Religion

മലങ്കര അസോസിയേഷന്‍ നാളെ

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പളളി പ്രതിപുരുഷ യോഗമായ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ നാളെ 1 മണിക്ക് കോലഞ്ചേരിയില്‍ സമ്മേളിക്കും.

കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് പളളി അങ്കണത്തിലെ ബസേലിയോസ് പൗലോസ് പ്രഥമന്‍ നഗറിലായിരിക്കും സമ്മേളനം. ബസേലയിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ അദ്ധ്യക്ഷത വഹിക്കും.

7 മെത്രാപ്പോലീത്താമാരെ തെരഞ്ഞെടുക്കുന്നതിനാണ് യോഗം ചേരുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 4000 ത്തോളം പ്രതിനിധികള്‍ ഓണ്‍ലൈന്‍ വഴി തെരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്തും.

ഇന്ന് കാതോലിക്കാ ബാവാ സമ്മേളന നഗറില്‍ കാതോലിക്കേറ്റ് പതാക ഉയര്‍ത്തി. സഭാ മാനേജിംഗ് കമ്മറ്റി സമ്മേളന നഗറില്‍ വച്ച് കൂടി യോഗത്തിന്റെ ക്രമീകരണങ്ങള്‍ വിലയിരുത്തി. വൈകുന്നേരം 5 മണി മുതല്‍ അംങ്ങളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.

നാളെ ഉച്ചയ്ക്ക് 12 മണിയോടുകൂടി രജിസ്‌ട്രേഷന്‍ സമാപിക്കും. തുടര്‍ന്ന് കോലഞ്ചേരി പളളിയില്‍ പ്രാര്‍ത്ഥനായ്ക്ക് ശേഷം മലങ്കര മെത്രാപ്പോലീത്തായെ സമ്മേളന നഗറിലേക്ക് സ്വീകരിച്ച് ആനയിക്കും. മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍, സഭാ സ്ഥാനികള്‍, മെത്രാപ്പോലീത്താമാര്‍ എന്നിവര്‍ ഇതില്‍ പങ്കുചേരും.

1 മണിക്ക് സമ്മേളനം ആരംഭിക്കും. അദ്ധ്യക്ഷ പ്രസംഗത്തിന് ശേഷം അജണ്ടയിലെ മുഖ്യ വിഷയമായ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. തുടര്‍ന്ന് സ്ഥാനാര്‍ത്ഥികളെ പരിചയപ്പെടുത്തും.

2ന് വോട്ടിങ്ങ് ആരംഭിക്കും. മൂന്ന് മണിക്കൂറാണ് വോട്ടിങ്ങ് സമയം. തുടര്‍ന്ന് ഫലപ്രഖ്യാപനം. കോവിഡ് പശ്ചാത്തലത്തില്‍ സമ്മേളന നഗറില്‍ മെത്രാപ്പോലീത്താമാരും, മാനേജിംഗ് കമ്മറ്റി അംഗങ്ങളും മാത്രം സംബദന്ധിക്കും. ബാക്കിയുളള അംഗങ്ങള്‍ ഓണ്‍ലൈനില്‍ പങ്കെടുക്കും.

1875ല്‍ മുളന്തുരുത്തി സുന്നഹദോസില്‍ ആരംഭിച്ച ഈ മഹാ സമ്മേളനം ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടത്തപ്പെടുന്നു എന്നതാണ് ഇത്തവണത്തെ പ്രത്യേകത.

ഭദ്രാസനാടിസ്ഥാത്തില്‍ ഓണ്‍ലൈന്‍ വോട്ടിങ്ങിന് വേണ്ട സഹായം നല്‍കുന്നതിന് ഹെല്‍പ്പ് ഡസ്‌ക്ക് പ്രവര്‍ത്തിക്കുന്നുണ്ട്. വിപുലമായ ക്രമീകരണങ്ങളാണ് അസോസിയേഷന്റെ ഭംഗിയായി നടത്തിപ്പിന് വേണ്ടി ചെയ്യുന്നതെന്ന് വൈദിക ട്രസ്റ്റി ഫാ. ഡോ. എം.ഒ ജോണ്‍, അസോസിയേന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍, സഭാ വക്താവ് ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട് എന്നിവര്‍ അറിയിച്ചു.

Back to top button
error: