാക്കിയതും അവിടേക്ക് ആയുധങ്ങൾ അയക്കാൻ തുടങ്ങിയതും.
1949 ഏപ്രിൽ 4-ന് നിലവിൽവന്ന വടക്കൻ അറ്റ്ലാന്റിക് ഉടമ്പടി പ്രകാരം പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സൈനിക സഖ്യമാണ് നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ എന്ന നാറ്റോ. ബെൽജിയത്തിലെ ബ്രസൽസിലാണ് ഇതിന്റെ ആസ്ഥാനം. ബാഹ്യ ശക്തികളിൽ നിന്നുള്ള ആക്രമണമുണ്ടായാൽ അംഗരാഷ്ട്രങ്ങൾ ഒരുമിച്ച് നിന്ന് അതിനെ പ്രതിരോധിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. 12 രാഷ്ട്രങ്ങൾ ചേർന്ന് ആരംഭിച്ച ഈ സഖ്യത്തിൽ ഇപ്പോൾ 30 അംഗരാഷ്ട്രങ്ങളുണ്ട്.
1949ൽ രൂപംകൊടുത്ത സൈനികസഖ്യത്തിൽ ബ്രിട്ടൻ, ഫ്രാൻസ്, കാനഡ, ബെൽജിയം, ഡെന്മാർക്ക്, ഇറ്റലി, ഐസ്‌ലൻഡ്, ലക്സംബർഗ്, നെതർലൻഡ്‌സ്, നോർവേ, പോർച്ചുഗൽ എന്നിവയായിരുന്നു സ്ഥാപകാംഗങ്ങൾ.രണ്ടാംലോകയുദ്ധാ നന്തരം സോവിയറ്റ് യൂണിയൻ യൂറോപ്പിലേക്ക് വളരുന്നതു തടയുക എന്നതായിരുന്നു നാറ്റോയുടെ യഥാർഥ ലക്ഷ്യം. സോവിയറ്റ് യൂണിയൻ തകരുമ്പോൾ 16 രാജ്യങ്ങൾ മാത്രമുണ്ടായിരുന്ന നാറ്റോയിൽ ഇന്ന് 30 അംഗങ്ങളുണ്ട്. 2020ൽ അംഗത്വം നേടിയ മാസഡോണിയയാണ് നവാഗതൻ.
ഒറ്റനോട്ടത്തിൽ പറഞ്ഞാൽ
⚡ യുക്രെയിന് നാറ്റോയ്‌ക്കൊപ്പം ചേരാനാണ് താത്പര്യം. എന്നാൽ പുടിന് യുക്രെയിൻ എന്നും സോവിയറ്റ് രാജ്യമായി തന്നെ നിലനിൽക്കണം എന്നാണ് ആഗ്രഹം. ഇതാണ് ഈ സംഘർഷത്തിന് പിന്നിലെ ചെറിയൊരു സ്റ്റോറി.നാറ്റോ എന്ന് പറഞ്ഞാൽ നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ. ഇത് ഒരു മിലിട്ടറി അലൈൻസ് ആണ്.
⚡മറ്റൊന്ന് ആഭ്യന്തര രാഷ്ട്രീയമാണ്. പുടിന് എന്നും റഷ്യയെ ഒരു സൂപ്പർ പവറായി നിലനിർത്താൻ ആണ് താത്പര്യം. യുക്രെയിന് എതിരായ പുടിന്റെ നീക്കത്തെ പത്തിൽ ഒൻപതു പേരും അനുകൂലിക്കുന്നതും പ്രസിഡന്റ് പുടിന് ആത്മ വിശ്വാസം പകരുന്ന ഒന്നാണ്.