ന്യൂഡല്‍ഹി: സംഘടിത മേഖലയില്‍ 15,000 രൂപക്കു മുകളില്‍ മാസശമ്പളം വാങ്ങുന്ന തൊഴിലാളികള്‍ക്കായി പുതിയ പെന്‍ഷന്‍ പദ്ധതി കൊണ്ടുവരാന്‍ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) നീക്കം. കൂടുതല്‍ നിക്ഷേപമുള്ള ജീവനക്കാര്‍ക്ക് അതിന് ആനുപാതികമായി പെന്‍ഷന്‍ നല്‍കാനാണ് ഒരുങ്ങുന്നത്. ഇത് ഉയര്‍ന്ന ശമ്പളക്കാര്‍ക്ക് ഉയര്‍ന്ന പെന്‍ഷന്‍ എന്ന ആവശ്യം അട്ടിമറിക്കാനാണെന്ന ആശങ്കയിലാണ് ജീവനക്കാര്‍.
ഉയര്‍ന്ന ശമ്പളക്കാര്‍ക്ക് ഉയര്‍ന്ന പെന്‍ഷന്‍ നല്‍കണമെന്ന് നേരത്തെ കേരള ഹൈകോടതി വിധിച്ചിരുന്നു. ഇതിനെതിരെ ഇപിഎഫ്ഒയും കേന്ദ്ര സര്‍ക്കാറും നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതിയില്‍ നിലനില്‍ക്കേയാണ് പുതിയ നീക്കം. പെന്‍ഷന്‍ തുക ഉയര്‍ത്താന്‍ പദ്ധതിയുണ്ടാക്കിയെന്ന് കാണിച്ച് സുപ്രീംകോടതിയില്‍ കേസ് ദുര്‍ബലപ്പെടുത്താനാണ് ഇതെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു. ശമ്പളവും സേവനകാലയളവും പരിഗണിക്കാതെ നിക്ഷേപം മാത്രം പരിഗണിക്കുന്നത് പിഎഫ് പെന്‍ഷന്റെ പ്രസക്തി തന്നെ നഷ്ടമാകാന്‍ കാരണമാകുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
ഇപിഎഫ്ഒ അംഗങ്ങളില്‍ ഉയര്‍ന്ന വിഹിതം അടക്കുന്നവര്‍ക്ക് ഉയര്‍ന്ന പെന്‍ഷന്‍ പദ്ധതി വേണമെന്ന ആവശ്യം നിലവിലുണ്ട്. അതിനാല്‍, മാസശമ്പളം 15,000 നു മുകളിലുള്ളവര്‍ക്കായി പുതിയ പെഷന്‍ഷന്‍ പദ്ധതി സജീവ പരിഗണനയിലാണെന്ന് ഇപിഎഫ്ഒ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. 1995ലെ എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീമിനു (ഇപിഎസ് 95) കീഴിലുള്ളവരായിരിക്കണം എന്ന വ്യവസ്ഥ നിര്‍ബന്ധമാക്കാതെയാകും പദ്ധതിയെന്നും ഔദ്യോഗിക കേന്ദ്രങ്ങള്‍ സൂചന നല്‍കുന്നു.
സംഘടിത മേഖലയില്‍, സേവനത്തിന്റെ ആരംഭത്തില്‍ അടിസ്ഥാന ശമ്പളം (ബേസിക് പേയും ഡിഎയും ചേര്‍ത്തുള്ളത്) 15,000 രൂപ വരെയുള്ളവരെ ഇപിഎസ് 95 പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടത് നിര്‍ബന്ധമാണ്. മാര്‍ച്ച് 11ന് ഗുവാഹതിയില്‍ ചേരുന്ന, ഇപിഎഫ്ഒയുടെ ഉന്നതാധികാര സമിതിയായ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്റെ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. ഇതുസംബന്ധിച്ച് രൂപവത്കരിച്ച ഉപസമിതി യോഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇപിഎഫ്ഒ അംഗങ്ങളില്‍ 15,000ത്തിനു മുകളില്‍ ശമ്പളം വാങ്ങുന്നവര്‍ നിലവില്‍ കുറഞ്ഞ വിഹിതം അടക്കാന്‍ നിര്‍ബന്ധിതരാകുന്ന അവസ്ഥയാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.