KeralaNEWS

ഇണപിരിയാത്ത ചങ്ങാതിമാർ മരണത്തിനു കൂട്ടു പോയതും ഒന്നിച്ച്, മോനിപ്പളളി അപകടത്തില്‍ ജീവന്‍ പൊലിഞ്ഞ മനോജിൻ്റെയും ശ്രീജിത്തിൻ്റെയും ഓർമയിൽ കണ്ണീരടങ്ങാതെ പറന്തൽ ഗ്രാമം

പന്തളം: പറന്തൽ ഗ്രാമത്തിന് കണ്ണീരടങ്ങുന്നില്ല. ഒന്നിച്ചു പഠിച്ച് വളര്‍ന്ന് ഇണപിരിയാത്ത ചങ്ങാതിമാരായി, ഒരേ മനസ്സോടെ ജീവിച്ച മനോജും ശ്രീജിത്തും മരണത്തിന് കൂട്ടു പോയതും ഒന്നിച്ച് തന്നെ.

കൂട്ടുകാരൻ മനുവിനെ അബുദാബിയിലേക്കു യാത്ര അയക്കാൻ നെടുമ്പാശേരി എയര്‍ പോര്‍ട്ടിലേക്ക് പോയതും ഇരുവരും ഒന്നിച്ചു തന്നെ. പക്ഷേ അതവരുടെ അന്ത്യയാത്രയാണെന്ന് ആരറിഞ്ഞു.

കുറവിലങ്ങാട് മോനിപ്പള്ളിയില്‍ രാവിലെ കാറും ടോറസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പന്തളം പന്തൽ സ്വദേശികളായ ശ്രീജിത്തും, മനോജും ദാരുണമായി മരണപ്പെട്ടു. 33 വയസായിരുന്നു ഇരുവരുടെയും പ്രായം.

സുഹൃത്തിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാക്കി മടങ്ങിയവരാണ് അപകടം സംഭവിച്ചത്.

കാര്യങ്ങളൊന്നുമറിയാതെയാണ് അനിത രാവിലെ ഭര്‍ത്താവിനെ വിളിച്ചത്. എവിടെയായി, എപ്പോള്‍ വീട്ടിലെത്തുമെന്ന് അറിയാനായിരുന്നു അനിത മനോജിന്റെ ഫോണിലേക്ക് വിളിച്ചത്. മറുതലയ്ക്കല്‍ ഫോൺ അറ്റന്‍ഡ് ചെയ്തത് കുറവിലങ്ങാട് സ്‌റ്റേഷനിലെ ഒരു പൊലീസുകാരനാണ്. മനോജും സുഹൃത്ത് ശ്രീജിത്തും മോനിപ്പള്ളിയിലുണ്ടായ അപകടത്തില്‍ മരിച്ചുവെന്ന യാഥാർത്ഥ്യം അനിതയോട് പറയാന്‍ ആ പൊലീസുകാരന് കഴിഞ്ഞില്ല. അതിനാല്‍ അദ്ദേഹം പറഞ്ഞത്, പുരുഷന്മാര്‍ ആരെയെങ്കിലും ഒന്ന് വിളിക്കാനായിരുന്നു. പന്തികേടു തോന്നിയ അനിത സഹോദരനോടതു പറഞ്ഞു. അയാൾവിളിപ്പോഴാണ് നടുക്കുന്ന ആ സത്യം അറിഞ്ഞത്. മനോജും ശ്രീജിത്തും സഞ്ചരിച്ചിരുന്ന കാര്‍ ടോറസുമായി കൂട്ടിയിടിച്ചു. രണ്ടു പേരും അപകടത്തില്‍ തല്‍ക്ഷണം മരിച്ചു.

ചെറുപ്പം മുതല്‍ ഒന്നിച്ച് കളിച്ച് വളര്‍ന്നവരായിരുന്നു ചെറുലയംകൊട്ടിലു വിളയില്‍ ഗോപാലകൃഷ്ണപിള്ളയുടെയും ഉഷാകുമാരിയുടെയും മകന്‍ ശ്രീജിത്തും (33), പൊങ്ങലടി കലതിവിളയില്‍ മനോജ് ഭവനം മനോജും(33). മറ്റൊരു അടുത്ത കൂട്ടുകാരനായ വല്ലാറ്റാര്‍ മനു ലാന്‍ഡില്‍ മനുവിനെ അബുദാബിക്ക് പോകുന്നതിന് നെടുമ്പാശേരി എയർപോർട്ടില്‍ കൊണ്ടാക്കി തിരികെ വരുമ്പോഴായിരുന്നു അപകടം.

നാടിനും നാട്ടുകാര്‍ക്കും ഏറെ പ്രിയപ്പെട്ട രണ്ട് യുവാക്കളെയാണ് പുലര്‍ച്ചെ പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ ചെറുലയത്തും പറന്തലിലുമായി നഷ്ടമായത്. ആ സുഹൃത്തുക്കളുടെ വേര്‍പാടില്‍ വിതുമ്പുകയാണ് ഗ്രാമ നിവാസികള്‍. ശ്രീജിത്തും മനോജും ഒരുമിച്ച്, പഠിച്ചും കളിച്ചും വളര്‍ന്നവരാണ്. രണ്ട് പേര്‍ക്കും ഡ്രൈവിങ് വശമുണ്ട്. ശ്രീജിത്ത് അബൂദാബിയില്‍ നിന്നും രണ്ട് മാസം മുമ്പാണ് നാട്ടില്‍ എത്തിയത്. ശ്രീജ സഹോദരിയാണ്.
മനോജിന് വെല്‍ഡിങ് ജോലിയാണ്.
പരേതനായ ഭാസ്‌കരന്റെയും ഭാരതിയുടെയും മകനാണ് മനോജ്.
ഭാര്യ: അനിത, മക്കള്‍: മനിഷ, അനിഷ. ഗോപാലകൃഷ്ണപിള്ളയുടെയും ഉഷാകുമാരിയുടെയും മകനാണ് ശ്രീജിത്ത്. ഭാര്യ വിനീത. മകന്‍: അഥര്‍വ് കൃഷ്ണ.

Back to top button
error: