KeralaNEWS

വിദ്യാര്‍ത്ഥിനികള്‍ക്ക് സുരക്ഷയുമായി എസ്.ഐ.മഫ്തിയിലിറങ്ങി, പൂവാലൻമാർ ഓടിയൊളിച്ചു

എസ്.ഐ. മഫ്തിയില്‍ കുട്ടികള്‍ക്കൊപ്പം നടന്നത് രണ്ടര കിലോമീറ്ററോളം;പൂവലാന്‍മാര്‍ക്കെതിരെ അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്
 
 
പാല:രാമപുരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ റോഡിലൂടെ നടന്നുപോകുമ്പോള്‍ ബൈക്കിലും മറ്റും എത്തുന്ന പൂവാലന്‍മാര്‍ ഇവരെ ശല്യപ്പെടുത്തുന്നതായി വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു.കഴിഞ്ഞ രണ്ടാഴ്ചക്കിടെ വഴിയില്‍ വിദ്യാര്‍ത്ഥിനികളെ അശ്ലീലം കാണിച്ച സംഭവങ്ങളുമുണ്ടായി.ഇക്കാര്യം സ്‌കൂള്‍ അധികൃതര്‍ രാമപുരം പോലീസിനെ അറിയിക്കുകയായിരുന്നു.തുടർന്ന് രാമപുരം എസ്.ഐ. പി.എസ്. അരുണ്‍കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് പ്രാഥമിക അന്വേഷണം നടത്തിയപ്പോൾ സംഭവം ശരിയാണെന്ന് കണ്ടെത്തുകയായിരുന്നു.
 തുടർന്ന് പെണ്‍കുട്ടികള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും തിരിച്ചും നടന്നുപോകുന്ന സന്ദര്‍ഭത്തിലാണ് പൂവാലശല്യം ഏറിയിരിക്കുന്നതെന്ന് വ്യക്തമായ എസ്.ഐ. അരുൺകുമാർ പോലീസ് യൂണിഫോം അഴിച്ചുവെച്ച് മഫ്തിയില്‍ കുട്ടികള്‍ക്കൊപ്പം അവരറിയാതെ നടക്കാന്‍ തുടങ്ങി.കഴിഞ്ഞ മൂന്ന് ദിവസവും രാവിലെയും വൈകിട്ടും രണ്ടര കിലോമീറ്ററോളം ദൂരം എസ്.ഐ. കുട്ടികള്‍ക്കൊപ്പം റോഡിലൂടെ നടന്നു. എസ്.ഐ.യാണ് നടക്കുന്നതെന്ന് വഴിയാത്രക്കാര്‍ക്ക് പോലും മനസ്സിലായതുമില്ല.
രണ്ട് ദിവസം പരാതിക്കാരിയായ പെണ്‍കുട്ടിയുടെ വീടിന്റെ പടിക്കല്‍വരെ ആ കുട്ടി അറിയാതെ തന്നെ സംരക്ഷണവുമായി കാല്‍നടയായി എസ്.ഐ. ഒപ്പമുണ്ടായിരുന്നു.തുടര്‍ന്ന് ചില ബൈക്ക് നമ്പറുകളും മറ്റും ലഭിച്ചു. സി.സി.ടി.വി ദൃശ്യങ്ങള്‍ക്കൂടി പരിശോധിച്ച് കുറ്റവാളികളെ പിടികൂടി പോക്‌സോ കേസില്‍ ഉള്‍പ്പെടുത്താനാണ് പോലീസിന്റെ നീക്കം.
എന്തായാലും പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചെന്ന് അറിഞ്ഞതിനാലാവണം വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പം എസ്.ഐ. നടന്ന നാലുദിവസവും പൂവാലന്‍മാരൊട്ട് എത്തിയതുമില്ല.

Back to top button
error: